വാഴ നട്ടാല്‍ മതി! പീഡിപ്പിക്കണമെന്നു തോന്നുമ്പോള്‍ പറമ്പിലേക്കിറങ്ങി കപ്പയും വാഴയും നട്ടാല്‍ മതിയെന്ന് മന്ത്രി ജി. സുധാകരന്‍; പീഡനം കുറയ്ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്…

g-sudhu600ആലപ്പുഴ: സംസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതിനു കാരണമായി മന്ത്രി ജി. സുധാകരന്‍ കണ്ടെത്തിയ കാര്യങ്ങള്‍ കൊണ്ടുപിടിച്ച ചര്‍ച്ചയാകുന്നു. പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹത്തിലെ എല്ലാവരും കൃഷിപ്പണിയില്‍ ഏര്‍പ്പെടണമെന്നും വഴിനീളെ ഫോണില്‍ സംസാരിച്ചുകൊണ്ടുനടക്കുന്ന ശീലം സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നുമെല്ലാം ഉപദേശിച്ചുകൊണ്ടും ആയിരുന്നു മന്ത്രിയുടെ പ്രസംഗം. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ‘പുതിയ കണ്ടെത്തലുകള്‍’ പുറത്തുവന്നത്.

പീഡനങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലവഴി കൃഷിപ്പണിയാണെന്നാണ് മന്ത്രിയുടെ പക്ഷം. കൃഷിയില്‍ വ്യാപൃതനായിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് പീഡിപ്പിക്കാന്‍ എവിടെ സമയം എന്നാണ് മന്ത്രിയുടെ ചോദ്യം.സമൂഹത്തിന് ആത്മനിയന്ത്രണമാണ് ആവശ്യം. ഇത് സര്‍ക്കാരിനോ പൊലീസിനോ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച് പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണം. അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രശ്‌നങ്ങള്‍ പഠിക്കണം. ഗവേഷണം എന്നൊക്കെ പറയുന്നത് ഇതിനെയാണെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ സ്ത്രീകള്‍ ഉപേക്ഷിക്കേണ്ടത് പലതുമുണ്ടെന്നും. നിയമസഭയില്‍ അടിയന്തിര പ്രമേയം നേരിടാന്‍ വയ്യാത്തതു കൊണ്ട് താനൊന്നും തുറന്നു പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. വഴിയരികിലൂടെ ചെവില്‍ ഫോണും പിടിച്ച് നടന്നു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇവര്‍ക്ക് യാതൊരു ബോധവുമില്ല. അടുത്തുകൂടി പോകുന്നവര്‍ കൂട്ടിയിടിച്ചാലും ഇവര്‍ അറിയുന്നില്ല. ഫോണില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഈ അവസരം മുതലെടുത്താണ് സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനം. സമൂഹം കൂടുതല്‍ പക്വത കൈവരിക്കേണ്ടതുണ്ട്. എല്ലാം സൂപ്പര്‍ലേറ്റിവായി കാണുകയാണ് അവര്‍. സംസ്ഥാനത്ത് സാമൂഹ്യജീവിതം തകര്‍ക്കുന്ന യാതൊരു പ്രശ്‌നങ്ങളൊന്നുമില്ലെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

എല്ലാത്തിനെയും പ്രശ്‌നങ്ങളായി കാണാനാണ് മാധ്യമപ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്നതെന്ന് സുധാകരന്‍ പറയുന്നു. ഇടുക്കിയിലെ വനമേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമെന്ന് കണ്ടെത്തിയ ഒരു പ്രമുഖ ചാനലിന്റെ ലേഖകന്‍ അവിടെ എത്തി എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത ഒരു അമ്മൂമ്മയുടെ അരികില്‍നിന്ന് കുടിവെള്ള ക്ഷാമത്തെ കുറിച്ച് ഘോരഘോരം തട്ടിവിടുന്നത് കണ്ടു.എന്നാല്‍ ദാഹജലം ലഭിക്കാതെ നട്ടംതിരിയുന്ന ആ അമ്മയ്ക്ക് ഒരു കുപ്പി വെള്ളം നല്‍കാന്‍ ആ റിപ്പോര്‍ട്ടര്‍ മെനക്കെട്ടില്ല. ഇയാള്‍ വെള്ളം സുലഭമായി ലഭിക്കുന്ന പട്ടണത്തില്‍നിന്നും പോയതല്ലേ? അല്പം വെള്ളം കൊടുത്തശേഷം അയാള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു. എങ്കില്‍ ആ വാര്‍ത്തയ്ക്ക് കൂടുതല്‍ കരുണയും മൈലേജും ലഭിച്ചേനെ.പക്ഷെ അയാളുടെ മനസില്‍ കേരളത്തിലെ ഭീകരപ്രശ്‌നങ്ങളെ ജനങ്ങളുടെ മുന്നില്‍ വരച്ചു കാട്ടാനുള്ള ത്വരയായിരുന്നു. ഇതേ മാനസികാവസ്ഥയില്‍ തന്നെയാണ് എല്ലാ കാര്യങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടുന്നത്. ഇടുക്കിയിലെ വനമേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സംഭവം വിവരിക്കാന്‍ നടത്തിയ വാര്‍ത്തയാണ് മന്ത്രിയെ ഇങ്ങനെ ചിന്തിപ്പിച്ചത്.

സമൂഹത്തില്‍ കുട്ടികളും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വളരെ ശുഷ്‌ക്കാന്തിയാണ്. എന്നാല്‍ അവരാരും ഇതിന്റെ കാരണങ്ങള്‍ തിരയാന്‍ മിനക്കെടാറില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത്തരം പ്രതികരണങ്ങള്‍ വന്നതോടെ സുധാകരന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരിക്കുകയാണ്.

Related posts