ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം വയസിൽ ചെസ് കളി പഠിച്ചു.
2015ൽ അണ്ടർ-9 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യനായി. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷിന്റെ ചെസ് ജീവിതത്തിനായി ഡോക്ടർ പ്രാക്ടീസ് രജനികാന്ത് ഉപേക്ഷിച്ചു എന്നതാണ് ശ്രദ്ധേയം.
തന്റെ ജോലിക്കൊപ്പം മകന്റെ ചെസ് ജീവിതവും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് രജനികാന്ത് രാജിവച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റിക്കാർഡ് വെറും 17 ദിവസത്തിന്റെ വ്യത്യാസത്തിലാണ് റഷ്യയുടെ സെർജി കർജാക്കിനു മുന്നിൽ ഗുകേഷിനു നഷ്ടപ്പെട്ടത്.
ഏഴ് മണിക്കൂർ പരിശീലനം
ദിവസവും ഏഴ് മണിക്കൂർ ഗുകേഷ് പരിശീലനം നടത്താറുണ്ട്. സ്കൂളിലെ ചെസ് മാനേജർ വേലവന്റെ ശിക്ഷണമാണ് ഗുകേഷിന് മികച്ച അടിത്തറ നൽകിയത്. എതിരാളികളുടെ കളി വിശകലനം ചെയ്യുകയും അതിനനുസരിച്ച് സ്വയം തയാറെടുക്കുകയും ചെയ്യുന്നതാണ് ഗുകേഷിന്റെ ചെസ് ശൈലി.
വീട്ടിൽ അമ്മയ്ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുകയാണ് ഗുകേഷിന്റെ മറ്റൊരു വിനോദം.
തമിഴ് കോമഡി കാണുകയാണ് മാനസിക സന്തോഷത്തിനായി ചെയ്യുന്നത്. വിജയ് സേതുപതിയാണ് ഗുകേഷിനിഷ്ടപ്പെട്ട സിനിമാതാരം.