ജിയോയുടെ സമ്മര്‍ സര്‍പ്രൈസ്! പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി രണ്ടാഴ്ച നീട്ടി; പുതിയ പദ്ധതി പ്രകാരം ചാര്‍ജ് ഈടാക്കിതുടങ്ങുന്നത് ജൂലൈയില്‍

Reliance-Jio-Lyf-smartphone-Reuters-720-624x351.pngഅതിശയിപ്പിക്കുന്ന വാര്‍ത്തകളും വാഗ്ദാനങ്ങളുമായേ റിലയന്‍സ് ജിയോ രംഗത്തെത്തിയിട്ടുള്ളു. രാജ്യത്തെ ടെലികോം മേഖലയില്‍ സമീപകാലത്തായി നടന്നുകൊണ്ടിരിക്കുന്ന മത്സരം അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് റിലയന്‍സ് ജിയോയുടെ പുതിയ പ്രഖ്യാപനം. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവെച്ച ജിയോ ഓഫര്‍ പെരുമഴ ഇപ്പോഴും തുടരുകയാണ്. മാര്‍ച്ച് 31ന് പ്രൈം ഓഫര്‍ അവസാനിക്കാനിരിക്കെയാണ് പ്രൈം മെംബര്‍ഷിപ്പും കുറഞ്ഞ നിരക്കുകളും നേടാനുള്ള സമയപരിധി ഈ മാസം 15 വരെ ജിയോ നീട്ടിയത്.

ഏപ്രില്‍ 15നകം ജിയോ പ്രൈം മെബര്‍ഷിപ്പും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്കു കൂടി സൗജന്യ സര്‍വീസ് നീട്ടി നല്‍കുന്ന ജിയോ സമ്മര്‍ സര്‍പ്രൈസാണ് പ്രധാന പ്രഖ്യാപനം. ആറുമാസം സൗജന്യം നല്‍കിയതിനുശേഷം ഏപ്രില്‍ ഒന്നുമുതല്‍ ചാര്‍ജ് ഈടാക്കും എന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഉപഭോക്താക്കളുടെയിടയില്‍ ആശങ്ക ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ജിയോ ഓഫര്‍ നീട്ടിയത്.

ഈ പദ്ധതിയില്‍ പെടുന്നവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ മാത്രമേ വാടകയടച്ച തുകയ്ക്കുള്ള ഉപയോഗം കണക്കാക്കിത്തുടങ്ങുകയുള്ളൂ. ജിയോ പ്രൈം സ്‌കീം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒറ്റ മാസം കൊണ്ട് ജിയോയുടെ പ്ലാനുകള്‍ പണമടച്ചു തിരഞ്ഞെടുത്ത വരിക്കാരുടെ എണ്ണം 7.2 കോടി ആയതായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. കമ്പനി ലക്ഷ്യമിട്ട 100 മില്ല്യണ്‍ എന്ന സംഖ്യയിലേക്ക് ഉപഭോക്താക്കളെ എത്തിക്കുക എന്നതാണ് കാലാവധി നീട്ടിയതിന് പിന്നിലെന്നും പറയപ്പെടുന്നു.

Related posts