പ്രളയത്തിന്‍റെ കുത്തൊഴുക്കിൽ തകർന്ന് സിനിമ മേഖല; തിയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടി

കൊച്ചി: കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തിന്‍റെ കുത്തൊഴുക്കിൽ തകർന്ന് മലയാള സിനിമ മേഖലയും. കനത്ത മഴയും പ്രളയവും സിനിമാ മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്നാണ് ഫിലിം ചേംബറിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ചേബര്‍ ജനറല്‍ സെക്രട്ടറി വി.ജി.ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.

പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി തിയേറ്ററുകള്‍ക്കാണ് കേടുപാട് സംഭവിച്ചതെന്നും ഇതില്‍ മിക്കതും സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത തരത്തില്‍ നാശം നേരിട്ടിരിക്കുകയാണെന്നും പറഞ്ഞ ജോർജ് നാല് തീയേറ്ററുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും അറിയിച്ചു.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ യോഗം, നിലവിലെ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ചിത്രങ്ങളുടെ ഓണം റിലീസ് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. പ്രളയക്കെടുതിയും, തിയേറ്ററുകളുടെ ശോച്യാവസ്ഥയും പരിഗണിച്ചാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related posts