മാന്നാര്‍: യുവാവിന്റെ കൈയില്‍നിന്നു റോഡില്‍ നഷ്ടപ്പെട്ട 15 പവന് സ്വര്‍ണം മണിക്കൂറുകള്‍ക്കകം കണ്ടെത്തി നല്കി മാന്നാര്‍ പോലീസ്. മാന്നാര്‍ ഇരമത്തൂര്‍ ആച്ചാത്തറ വടക്കേതില്‍ സുമേഷിന്റെ കൈയില്‍നിന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടത്.
വീട് നിര്‍മാണത്തിന്റെ ആവശ്യത്തിലേക്ക് സുഹൃത്തിന്റെ കൈയില്‍നിന്നു പണയം വയ്ക്കുന്നതിനായി വാങ്ങിക്കൊണ്ടു വന്ന സ്വര്‍ണമാണ് മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനു സമീപം ഇന്നലെ മൂന്നോടെ നഷ്ടപ്പെട്ടത്. ഉടന്‍തന്നെ സുമേഷ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പെട്ടെന്നുതന്നെ മാന്നാര്‍ പോലീസ് ജൂണിയര്‍ എസ്ഐ ലിന്‍സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു വിജയന്, അരവിന്ദ്, അനന്ദു ബാലു എന്നിവര്‍ സ്വര്‍ണം തേടിയിറങ്ങി.
പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ സൈക്കിള്‍ യാത്രക്കാരന് സ്വര്‍ണം അടങ്ങിയ പൊതിയെടുത്ത് പോകുന്നതായി കണ്ടതിനെത്തുടര്‍ന്ന് ദൃശ്യത്തില്‍ കണ്ട ആളിനെ പോലീസ് കണ്ടെത്തി അയാളുടെ വീട്ടിലെത്തുകയും റോഡില്‍നിന്ന് ലഭിച്ച സ്വര്‍ണം തിരികെ വാങ്ങുകയും ചെയ്തു.
തിരികെ സ്റ്റേഷനിലെത്തിയ പോലീസ് സ്വര്‍ണം നഷ്ടപ്പെട്ട സുമേഷിനെ വിളിച്ചുവരുത്തി മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഡി. രജീഷ് കുമാര്‍ സ്വര്‍ണം കൈമാറുകയും ചെയ്തു.

