ഡാം നിറഞ്ഞൊഴുകിയപ്പോള്‍ സ്വര്‍ണ്ണവും ഒഴുകിയെത്തി! വെള്ളത്തോടൊപ്പം കിട്ടിയത്, സ്വര്‍ണ്ണക്കട്ടികളും സ്വര്‍ണ്ണത്തരികളും; പ്രദേശത്ത് തമ്പടിച്ച് നാട്ടുകാരും വിനോദസഞ്ചാരികളും

oroville-spillway.jpg.image.784.410ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് ഹോബിയാക്കിയവര്‍ പോലുമുണ്ട്. ഇത്തരത്തില്‍ സ്വര്‍ണ്ണത്തോടുള്ള അമിതാവേശം കാലങ്ങളായി നിലനില്‍ക്കുന്ന അവസരത്തിലാണ് അമേരിക്കയില്‍ നിന്ന് ഒരു വാര്‍ത്ത എത്തുന്നത്. അതുകേട്ടപ്പോള്‍ മുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സ്വസ്ഥതയുണ്ടായിട്ടില്ല. സംഭവമിതാണ്. ഈവര്‍ഷമാദ്യമാണ്, അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ടായ (770 അടി) ഒറോവില്ലിന്റെ പദ്ധതിപ്രദേശത്തുള്ള പതിനെണ്ണായിരത്തോളം പേരോട് തത്കാലത്തേക്ക് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഒറോവില്‍ ഡാം നിറഞ്ഞുകവിഞ്ഞതായിരുന്നു പ്രശ്‌നം. കലിഫോര്‍ണിയയിലെ ഫെതര്‍ നദിയിലുള്ള ഈ ഡാമിന് അന്‍പതു വര്‍ഷത്തെ പഴക്കമുണ്ട്. മഴയുടെ ശക്തി കനത്തതോടെ ഡാം നിര്‍മിച്ച് ഇത്രയും കാലത്തിനിടെ തുറക്കാത്ത എമര്‍ജന്‍സി സ്പില്‍വേയും തുറക്കേണ്ടി വന്നു.

അതിനിടെ മഴ കുറഞ്ഞതിനാലും വെള്ളം കുറേ എമര്‍ജന്‍സി സ്പില്‍വേ വഴി തുറന്നുവിടാനായതിനാലും കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഒഴിഞ്ഞു പോയവരോടെല്ലാം തിരികെ വരാന്‍ അനുവാദവും നല്‍കി. ഇതിനെല്ലാം ശേഷം ഡാമിന്റെ പണിക്കായി വന്നവര്‍ക്കായിരുന്നു ആ ഭാഗ്യം ലഭിച്ചത്. ഫെതര്‍, യുബ എന്നീ നദികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ണത്തരികള്‍ കിട്ടിത്തുടങ്ങി. ചില ഭാഗ്യവാന്മാര്‍ക്ക് പെരുവിരലോളം പോന്ന സ്വര്‍ണക്കട്ടികളും. വാര്‍ത്ത അറിഞ്ഞതോടെ ജനങ്ങളെല്ലാം ഇങ്ങോട്ടു കുതിച്ചു. പലരും ജോലിയില്‍ നിന്ന് അവധിയെടുത്താണ് നദികളിലെ മണ്ണ് അരിച്ച് സ്വര്‍ണം തേടുന്നത്. ഒഴിവുകാലം ചെലവിടാനായി വരുന്നവരും ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഒറോവില്ലാണ്. സമയവും ചെലവിടാം കാശും ഉണ്ടാക്കാം എന്നതാണ് ഇവരുടെ പോളിസി. പ്രദേശത്ത് ഇത്തരത്തില്‍ ശേഖരിക്കുന്ന സ്വര്‍ണം വാങ്ങുന്ന ഒരു സ്റ്റോറുമുണ്ട്. 40 മുതല്‍ 300 ഡോളര്‍ വരെ സ്വര്‍ണം വഴി നേടാനായവരുണ്ടെന്നു പറയുന്നു ഈ സ്റ്റോറുടമകള്‍.

‘കലിഫോര്‍ണിയ ഗോള്‍ഡ് റഷ്’ എന്നൊരു ചരിത്രസംഭവം തന്നെയുണ്ട്. അമേരിക്കയുടെ തന്നെ മുഖച്ഛായ മാറ്റിമറിക്കാന്‍ തക്ക വിധത്തിലായിരുന്നു 1848ല്‍ ഇവിടെ സ്വര്‍ണം കണ്ടെത്തുന്നത്. അതോടെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് ഒഴുകിയെത്തിയത് മൂന്നുലക്ഷത്തോളം പേര്‍. കലിഫോര്‍ണിയയുടെയും ഭാവി മാറ്റിക്കുറിക്കുന്നതായിരുന്നു ആ ‘ഗോള്‍ഡ് റഷ്’. സ്വര്‍ണത്തിനു വേണ്ടി കൊല്ലുംകൊലയും വരെ നടന്നു. അന്നും ഇന്നും സ്വര്‍ണം തേടിയെത്തുന്നവരുടെ സ്വര്‍ഗമാണ് ഈ ‘ഗോള്‍ഡ് കണ്‍ട്രി’. നേരത്തേ മഴക്കാലത്ത് സ്പില്‍വേയിലൂടെ വെള്ളം ഒഴുകിപ്പോകുമ്പോള്‍ ഒപ്പം സ്വര്‍ണത്തരികളും എത്തുന്നത് പതിവായിരുന്നു. വേനല്‍ക്കാലത്ത് ഡാം വരളുമ്പോഴായിരിക്കും ഇത് ശേഖരിക്കാനായി ജനമെത്തുക. എന്നാലും കാര്യമായ നേട്ടങ്ങളൊന്നും ആര്‍ക്കും ഉണ്ടാക്കാനായിട്ടില്ല. ഇത്തവണ പക്ഷേ കനത്ത മഴ സ്വര്‍ണം അന്വേഷകര്‍ക്ക് ‘ലോട്ടറി’യായി. കാരണം, അടിത്തട്ട് വരെ ഇളക്കിമറിച്ചാണ് വെള്ളം സ്പില്‍വേയിലൂടെ കുതിച്ചെത്തിയത്. വെള്ളം വന്‍തോതില്‍ കുതിച്ചെത്തിയതോടെ ഡാമിന്റെ തീരത്തുള്ള പലരുടെയും കൃഷിയിടവും ഇടിഞ്ഞു പോയിരുന്നു. പക്ഷേ അതാരും കാര്യമാക്കിയുമില്ല. കാരണം, സ്വന്തം കൃഷിയിടത്തില്‍ നിന്നു തന്നെ ആവശ്യത്തിന് സ്വര്‍ണം ‘അരിച്ചെടുക്കാമല്ലോ!’. എന്തായാലും വിനോദസഞ്ചാരം എന്ന പേരില്‍ ആളുകള്‍ ഇവിടേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

Related posts