കോട്ടയം: കോട്ടയം മെഡിക്കല് കോളജില് ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിനിടയാക്കി ഇടിഞ്ഞുവീണ ശുചിമുറിക്കെട്ടിടത്തിന് 2013ൽ പൊതുമരാമത്ത് വകുപ്പ് അണ്ഫിറ്റ് സര്ട്ടിഫിക്കറ്റ് നല്കിയിരുന്നു എന്ന് കണ്ടെത്തി.
ഈ റിപ്പോര്ട്ട് കുറേ നാള് സര്ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും പൂഴ്ത്തിവയ്ക്കുകയും പിന്നീട് ബാഹ്യസമ്മര്ദങ്ങള്ക്കു വഴങ്ങാതെ പുറത്തുവിടുകയുമായിരുന്നു.
എന്നാല്, മന്ത്രിതല അന്വേഷണം വന്നപ്പോള് സര്ജറിക്ക് മറ്റ് ഇടമില്ലെന്ന വാദത്തില് കെട്ടിടം പൊളിച്ചുമാറ്റേണ്ട എന്ന തീരുമാനം കൈക്കൊണ്ടു. 11, 14, 10 വാര്ഡുകളടങ്ങിയ ഇന്നത്തെ വിവാദ കെട്ടിടം തന്നെയാണ് അന്നും പ്രധാന ചര്ച്ചാവിഷയമായത്.
പിന്നീട് വിവിധ വകുപ്പുകള് മാറി വന്നു. എങ്കിലും ജീവന് ഭീഷണിയായി തകര്ച്ചയുടെ വക്കില് നില്ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാന് അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങള്ക്ക് ആയില്ല. 1962ല് നിർമിച്ച മെഡിക്കല് കോളജിലെ ഈ കെട്ടിടം 60 വര്ഷങ്ങള് പിന്നിട്ടതാണ്.
അതേസമയം, ആശുപത്രി വികസന സമിതി യോഗം അവസാനം ചേര്ന്നത് 2023 ലാണെന്ന് സമിതി അംഗം ജോബിന് ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
കോട്ടയം മെഡിക്കല് കോളജില് ഉദ്യോഗസ്ഥ യോഗങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. വികസനസമിതിയെ നോക്കുകുത്തിയാക്കി നിര്ത്തികൊണ്ടാണ് ഇവിടെ കാര്യങ്ങള് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.