അവള്‍ക്ക് തലചായ്ക്കാനൊരു വീട് വേണം! അച്ഛനെ ചികിത്സിക്കണം; ദുരിതത്തിലായ കുടുംബത്തിന് സഹായമഭ്യര്‍ത്ഥിച്ച് നടനും മിമിക്രി താരവുമായ ഷാജു ശ്രീധര്‍

tyjtപത്താം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയ്ക്കും അവളുടെ കുടുംബത്തിനും സാമ്പത്തിക സഹായമഭ്യര്‍ത്ഥിച്ച് നടന്‍ ഷാജു ശ്രീധര്‍ രംഗത്ത്. തലചായ്ക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുന്ന ഗോപിക എന്ന പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായാണ് ഫേസ്ബുക്കിലൂടെ ഷാജു രംഗത്തെത്തിയത്. ഗോപികയുടെ പിതാവ് സന്തോഷ്, പ്രമേഹം ബാധിച്ച് തളര്‍ന്നുകിടക്കുകയാണ്. ഓടുമേഞ്ഞ കൊച്ചുവീട്ടില്‍ പിന്നെയുള്ളത് വിദ്യാര്‍ത്ഥിയായ മറ്റൊരു മകനും ഒരു സഹോദരിയുമാണ്. സ്‌കൂളിലെ ഉച്ച സമയത്തെ ഇടവേളകളില്‍ വീട്ടിലെത്തിയാണ് ഗോപിക അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കുക.

എന്നാല്‍ പലപ്പോഴും ഭക്ഷണത്തിന് പോലും ആ കുടുംബത്തിന് വകയുണ്ടാകാറില്ല എന്നതാണ് വാസ്തവം. ഈ ദുരിതത്തിനിടയ്ക്കാണ് കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഗോപികയുടെ തലയ്ക്ക് പരിക്കേറ്റത്. വീട് തകര്‍ന്ന ഗോപികയും കുടുംബവും ഇന്ന് തലചായ്ക്കാന്‍ ഒരിടമില്ലതെ കഷ്ടപ്പെടുകയാണ്. ഈ കഷ്ടപ്പാടില്‍ നിന്ന്  കുടുംബത്തെ കരകയറ്റാന്‍ ഒരു കൈ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ് നടന്‍ ഷാജു. ഗോപികയുടെ കഥ സ്‌കൂളിലെ ഒരു ടീച്ചറാണ് ഷാജുവിനോട് പറയുന്നത്. തുടര്‍ന്ന് അദ്ദേഹം ആ കുടുംബത്തെ നേരിട്ട് കാണുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിനായാണ് സുമനസുകളുടെ സഹായം തേടി ഷാജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘ഒരു പെണ്‍കുട്ടിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ആ കുട്ടിയുടെ അച്ഛന്‍ പ്രമേഹം ബാധിച്ച് തളര്‍ന്ന് കിടക്കുകയാണ്, അമ്മയില്ല. ഒരു സഹോദരനുണ്ട്. വളരെ മോശമായ അവസ്ഥയിലാണ് അവര്‍ ജീവിക്കുന്നത്. അച്ഛന് രോഗമായതിനാല്‍ ഒരു നേരത്തേ ഭക്ഷണം കഴിക്കാനുള്ള സാഹചര്യമില്ല. ആ പെണ്‍കുട്ടി ഉച്ചക്ക് സ്‌കൂളില്‍ നിന്ന് വന്നാണ് അച്ഛന് ഭക്ഷണം കൊടുക്കുന്നത്. ഇന്നലെ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ആ കുട്ടിയുടെ തലക്ക് പരിക്ക് പറ്റി. ആ കുട്ടിയെയും കുടുംബത്തെയും സഹായിക്കാന്‍ എന്നാലാകുന്നത് ചെയ്യും. നിങ്ങളും അവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’-ഷാജു പറയുന്നു.

Related posts