വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയായി പല സ്ഥലങ്ങളിലും ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്. ഒരു സ്ഥലം സന്ദർശിക്കുന്പോൾ അവിടുള്ള കാര്യങ്ങൾ ആളുകളുമായി പങ്കുവയ്ക്കുന്നതും ആ സ്ഥലത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം ആളുകൾക്ക് പറഞ്ഞ് കൊടുക്കുന്നതും ടൂറിസ്റ്റ് ഗൈഡുകളാണ്. കഴിഞ്ഞ ദിവസം ഒരു ഗൈഡിൽ നിന്നുണ്ടായ മോശം അനുഭവം സഞ്ചാരികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു.
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഗൈഡിനെതിരെയാണ് രൂക്ഷ വിമർശനം ഉണ്ടായിരിക്കുന്നത്. സഫാരിയിൽ മിക്ക സമയവും ഗൈഡ് ഉറങ്ങുകയായിരുന്നു. മാത്രമല്ല വിനോദസഞ്ചാരികൾക്ക് പുകയില നൽകി, നാഷണൽ പാർക്കിന്റെ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് ഗൈഡിനെതിരേ ഉന്നയിച്ചിരിക്കുന്നത്.
രത്തൻ ധില്ലൻ എന്ന ഉപയോക്താവാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഞങ്ങളുടെ ഇന്നത്തെ ഗൈഡിനെ നോക്കൂ, അദ്ദേഹം ഞങ്ങൾക്ക് പുകയില വാഗ്ദാനം ചെയ്തു. അതിന്റെ പാക്കറ്റ് വലിച്ചെറിയുകയും ചെയ്തു. സഫാരിയ്ക്കിടെ ഒരു മണിക്കൂർ നീണ്ട ഉറക്കത്തിനുശേഷം, അയാൾ ഉണർന്നപ്പോൾ പറഞ്ഞത്, മാനിന്റെ ഇറച്ചിക്ക് നല്ല രുചിയാണ് എന്നാണ്. അല്ലാതെ പാർക്കിനെക്കുറിച്ചോ, വന്യജീവികളെക്കുറിച്ചോ, അവയുടെ സംരക്ഷണത്തെക്കുറിച്ചോ ഒന്നും ഒരു വാക്കുപോലും പറഞ്ഞില്ല’ എന്ന് ധില്ലൻ പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഡൈഡിനെ വിമർശിച്ച് രംഗത്തെത്തിയത്. പോസ്റ്റ് വൈറലായി മാറിയതോടെ കോർബറ്റ് ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടർ സാകേത് ബദോള അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഗൈഡിനെ ജോലിയിൽ നിന്നും വിലക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

