സുമനസുകളുടെ കരുണയ്ക്കായി..! നോട്ടില്‍ കുടുങ്ങി ഗീതുവിന്റെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ നാട്ടുകാര്‍

geethuഅമരവിള ; നോട്ട് മരവിപ്പിക്കല്‍ പ്രതിസന്ധിയില്‍ കിഴാറൂര്‍ സ്വദേശിനിയായ ഗീതുവിന്റെ വിവാഹം പ്രതിസന്ധികളില്ലാതെ നടത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും ഗീതുവിന്റെ സംരക്ഷണം ഏറ്റെടുത്ത സ്റ്റീഫന്‍ ഡേവിഡും. 2010 ലാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങളെ തുടര്‍ന്ന് ഗീതുവിന്റെയും മൂത്ത സഹോദരി നീതുവിന്റെയും സംരക്ഷണം കീഴാറൂര്‍ ശാസ്താംകോണം കുക്കു നിവാസില്‍ സ്റ്റീഫന്‍ ഡേവിഡ് –മിനി ദമ്പതികള്‍ ഏറ്റെടുക്കുന്നത്.

കരാട്ടെ മാസ്റ്ററായ സ്റ്റീഫന്‍ തന്റെ ചെറു വരുമാനത്തില്‍ നിന്ന് തന്റെ മക്കളായ ഹിമക്കും കുക്കുവിനുമൊപ്പം ഒരു കുറവും അറിയിക്കാതെയാണ് ഗീതുവിനെ നീതുവിനെയും വളര്‍ത്തിയത്. പ്ലസ് ടു വരെയുളള പഠനത്തിന് ശേഷം മുത്ത കുട്ടി നീതുവിനെ കഴിഞ്ഞ ഡിസംബറില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ വിവാഹം ചെയ്തയച്ചു.

ഇളയവള്‍ ഗീതുവിന് കല്ല്യാണ ആലോചനകള്‍ വന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു ഞങ്ങള്‍ മുന്നിലുണ്ട് പേടിക്കേണ്ട . കല്ല്യാണത്തിനായി മാരായമുട്ടം സര്‍ക്കാര്‍ സ്കൂള്‍ കൂടി ലഭിച്ചതോടെ വരുന്ന ഡിസംബര്‍ നാലിന് കല്ല്യാണവും നിശ്ചയിച്ചു. എന്നാല്‍ നോട്ട് മരവിപ്പിക്കല്‍ വന്നതോടെ സ്റ്റീഫനും കുടുബവും പ്രതിസന്ധിയിലായി. സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പലരും നോട്ട് പ്രതിസന്ധിയില്‍ പണിക്ക് പോകാതായി.

സഹായിക്കാമെന്ന് പറഞ്ഞ പലരുടെയും നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകളിലാണ്. ഇങ്ങനെ പ്രതിസന്ധികളില്‍ വട്ടം ചുറ്റിയ സ്റ്റീഫന് കഷ്ടിച്ച് അമ്പതിനായിരം രൂപാ മാത്രമാണ് സഹായമായി ലഭിച്ചത്. തുടര്‍ന്ന് സ്റ്റീഫന്‍ തന്റെ അഞ്ചു സെന്റ് ഭൂമിയും വീടും പണയം വയ്ക്കാന്‍ തീരുമാനിച്ചു. പക്ഷെ നിലവിലെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ കഴിയാതായി. ദേശസാല്‍കൃത ബാങ്കുകളും സ്റ്റീഫനെ കൈയൊഴിഞ്ഞു. ഇനിയും മൂന്നു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലെ ഗീതുവിന്റെ വിവാഹം നടത്താന്‍ കഴിയൂ.. സര്‍ക്കാര്‍ ഇടപെടലിലും സുമനസുകളുടെ കരുണയിലുമാണ് ഇനി പ്രതീക്ഷ.

Related posts