ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടു, ഭാര്യയും കാമുകനും പിടിയില്‍! നാല് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയിച്ച് പോലീസ്

ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദില്‍ നാല് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയിച്ച് പോലീസ്.

സിക്രോഡ് സ്വദേശിയായ ചന്ദ്രവീറിനെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഭാര്യയും കാമുകനും പിടിയിലായി. 2018 സെപ്തംബര്‍ 28 ന് ആണ് ചന്ദ്രവീര്‍ കൊല്ലപ്പെടുന്നത്.

മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ തലയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് കാമുകന്റെ വീടിനുള്ളി കുഴിയെടുത്ത് മൃതദേഹം അടക്കം ചെയ്തു.

പോലീസ് കണ്ടെത്തിയ അസ്ഥികൂടം ചന്ദ്രവീറിന്റേതാണോയെന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചന്ദ്രവീറിന്റെ ഭാര്യ സവിത, കാമുകനായ അനില്‍ കുമാര്‍ എന്ന അരുണ്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

ഇയാളുമായി സവിതയ്ക്ക് വിവാഹത്തിന് മുമ്പ് ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നത് ചന്ദ്രവീര്‍ കണ്ടെത്തിയിരുന്നു.

ഇതിനെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ചന്ദ്രവീര്‍ ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിച്ചിരുന്നുവെന്നും സവിത പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവ ദിവസം മദ്യപിച്ച നിലയില്‍ വീട്ടില്‍ തിരിച്ചെത്തിയ ചന്ദ്രവീര്‍ ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് സവിത അരുണിനെ വീട്ടിലേക്ക് വിളിച്ചു.

പിന്നാലെ നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് അരുണ്‍ ചന്ദ്രവീറിനെ വെടിവെച്ചു. തലയ്ക്ക് വെടിയേറ്റ ചന്ദ്രവീര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

തുടര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം മറവ് ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി അരുണിന്റെ വീടിനുള്ളി ആറടി താഴ്ചയില്‍ കുഴിയെടുത്തു.

ഈ കുഴിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം അസ്ഥികൂടം പുറത്തെടുത്തതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട്  ദീക്ഷ ശര്‍മ്മ പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും കുഴിക്കാന്‍ ഉപയോഗിച്ച മഴുവും പോലീസ് കണ്ടെടുത്തു.

2018 സെപ്തംബര്‍ 28 ന് ചന്ദ്ര വീറിനെ കാണാതായതോടെ സിഹാനി ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇയാളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണത്തില്‍ ഒരു തുമ്പും കണ്ടെത്താന്‍ കഴിയാഞ്ഞതോടെ കേസ് അവസാനിപ്പിച്ചു.

എന്നാല്‍ അടുത്തിടെ ലഭിച്ച ചില പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം പുനരാരംഭിക്കുകയായിരുന്നു.

ഇതാണ് രണ്ട് പേരുടെ അറസ്റ്റിലേക്കും ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിയിക്കാനും കാരണമായത്.

Related posts

Leave a Comment