വിദ്യാര്‍ഥിനി കരഞ്ഞു കൊണ്ട് ക്ലാസിലെത്തിയപ്പോള്‍ സഹപാഠികള്‍ കാരണം തിരക്കി ! കണ്ടക്ടറുടെ പ്രവൃത്തിയെപ്പറ്റി പെണ്‍കുട്ടി തുറന്നു പറഞ്ഞതോടെ കളംമാറി; പിന്നെ പഴഞ്ഞിയില്‍ അരങ്ങേറിയത് സിനിമസ്റ്റൈല്‍ സംഭവങ്ങള്‍

പഴഞ്ഞി: ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത് എന്നു പറയാറുണ്ട്. സ്വന്തം സുഹൃത്തിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ അവര്‍ക്ക് കണ്ടു നില്‍ക്കാനാവില്ല…മുന്നും പിന്നും നോക്കാതെ അങ്ങു പ്രതികരിച്ചു കളയും.

അത് തന്നെയാണ് കഴിഞ്ഞ ദിവസം എംഡി കോളേജിനു മുന്‍പിലും സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ട് അവസാന വര്‍ഷ വിദ്യാര്‍ഥിനി കരഞ്ഞ് കൊണ്ട് കോളജിലെത്തുകയായിരുന്നു.

ഇതോടെ മറ്റു വിദ്യാര്‍ഥികള്‍ 11 മണിക്ക് ബസ് കോളജിന് സമീപം തടഞ്ഞു. പിന്നീട് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമായി.

സംഭവമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തി. ബസ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് തിരിക്കുകയും ജീവനക്കാര്‍ ലിവറുമായി എത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച് പഴഞ്ഞി റൂട്ടില്‍ ബസ് മിന്നല്‍ പണിമുടക്കും തുടങ്ങി. റോഡിന് കുറുകെ ബസ് നിര്‍ത്തി ജീവനക്കാര്‍ പോയതോടെ റോഡില്‍ ഗതാഗതം മുടങ്ങി. പോലീസ് ഉടമയെ വിളിച്ച് വരുത്തിയാണ് ബസ് റോഡില്‍നിന്ന് നീക്കിയത്.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ക്കെതിരേയും ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന് 25 വിദ്യാര്‍ഥികള്‍ക്കെതിരെയും കുന്നംകുളം പോലീസ് കേസെടുത്തു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ വീണ്ടും അടിപിടിയുണ്ടായി.

ബസ് ജീവനക്കാരായ തിരുവത്ര കളത്തില്‍ മഹേഷ് (24), ആദൂര്‍ കല്ലൂര്‍പറമ്പില്‍ രബിലേഷ് (27) എന്നിവരെയും വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി അഭിജിത്ത്, ചിറളയം സ്വദേശി റോഷന്‍ എന്നിവരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നംകുളം സിഐ കെ. ജി സുരേഷ്, എസ്ഐ യു.കെ.ഷാജഹാന്‍ എന്നിവരുമായി ബസ് ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്നീട് പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കുകയും ചെയ്തു.

Related posts