ഭ്രാന്തന്മാര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ! എനിക്ക് പറയാനുള്ളത് സാധാരണ ജനങ്ങളോടാണ്; തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തയോട് പ്രതികരിച്ച് നടി ഗായത്രി

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെ ആധിക്യം കാരണം യഥാര്‍ത്ഥ വാര്‍ത്തകളുടെ പോലും വിശ്വാസ്യത ഇന്ന് നഷ്ടപ്പെടുകയാണ്. ഇല്ലാത്ത സംഭവം ഉണ്ടാക്കുന്നതിലും മരിക്കാത്തവരെ മരിപ്പിക്കുന്നതിലും പ്രത്യേകതരം സന്തോഷം കണ്ടെത്തുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. തെറ്റായ വാര്‍ത്തകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതു വഴി എന്തെല്ലാം പ്രശ്‌നങ്ങള്‍ ആര്‍ക്കൊക്കെ ഉണ്ടാകുമെന്നത് ഇത്തരക്കാര്‍ ചിന്തിക്കുന്നുപോലുമില്ല.

പ്രമുഖരുടെ നേര്‍ക്കാണ് പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്. നിരവധി താരങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നടി ഗായത്രി അരുണാണ് ഇപ്പോള്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് ഗായത്രി ചില മനോരോഗികള്‍ക്കെതിരെ പ്രതികരിച്ചത്.

ഏതാനും ദിവസങ്ങളായി താന്‍ വളരെ ദുഖത്തിലാണെന്നും തന്നെപറ്റി പ്രചരിക്കുന്ന വ്യാജവാര്‍ത്തയാണ് തന്നെ അസ്വസ്ഥയാക്കിയതെന്നും ഗായത്രി പറഞ്ഞു. ഗായത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മരണപ്പെട്ടുവെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി ഫോണ്‍കോളുകളും ഗായത്രിയെ തേടിയെത്തി.

സത്യാവസ്ഥ അറിയാന്‍ പേടിയോട് കൂടിയാണ് എല്ലാവരും തന്നെ വിളിക്കുന്നതെന്നും ആദ്യമൊക്കെ അത്ര കാര്യമാക്കിയില്ല എല്ലാം തമാശയായാണ് എടുത്തതെന്നും ഗായത്രി പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും കാര്യങ്ങള്‍ ഗുരുതരമായി മാറുകയായിരുന്നുവെന്നും നടി പറഞ്ഞു.

നടി ജീവനോടെ ഉണ്ടോ എന്നറിയാന്‍ പരിഭ്രാന്തരായി വിളിച്ചവരും ഉണ്ട്. ഗായത്രിയുടെ ഭര്‍ത്താവിനും ഇതുപോലെ കോളുകളും സന്ദേശങ്ങളും വരാന്‍ തുടങ്ങി. ഇതോടെയാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി എത്തിയത്.

‘മാനസികമായി പ്രശ്‌നം ഉള്ളവര്‍ക്കേ ഇങ്ങനെ ചെയ്യാന്‍ പറ്റു. ഭ്രാന്തന്മാര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഉണ്ടാക്കാനും സാധിക്കൂ. മാനസികമായി വൈകല്യമുള്ളവരോട് സംസാരിച്ചിട്ടു കാര്യമില്ല. എനിക്ക് പറയാന്‍ ഉള്ളത് സാധാരണ ജനങ്ങളോടാണ്. ഇങ്ങനെ ഒരു വാര്‍ത്ത വരുമ്പോള്‍ അതിനു പിന്നിലുള്ള സത്യം അറിഞ്ഞതിനു ശേഷം മാത്രം മൂന്നാമതൊരാള്‍ക്ക് ഷെയര്‍ ചെയ്യുക’. കാരണം ഇത്തരം വാര്‍ത്തകള്‍ മൂലം മാനസികമായി തളര്‍ന്നുപോകുന്ന നിരവധി ആളുകള്‍ ഉണ്ട്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വരുമ്പോഴെ അത് മനസ്സിലാകൂ.’ഗായത്രി പറഞ്ഞു.

 

Related posts