‘സൗന്ദര്യം മാത്രമല്ല ബുദ്ധിയുമുണ്ടേ’ ! മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം…

സൗന്ദര്യമത്സരം എന്നു കേള്‍ക്കുമ്പോള്‍ ചിലരുടെ ധാരണ ശരീര സൗന്ദര്യത്തിന്റെ പ്രദര്‍ശനമെന്നാണ്. എന്നാല്‍ നല്ല ബുദ്ധിയുമുണ്ടെങ്കില്‍ മാത്രമേ സൗന്ദര്യ മത്സരത്തില്‍ വിജയിക്കാനാവൂ എന്നതാണ് യാഥാര്‍ഥ്യം.

ഇത്തരത്തില്‍ സൗന്ദര്യവും ബുദ്ധിയും തനിക്കുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ ഷിയോറണ്‍ എന്ന പെണ്‍കുട്ടി. 2016 മിസ് ഇന്ത്യാ മത്സരത്തില്‍ മിസ് ഇന്ത്യാ ഫൈനലിസ്റ്റായിരുന്നു ഐശ്വര്യ. കഴിഞ്ഞ ദിവസം പുറത്ത് വന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ 93-ാം റാങ്കും നേടിയിരിക്കുകയാണ് ഐശ്വര്യ.

ആദ്യ ശ്രമത്തില്‍ തന്നെയാണ് ഐശ്വര്യ സിവില്‍ സര്‍വീസ് പാസായത്. സോഷ്യല്‍ മീഡിയയും ഫോണിലുമൊന്നും സമയം ചിലവഴിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

ഫാഷന്‍ മേഖലയില്‍ തിളങ്ങുമ്പോഴും ചെറുപ്പകാലം മുതല്‍ ഐശ്വര്യയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. ‘ ബ്യൂട്ടി വിത്ത് ബ്രെയിന്‍ ‘ എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഐശ്വര്യയെ എല്ലാവരും അഭിനന്ദിക്കുന്നത്.

നടി ഐശ്വര്യാറായോടുള്ള ആരാധന കൊണ്ട് അമ്മയാണ് ഐശ്വര്യ എന്ന പേര് നല്‍കിയത്. 2016-ല്‍ ക്യാമ്പസ് പ്രിന്‍സസ് ഡല്‍ഹി, 2015 ഫ്രഷ് ഫേസ് ഡല്‍ഹി തുടങ്ങിയ കിരീടങ്ങളും ഐശ്വര്യ സ്വന്തമാക്കിയിരുന്നു.

ഡല്‍ഹിയിലെ റാം കോളേജ് ഒഫ് കൊമേഴ്സില്‍ നിന്നും ഇക്കണോമിക്സ് ബിരുദം സ്വന്തമാക്കിയ ഐശ്വര്യ സിവില്‍ സര്‍വീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2018-ല്‍ ഇന്‍ഡോര്‍ ഐ.ഐ.എമ്മില്‍ ലഭിച്ച അഡ്മിഷന്‍ വേണ്ടെന്ന് വച്ചിരുന്നു.

Related posts

Leave a Comment