ഭർത്താവിന്റെ പെൺസുഹൃത്തിനെ വീട്ടിൽ കയറി കൈകാര്യം ചെയ്ത് യുവതി. ഉത്തർപ്രദേശ് മുസാഫർനഗർ അലിപുർ ഖുർദ് ഗ്രാമത്തിലാണു ചൂടൻ സംഭവം അരങ്ങേറിയത്. പെൺസുഹൃത്തിനെ വീടിനു ചുറ്റും ഓടിച്ചിട്ടാണ് യുവതി കൈകാര്യം ചെയ്തത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു വിചാരണയും മർദനവും.
ഭർത്താവിനു മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഫോണിൽ തുടർച്ചയായി മണിക്കൂറുകൾ സംസാരിക്കാറുണ്ടെന്നും മനസിലാക്കിയ ഭാര്യ, കാമുകിയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കോപാകുലയായ യുവതി ഭർത്താവിന്റെ പെൺസുഹൃത്തിനെ ഓടിച്ചിട്ട് തല്ലുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മർദനം താങ്ങാനാകാതെ കാമുകി ഓടുന്നതും യുവതി പിന്നാലെയെത്തി പിടികൂടുന്നതും മർദനം തുടരുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സംഭവം കണ്ടുനിൽക്കുന്ന നാട്ടുകാരെയും വീഡിയോയിൽ കാണാം. ചിലർ പിടിച്ചുമാറ്റാനും പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കാനും ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ യുവതി മർദനം തുടർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതായാണു റിപ്പോർട്ടുകളിലുള്ളത്.