ഇംഗ്ലീഷിന് മാര്‍ക്ക് കുറവായിരിക്കുമെന്ന് ഭയം! ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ്, തോല്‍വി ഭയന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; റിസള്‍ട്ട് വന്നപ്പോള്‍ മാര്‍ക്ക് ഷീറ്റ് കണ്ട് കണ്ണീരടക്കാനാവാതെ മാതാപിതാക്കളും സുഹൃത്തുക്കളും

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ റിസള്‍ട്ടുകളുടെ പ്രളയമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫലപ്രഖ്യാപനം ചിലര്‍ക്ക് വലിയ സന്തോഷവും ചിലര്‍ക്ക് നിരാശയും സമ്മാനിക്കുകയും ചെയ്തു. അത് പതിവു പോലെ. പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല എന്ന കാരണം കൊണ്ട് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഖേദകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ഫലം ഭയന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു എന്നതാണത്. അവസാനം ഫലം വന്നപ്പോള്‍ വിഷയത്തിന് കുട്ടിക്ക് 82 മാര്‍ക്കും. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സമിസ്ത റൗട്ട് എന്ന 18-കാരിയാണ് ആത്മഹത്യ ചെയ്തത്.

ഇംഗ്ലീഷിന് മാര്‍ക്ക് കുറവായിരിക്കുമെന്ന് സമിസ്ത സംശയിച്ചിരുന്നു. കുറേയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ സാധിച്ചില്ലെന്ന് സമിസ്ത വീട്ടുകാരോട് പറഞ്ഞിരുന്നു. പരീക്ഷയ്ക്ക് ശേഷം തന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സമിസ്ത മുറിയിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച സിബിഎസ്ഇ പത്താംക്ലാസ് റിസള്‍ട്ട് വന്നപ്പോള്‍ സമിസ്തയ്ക്ക് ഇംഗ്ലീഷിന് നൂറില്‍ 82 മാര്‍ക്ക്. മറ്റ് വിഷയങ്ങളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ഇംഗ്ലിഷിനാണ് ലഭിച്ചത്. പൊതുവെ ശാന്ത സ്വഭാവക്കാരിയായ സമിസ്ത നന്നായി ചിത്രം വരയ്ക്കുമായിരുന്നു. അതിന് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സമിസ്തയുടെ അച്ഛന്‍ ജോലിക്കും അമ്മ അടുത്ത വീട്ടിലേക്കും പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. അമ്മ നിര്‍മല തിരികെ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മുറിയിലെ ഫാനില്‍ അവളുടെ ഷാളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. പെട്ടെന്ന് തന്നെ സമിസ്തയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts