ജിഎസ്ടി യാഥാര്‍ത്ഥ്യമായി! ഇനി, ഒരു രാജ്യം, ഒരു നികുതി, ഒരു കമ്പോളം; പാര്‍ലമെന്റ് സമ്മേളനത്തില്‍ സാധ്യതകള്‍ വിശദീകരിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

bhdhtdhന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു നികുതി’ എന്ന നയത്തോടെ ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) നിലവില്‍വന്നു. ഇന്നലെ രാത്രി 11 നു ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി.എസ്.ടിയുടെ സാധ്യതകള്‍ വിശദീകരിച്ചു. അര്‍ധരാത്രിയില്‍ പ്രധാനമന്ത്രിയാണു ജി.എസ്.ടി പ്രഖ്യാപനം നടത്തിയത്. 12 മണിക്ക് ജി.എസ്.ടിയുടെ വരവറിയിച്ചു പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ മണിയും മുഴങ്ങി. ജി.എസ്.ടി. ചട്ടങ്ങളില്‍ അവസാനവട്ട മിനുക്കുപണികള്‍ നടത്താന്‍ പ്രഖ്യാപനത്തിനു മുമ്പായി ജി.എസ്.ടി. കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ചില ഉല്‍പ്പന്നങ്ങളുടെ നികുതിഘടനയിലടക്കം മാറ്റം വരുത്തി. രാസവളത്തിനു നിശ്ചയിച്ചിരുന്ന 12 ശതമാനം നികുതി അഞ്ചാക്കി കുറച്ചു. ട്രാക്ടറിന്റെ നികുതി 18 ശതമാനത്തില്‍നിന്നു 12 ആക്കി. ഇതു രണ്ടും കര്‍ഷകര്‍ക്കു നേട്ടമാകും. കോണ്‍ഗ്രസും ഡി.എം.കെ, ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്‌കരിച്ചു. അതേസമയം പ്രതിപക്ഷ നിരയിലുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ശരദ് പവാറിന്റെ എന്‍.സി.പിയും പങ്കെടുത്തു. എന്‍.ഡി.എ. സഖ്യകക്ഷികളെല്ലാം യോഗത്തില്‍ സംബന്ധിച്ചു.

എം.പിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാന ധനമന്ത്രിമാര്‍ക്കും പുറമേ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡ, ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്‌കര്‍, രത്തന്‍ ടാറ്റ, ഇ. ശ്രീധരന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍നിന്നുള്ള നൂറുകണക്കിനു പ്രമുഖരും അര്‍ധരാത്രിയിലെ പ്രഖ്യാപനത്തിനു സാക്ഷ്യംവഹിക്കാനെത്തി. എം.എല്‍.എ. പോലുമല്ലെങ്കിലും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും പാര്‍ലമെന്റ് സമ്മേളനത്തിനെത്തി. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ്, ജി.എസ്.ടി. നടപ്പക്കലിനെതിരേ ആഞ്ഞടിച്ചു. നോട്ട് അസാധുവാക്കിയപോലെ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് ജി.എസ്.ടി. നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വിമര്‍ശിച്ചു. ജി.എസ്.ടിയുടെ പേരില്‍ കേന്ദ്രത്തെ പ്രശംസിച്ച രാഷ്ട്രപതി പ്രണബാകട്ടെ, താന്‍ കൂടി ഭാഗമായ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പരിഷ്‌കാരം നടപ്പാക്കാന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. വാജ്പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ് ജി.എസ്.ടി. ബില്‍ ആദ്യമായി കൊണ്ടുവന്നതെന്നും പ്രണബ് ചൂണ്ടിക്കാട്ടി. ബില്ലില്‍ അവകാശവാദം ഉന്നയിക്കുന്ന കോണ്‍ഗ്രസിനെ നിരാശരാക്കുന്നതായി പ്രണബിന്റെ ഈ വാക്കുകള്‍.

പാര്‍ലമെന്റ് ഹാളില്‍ ജി.എസ്.ടി അംഗങ്ങള്‍ക്കായി അത്താഴവിരുന്നൊരുക്കിയിരുന്നു. കൗണ്‍സില്‍ യോഗത്തിലും അത്താഴവിരുന്നിലും പങ്കെടുത്ത സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അര്‍ധരാത്രിയിലെ പ്രഖ്യാപനം ബഹിഷ്‌കരിച്ചു കേരളാ ഹൗസിലേക്കു മടങ്ങി. അര്‍ധരാത്രിയിലെ ജി.എസ്.ടി. പ്രഖ്യാപനത്തില്‍നിന്നു വിട്ടുനില്‍ക്കാനുള്ള സി.പി.എം തീരുമാനത്തിനു വിധേയമായാണിത്. പതിനൊന്നുമുതല്‍ ഒരു മണിക്കൂര്‍ നീണ്ട ചടങ്ങിനു മുന്നോടിയായി പാര്‍ലമെന്റ് മന്ദിരം ദീപാലംകൃതമാക്കിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് പാര്‍ലമെന്റ് അര്‍ധരാത്രി സമ്മേളിക്കാറുള്ളത്. ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതും അര്‍ധരാത്രിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജയന്തി ആഘോഷത്തിനും പാര്‍ലമെന്റ് അര്‍ധരാത്രി സമ്മേളിച്ചിരുന്നു. ഇന്നലെ നടന്ന ചടങ്ങില്‍ ജി.എസ്.ടിയുമായി ബന്ധപ്പെട്ട രണ്ടു ഹൃസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, സംസ്ഥാന ധനമന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍, ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങള്‍, ജി.എസ്.ടി. നടപടികളുടെ ഭാഗമായവര്‍ തുടങ്ങിയവരും ചടങ്ങിലെത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ക്ഷണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് തീരുമാനപ്രകാരം അദ്ദേഹം വിട്ടുനിന്നു. ജി.എസ്.ടി. നടപ്പാക്കല്‍ ആഘോഷമാക്കുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി ഇന്നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്ന കൂറ്റന്‍ റാലി സംഘടിപ്പിക്കും.

Related posts