കറികളിലും മരുന്നുകളിലും ഇവകളിൽ അല്ലാതെയും വെളുത്തുള്ളി തലമുറകളായി ഉപയോഗിച്ചുവരുന്നു. വെളുത്തുള്ളിയെക്കുറിച്ച് ആയുർവേദത്തിൽ നല്ല വിവരണങ്ങളുണ്ട്. തേളോ അതുപോലുള്ള മറ്റ് ജീവികളോ കീടങ്ങളോ കടിച്ചാൽ കടിച്ച സ്ഥലത്ത് വെളുത്തുള്ളിനീരു തേച്ചുപിടിപ്പിക്കുന്ന ശീലം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. വേദന കുറയുന്നതിനും വിഷം നിർവീര്യമാക്കുന്നതിനും വെളുത്തുള്ളിക്കു കഴിവുള്ളതായി നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു.
ജലദോഷം കുറയും
അർശസ്, ജലദോഷം, അപസ്മാരം എന്നീ രോഗങ്ങൾ അനുഭവിക്കുന്നവരിൽ വെളുത്തുള്ളി നല്ല ഫലം ചെയ്യും എന്നു ചില വിവരണങ്ങളിൽ പറയുന്നുണ്ട്.
പ്രമേഹ പ്രതിരോധം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുശേഖരം കുറയ്ക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. ശരീരത്തിൽ അമിതമായി ശേഖരിച്ചുവയ്ക്കുന്ന കൊഴുപ്പാണു പ്രമേഹം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമായി വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ അറിവുകളിൽ പറയുന്നത്. അതുപ്രകാരം പ്രമേഹം ഉണ്ടാകുന്നതു പ്രതിരോധിക്കാനും വെളുത്തുള്ളിക്കു കഴിയണം.
ഫംഗസിനെതിരേ
വെളുത്തുള്ളിയിൽ നിരവധി രാസയൗഗികങ്ങൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയ, ഫംഗസ് എന്നീ രോഗാണുക്കൾ, കുടലിലെ വിരകൾ, കൃമികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും വെളുത്തുള്ളിക്കു കഴിയും. വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുമ്പോൾ അതിന്റെ നീരിലുള്ള ഫൈറ്റോൺസൈഡ്സ് എന്ന ഔഷധവീര്യമുള്ള രാസഘടകം പുറത്ത് എത്തുകയും വായ്ക്കകത്തെ രോഗാണുക്കളുടെ വളർച്ച തടയുകയും ചെയ്യുന്നു. ഫംഗസ് വളർച്ചയും തടയും.
ഹൃദയസംരക്ഷണം
വയറിനകത്തും കുടലിലും ഉണ്ടാകുന്ന അണുബാധകൾ, സന്ധിവാത രോഗങ്ങൾ, വിശപ്പില്ലായ്മ, ദഹനക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കയിലെ കല്ല് എന്നീ പ്രശ്നങ്ങളിലെല്ലാം വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
നാട്ടറിവുകളിൽ…
വയറ്റുവേദനയും വയറുവീർപ്പും ഉണ്ടാകുമ്പോൾ വെളുത്തുള്ളിയും ഇന്തുപ്പും കൂടി ചവച്ചിറക്കിയാൽ ആശ്വാസം കിട്ടുമെന്നു നാട്ടറിവുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ച് അൽപം പാലിൽ ചേർത്തു കഴിക്കുന്നതു ഫലപ്രദം. കഫക്കെട്ടിനും ചുമയ്ക്കും വെളുത്തുള്ളി പരിഹാരമാണ്. കാൽ ടീസ്പൂൺ വെളുത്തുള്ളിനീര് രണ്ട് ടേബിൾ സ്പൂൺ പാലിൽ ചേർത്തു കഴിക്കാനാണു നിർദേശം.
ചെവിവേദന ഉണ്ടാകുമ്പോൾ രണ്ടുതുള്ളി വെളുത്തുള്ളിനീര് ചെവിയിൽ ഒഴിച്ചാൽ വേദന കുറയും. വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കുന്നതു ഡോക്ടറുടെ ഉപദേശം അനുസരിച്ചായിരിക്കണം.