എന്തൊരഴക്, എന്തൊരു ഭംഗി..! കലോത്സവ വിജയികള്‍ക്കെല്ലാം ലോക്കറ്റ് സമ്മാനമായി നല്‍കുമെന്ന് പി.സി.ജോര്‍ജ്ജ്

georgeകാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ കലോത്സവത്തെക്കുറിച്ച് ഏവര്‍ക്കും പറയാനുണ്ടായിരുന്നത് എന്തൊരഴക്… എന്തൊരു ഭംഗി… നാലു ദിവസമായി കാഞ്ഞിരപ്പള്ളിയില്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തില്‍ ചില്ലറ പ്രശ്‌നങ്ങളൊഴിച്ചാല്‍ സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. ഏറ്റെടുത്ത ചുമതലകള്‍ മികവുറ്റതാക്കാന്‍ വിവിധ കമ്മിറ്റികള്‍ ഏറെ പരിശ്രമിച്ചു. നാട്ടുകാരുടെ സഹകരണവും കലോത്സവത്തിന്റെ വിജയത്തിന് നിര്‍ണായകമായി.

മിക്ക വേദികളും കാണികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. നൃത്തയിനങ്ങള്‍ക്കായിരുന്നു കൂടുതല്‍ ജനപങ്കാളിത്തം. മൈം, മോണോആക്ട്, നാടകം, മിമിക്രി തുടങ്ങിയ വേദികളില്‍ ചിരിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയുന്ന മത്സരങ്ങളായിരുന്നു കൂടുതലും.

ചില സ്‌റ്റേജുകളില്‍ സാങ്കേതിക തകരാറുണ്ടായത് തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതു പരിഹരിക്കാന്‍ കഴിയാത്തത് കല്ലുകടിയായി. വിധികര്‍ത്താക്കള്‍ക്കെതിരേയും ഏറെ വിമര്‍ശനമുയര്‍ന്നു. അര്‍ഹതയില്ലാത്ത ചിലരെ വിധികര്‍ത്താക്കളാക്കിയെന്ന് അധ്യാപകരും കുട്ടികളും ആരോപിച്ചു. കലോത്സവത്തില്‍ 126 അപ്പീലുകളാണ് ഇക്കുറിയെത്തിയത്. കൂടുതല്‍ അപ്പീലുകളും നൃത്ത ഇനങ്ങളിലാണ്

തുടക്കത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ടിനെച്ചൊല്ലിയുണ്ടായ അഴിമതിയാരോപണം സംഘാടകരെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷത്തെക്കാളും കുറഞ്ഞ തുകയ്ക്ക് ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തിപ്പിച്ചതിനും ഭംഗിയാക്കിയതിനും ഉടമയെ സംഘാടക സമിതി സമാപന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. പാചകപ്പുരയിലും ആദരിക്കല്‍ ചടങ്ങ് നടന്നു. വര്‍ഷങ്ങളായി റവന്യു കലോത്സവത്തില്‍ ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെ സംഘാടകര്‍ ആദരിച്ചു.

കലോത്സവത്തിന്റെ വിജയത്തിന്റെ പിന്നില്‍ മുഖ്യ പങ്കുവഹിച്ച പബ്ലിസിറ്റി കമ്മിറ്റിക്കാണ് ക്രെഡിറ്റു നല്‍കേണ്ടത്. ഇവരുടെ പ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ട്രോഫി കമ്മിറ്റിയും പ്രോഗ്രാം കമ്മിറ്റിയും ഫുഡ് കമ്മിറ്റിയും ഒന്നിനൊന്നു മികച്ചു നിന്നു. മറ്റു കമ്മിറ്റികളുടെ പ്രവര്‍ത്തനവും മികവുറ്റതായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും സദാസമയവും ജാഗരൂകരായിരുന്നു. ഇവരെ സഹായിക്കാന്‍ സ്റ്റുഡന്റ്‌സ് പോലീസും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും എന്‍എസ്എസ് പ്രവര്‍ത്തകരും ഒപ്പം നിന്നു. പ്രധാനവേദിയായ സെന്റ് ഡൊമിനിക്‌സും ഭക്ഷണശാലയായി പ്രവര്‍ത്തിച്ച സെന്റ് മേരീസിനും പിടിപ്പിതു പണിയാണ് ഇനിയുള്ളത്. ഇവിടെ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കണമെങ്കില്‍ ഏറെ പ്രയത്‌നിക്കേണ്ടിവരും. എന്നാലും എല്ലാംകൊണ്ടും കാഞ്ഞിരപ്പള്ളിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കലോത്സവം അടിച്ചുപൊളിച്ചു.

സമാപന സമ്മേളനം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം മുതല്‍ വലുപ്പമുള്ള പുതിയ ട്രോഫികള്‍ നല്‍കണമെന്നും ഇതിനുള്ള ചെലവ് ആരും തരാന്‍ തയാറായില്ലെങ്കില്‍ താന്‍ നല്‍കുമെന്നും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലോക്കറ്റ് സമ്മാനമായി നല്‍കുമെന്നും പി.സി. ജോര്‍ജ് പ്രഖ്യാപിച്ചു. ഏറെ കൈയടികളോടെയാണ് എംഎല്‍എയുടെ പ്രഖ്യാപനം വിദ്യാര്‍ഥികളും അധ്യാപകരും സ്വീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുധ, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ഷക്കീല നസീര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. സുധീര്‍ ജി. കുറുപ്പ് സ്വാഗതവും ബേബി തോമസ് കെ. നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു

Related posts