ഗാസ സിറ്റി: ഇസ്രേലി സേന കരയാക്രമണം ആരംഭിച്ചതോടെ ഗാസ സിറ്റിയിൽനിന്നുള്ള ഒഴിഞ്ഞുപോക്ക് വർധിച്ചു. പതിനായിരക്കണക്കിനു പേരാണ് കൈയിൽ കിട്ടിയതെല്ലാമെടുത്ത് തെക്കൻ ഗാസയിലെ അൽ മവാസിയിലേക്കു നീങ്ങുന്നത്.
ഇസ്രേലി സേന നഗരത്തെ ലക്ഷ്യമിട്ട് വൻ തോതിൽ ബോംബിംഗ് നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനിടെ 150 ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഇന്നലെ സേന അറിയിച്ചത്. കുട്ടികളുടെ ആശുപത്രിക്കു നേരേയും ആക്രമണമുണ്ടായെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു.
മൂവായിരത്തോളം വരുന്ന ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യാൻവേണ്ടിയാണു ഗാസ സിറ്റിയിലെ ലക്ഷക്കണക്കിനു നിവാസികളെ ഇസ്രേലി സേന ഒഴിപ്പിക്കുന്നത്. അതേസമയം പലസ്തീനികൾക്കായി പ്രത്യേകം തിരിച്ചിരിക്കുന്ന അൽ മവാസിയിൽ ആവശ്യത്തിനു സൗകര്യങ്ങളില്ലെന്നാണു റിപ്പോർട്ട്. ലക്ഷങ്ങളെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനെ യുഎൻ ഏജൻസികൾ അടക്കമുള്ള സംഘടനകൾ വിമർശിക്കുന്നു.