മോഷണത്തിനു ശേഷം ‘മീന്‍ പൊരിച്ചത് കൂട്ടി ഒരു പിടി’ നിര്‍ബന്ധമാ ! അലമാരയ്‌ക്കൊപ്പം അടുക്കളയും കാലിയാക്കുന്ന കള്ളന്മാരെ പിടികൂടാനുറച്ച് പോലീസ്…

മോഷ്ടിച്ച ശേഷം അടുക്കളയില്‍ കയറി മീന്‍ വറുത്തതും ചോറും അകത്താക്കിയ കള്ളനെ പിടികൂടാന്‍ വലവിരിച്ച് പോലീസ്.

ചെമ്മണ്ണാര്‍ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടില്‍ കയറിയ കള്ളനാണ് വീട്ടമ്മയുടെ രണ്ടു പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ അടുക്കളയില്‍ കടന്ന് മീന്‍ വറത്തതും ചോറും അകത്താക്കി സ്ഥലം വിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

സംഭവത്തെക്കുറിച്ച് ഉടുമ്പന്‍ചോല പോലീസ് പറയുന്നത് ഇങ്ങനെയാണ്…മകനൊപ്പമാണ് ജസീന്ത താമസിക്കുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ഞായാറാഴ്ച മേഖലയില്‍ മഴ ശക്തമായിരുന്നു.

ജസീന്ത നേരെത്ത കിടന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന മകന്‍ സുഹൃത്തിന്റെ വിവാഹത്തിന് പോയി. വീടിന്റെ അടുക്കള വാതിലിന് തകരാറുണ്ടായിരുന്നു.

വീടിന് കാര്യമായ അടച്ചുറപ്പുമില്ല. അടുക്കള വാതിലിലൂടെയാണ് കള്ളന്‍ അകത്ത് കടന്നത്. വീട്ടിനുള്ളില്‍ കയറി പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു.

ശേഷം അടുക്കളയില്‍ കയറി ചോറും മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജഗ്ഗിനുള്ളിലെ ചൂട് വെള്ളവും കുടിച്ചു.ജസീന്തയുടെ പരാതിയെ തുടര്‍ന്ന് സി.ഐ. ഫിലിപ് സാം, എസ്.ഐ രാജേന്ദ്രകുറുപ്പ്, എ.എസ്.ഐമാരായ മുഹമ്മദ് കബീര്‍, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.

വിരലടയാള വിദഗ്ധരെ എത്തിച്ച് സ്ഥലത്ത് പരിശോധന നടത്തി. ജഗ്ഗില്‍ നിന്നും ലഭിച്ച ഏക വിരലടയാളം മാത്രമാണ് പോലീസിന്റെ പിടിവള്ളി. ഒരു മണിക്കൂര്‍ കള്ളന്‍ അകത്ത് ചെലവഴിച്ചെന്നാണ് സൂചന.

സമീപത്തെ തമിഴ്നാട് സ്വദേശികളുടെ വീട്ടിലും കയറിയ കള്ളന്‍ 2500 രൂപയാണ് അവിടെ നിന്ന് കവര്‍ന്നത്. ഇവിടുത്തെ അടുക്കളയിലിരുന്ന മീന്‍ വറുത്തതും അകത്താക്കിയ ശേഷമാണ് സ്ഥലം വിട്ടത്.

എന്നാല്‍ തമിഴ്നാട് സ്വദേശികള്‍ പരാതി നല്‍കിയിട്ടില്ല. രണ്ട് സംഭവങ്ങളിലും ഉടുമ്പന്‍ചോല പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിന് ശേഷം തീറ്റ ഹരമാക്കിയ കള്ളന്‍മാരുടെ വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.

Related posts

Leave a Comment