ബ്ലെന്ഹെയിം കൊട്ടാരത്തില് പ്രദര്ശനത്തിന് വെച്ച സ്വര്ണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റം സമ്മതിച്ച് പ്രതി. മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ് ചര്ച്ചിലിന്റെ ബാല്യകാല വസതിയാണ് ബ്ലെന്ഹെയിം കൊട്ടാരം. 50 കോടിക്ക് മുകളിൽ വില വരുന്ന സ്വർണ്ണ ക്ലോസറ്റാണ് ഇവിടെ നിന്നാണ് മോഷണം പോയത്.
‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ക്ലോസറ്റ് ഇറ്റാലിയന് ആര്ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ ആർട്ട് ഇൻസ്റ്റാളേഷന്റെ ഭാഗമായിട്ടാണ് പൊതുജനങ്ങൾക്ക് കാണാനായി പ്രദർശനത്തിന് വച്ചത്. എന്നാൽ ഇവിടെ നിന്ന് ക്ലോസറ്റ് മോഷണം പോവുകയായിരുന്നു.
ഇപ്പോൾ, വെല്ലിംഗ്ബറോയിൽ നിന്നുള്ള ജെയിംസ് “ജിമ്മി” ഷീൻ എന്ന 39 -കാരനാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതിയിൽ ക്ലോസറ്റ് മോഷ്ടിച്ചതായി കുറ്റം സമ്മതിച്ചിരിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥര് പുറത്ത് കാവല് നില്ക്കുന്ന സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദര്ശകര്ക്ക് ഈ സ്വര്ണ്ണ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അവസരം കിട്ടിയിരുന്നു. ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലും ഈ സ്വര്ണ്ണ ക്ലോസറ്റ് പ്രദർശിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. 2016 -ലാണ് ക്ലോസറ്റ് ഇവിടെ പ്രദർശനത്തിന് വച്ചത്.
ക്ലോസറ്റ് ബ്ലെന്ഹെയിം കൊട്ടാരത്തിൽ പ്രദർശനത്തിനിടെ മോഷണം പോയപ്പോൾ അമ്പരന്നുപോയി എന്നാണ് അന്ന് ബ്ലെൻഹൈം പാലസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡൊമിനിക് ഹെയർ പറഞ്ഞത്. എപ്പോഴും ശ്രദ്ധിക്കാവുന്ന രീതിയിൽ ഏറെ സുരക്ഷയിലാണ് ഈ ക്ലോസറ്റ് വച്ചിരുന്നത്. എന്നിട്ടും എങ്ങനെ ആരുടേയും കണ്ണിൽ പെടാതെ ആ സ്വർണ ക്ലോസറ്റ് കടത്തിക്കൊണ്ടുപോയി എന്നതായിരുന്നു എല്ലാവരുടേയും അത്ഭുതം.