പാഞ്ഞുവന്ന ടിപ്പര്‍ ലോറികള്‍ക്ക് മുമ്പിലേയ്ക്ക് സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികളുടെ മാസ് എന്‍ട്രി! സമൂഹത്തിലെ വലിയൊരു ഭീഷണിയ്ക്ക് തടയിടാനുറച്ച് പെണ്‍പട

സ്‌കൂള്‍ സമയത്ത് ടിപ്പറുകള്‍ പായിക്കരുതെന്ന് കോടതിയുടെ ഉള്‍പ്പെടെ നിര്‍ദേശമുണ്ടായിട്ടും വഴിയാത്രക്കാര്‍ക്കും മറ്റ് വാഹനയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തി വീണ്ടും റോഡ് വാഴുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും കാണാനാവുന്നത്. അങ്കമാലി പാലിശേരി പ്രദേശത്ത് ടിപ്പര്‍ ലോറികളുടെ ശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ സ്‌കൂളുകളിലെ അധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് പരാതികള്‍ പലത്, പലയിടത്തും കൊടുത്തിട്ടും രക്ഷയുണ്ടായില്ല.

ഇതോടെ ടിപ്പറുകള്‍ വഴിയില്‍ വച്ചു തന്നെ തടയാന്‍ ഏതാനും വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് തീരുമാനിച്ചത്. ടിപ്പര്‍ ലോറികള്‍ക്കു മുമ്പില്‍ സൈക്കിള്‍ കുറുകെ വച്ചാണ് ഇവര്‍ പ്രതിക്ഷേധിച്ചത്. സ്‌കൂള്‍ ബാഗും യൂണിഫോമുമിട്ട വിദ്യാര്‍ഥിനികള്‍ സൈക്കിളുമായി വഴിയില്‍ അണിനിരന്നു.

സൈക്കിള്‍ കുറുകെയിട്ട് കുട്ടികള്‍ മാസ് എന്‍ട്രി നടത്തിയതോടെ ടിപ്പര്‍ ലോറികള്‍ക്ക് സഡന്‍ ബ്രേക്കിടുകയല്ലാതെ മറ്റു മാര്‍ഗം ഉണ്ടായിരുന്നില്ല. കുട്ടികള്‍ സൈക്കിള്‍ കുറുകെയിട്ട് ടിപ്പര്‍ലോറി തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതോടെ വിഷയം ചര്‍ച്ചയാകുകയായിരുന്നു. ഇതോടെയെങ്കിലും ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

Related posts