കോട്ടയം: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള് ഉയര്ത്തുന്ന ഭീഷണിപോലെ മാരകമാണ് നാട് അടക്കി വാഴുന്ന തെരുവുനായകള്. തെരുവുനായ കടിച്ച് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും ഫലപ്രാപ്തിയുണ്ടാകാതെ മൂന്നു കുട്ടികള് പേയിളകി മരിച്ച ഭയാനകമായ സാഹചര്യം നിലനില്ക്കുന്പോഴും അലഞ്ഞുതിരിയുന്ന പട്ടിക്കൂട്ടത്തെ അമര്ച്ച ചെയ്യാന് തദ്ദേശസ്ഥാപനങ്ങള് നടപടിയെടുക്കുന്നില്ല.
നായകളെ വന്ധ്യംകരിച്ച് ഭാവിയില് എണ്ണം കുറയ്ക്കുമെന്ന ആവര്ത്തിച്ചുള്ള പ്രഖ്യാപനമൊന്നും ഫലപ്രാപ്തി കണ്ടില്ല.വിവിധ തദ്ദേശസ്ഥാപനങ്ങള് നായകളെ വന്ധ്യംകരിക്കാന് ലക്ഷങ്ങള് ബജറ്റില് വകയിരുത്തി പണം ധൂര്ത്തടിച്ചതുകൊണ്ട് നേട്ടമുണ്ടായില്ല.
വന്ധ്യംകരിച്ച നായകള്ക്കു പേയിളകില്ലേയെന്നും അവ വീടിനും നാടിനും വലിയ ആപത്തുണ്ടാക്കില്ലേയെന്നും ചോദിച്ചാല് അധികാരത്തില് ഇരിക്കുന്നവര്ക്ക് മറുപടിയില്ല. കോട്ടയം നഗരത്തില് മാത്രം അഞ്ഞൂറിലേറെ തെരുവുനായകളുണ്ടെന്നാണ് വിലയിരുത്തല്.
അധ്യയന വര്ഷം തുടങ്ങുന്നതിനു മുന്പേ തെരുവുനായകളുടെ കാര്യത്തില് തീരുമാനമുണ്ടായില്ലെങ്കില് സ്കൂള്, അങ്കണവാടി കുട്ടികള് പലയിടങ്ങളില് കൂട്ടമായ ആക്രമണത്തിന് ഇരയാകും. അടച്ചുറപ്പില്ലാത്ത സ്കൂളുകളിലും അങ്കണവാടികളിലും തെരുവുനായകള് വേനലവധിക്കാലത്ത് സ്ഥിരം പാര്പ്പുകാരായി മാറിയിട്ടുണ്ട്. സ്കൂള് വരാന്തകളില് കൂട്ടമായാണ് നായകളുടെ വാസം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഉച്ചഭക്ഷണ പദ്ധതി തുടങ്ങുന്നതോടെ അവശിഷ്ടങ്ങള് തിന്ന് ഇവ സ്കൂള് വളപ്പുകളില്തന്നെ വാസം തുടരും. ജില്ലയിലെ ഏറെ സ്കൂള് വളപ്പിലും തെരുവുനായകളുടെ എണ്ണം പെരുകുകയാണ്. കഴിഞ്ഞ വര്ഷം വിവിധയിടങ്ങളിലായി നൂറിലേറെ കുട്ടികള്ക്ക് നായകളുടെ കടിയേറ്റു.