പ്രഭാതത്തില്‍ ആകാശത്തുനിന്ന് വീണ ‘നിധി’ കണ്ട് ആദ്യം ഗ്രാമവാസികള്‍ അമ്പരന്നു! പിന്നീട് വീട്ടില്‍ കൊണ്ടുപോയി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; അമളി തിരിച്ചറിഞ്ഞത് വിദഗ്ധസംഘത്തിന്റെ പരിശോധന കഴിഞ്ഞപ്പോള്‍

ഒരു സുപ്രഭാതത്തില്‍ ആകാശത്തുനിന്ന് ആര്‍ക്കെങ്കിലും ഒരു വലിയ സമ്മാനം കിട്ടിയാല്‍ എന്തായിരിക്കും ആ നാട്ടിലെ സ്ഥിതി. ആളുകള്‍ പിന്നെ മനസമാധാനത്തോടെ ഉറങ്ങുമോ. ഹരിയാനയിലെ ഫസില്‍പുരി ബദ്‌ലി ഗ്രാമത്തില്‍ സംഭവിച്ചിരിക്കുന്നത് സമാനമായ ഒരു കാര്യമാണ്. രാവിലെ പതിവുപോലെ പ്രഭാതകര്‍മ്മം നിര്‍വഹിക്കുന്നതിനായി വെളിമ്പ്രദേശത്ത് ഇരിക്കുമ്പോഴാണ് രാജ്ബീര്‍ യാദവ് എന്ന കര്‍ഷകന്‍ ആ കാഴ്ച കണ്ടത്. ആകാശത്തുനിന്ന് എന്തോ ഒന്ന് ഗോതമ്പ് പാടത്ത് വന്ന് പതിക്കുന്നു. വലിയ ശബ്ദത്തോടെ വന്ന് പതിച്ച ആ സാധനം വിമാനത്തില്‍ നിന്ന് വന്നതാണെന്ന് അദ്ദേഹമൊട്ട് കണ്ടതുമില്ല.

വെള്ളനിറത്തിലുള്ള ഐസ്‌കട്ടപോലെയിരിക്കുന്ന വസ്തുവാണെന്ന് പ്രഥമ പരിശോധയില്‍ മനസ്സിലായി. എന്നാല്‍ ഗ്രാമത്തിലെ ചില ‘അറിവുള്ളവര്‍’ പറഞ്ഞു. അത് വേറൊന്നുമല്ല, ഉല്‍ക്കയാണ്. കുറച്ചുകൂടി അറവ് കുറഞ്ഞവര്‍ പറഞ്ഞു, ഐസ്‌കട്ടയ്ക്കുള്ളില്‍ അമൂല്യ ധാതുക്കളെന്തെങ്കിലും ഉണ്ടാവും. എന്തായാലും നിധിയല്ലേ. കളയണ്ട. അങ്ങനെ ഐസ് കഷണങ്ങള്‍ പലരും വീട്ടിലേയ്ക്ക് കൊണ്ടുപോയി ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകന്റെ പാടത്ത് ആകാശത്തു നിന്ന് നിധി വീണകാര്യം കാട്ടുതീ പോലെ പടര്‍ന്നു. മറ്റുള്ള ദേശക്കാരും ഉദ്യോഗസ്ഥരും സ്ഥലത്ത് പറന്നെത്തി. ഫറൂഖാബാദ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിച്ചേര്‍ന്നു. വിദഗ്ധസംഘത്തിന്റെ പരിശോധന കഴിഞ്ഞപ്പോഴാണ് അജ്ഞാതശിലയ്ക്ക് പിന്നിലെ ദുരൂഹതകളൊഴിഞ്ഞത്. സംഭവം ഉല്‍ക്കയും ധാതുക്കളുമൊന്നുമല്ല ബ്ലുഐസാണെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ അറിയിച്ചു.

വിമാനത്തിന്റെ ടോയ്ലെറ്റില്‍ നിന്നുള്ള മാലിന്യമാണ് ബ്ലൂഐസ്. യാത്രയ്ക്കിടയില്‍ സൂക്ഷിക്കാനും പിന്നീട് നശിപ്പിക്കാനുമുള്ള സൗകര്യത്തിനായി ഇവ ശീതികരിച്ചാണ് സൂക്ഷിക്കുന്നത്. പ്രത്യേക രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്ന മാലിന്യം അബദ്ധവശാല്‍ വിമാനത്തില്‍ നിന്ന് ചോര്‍ന്നതാവാം എന്ന നിഗമനത്തിലാണ് അധികൃതര്‍. എന്നാല്‍ ഇതെല്ലാം കേട്ട് അന്തംവിട്ട്നിന്ന നാട്ടുകാരെ ഒരുപാട് പാടുപെട്ടാണ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബ്ലൂഐസ് വിശദപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് കൈമാറുമെന്ന് പടൗഡി സബ് കളക്ടര്‍ വിവേക് കാലിയ പറഞ്ഞു. ഇതിന് മുമ്പും ഹരിയാനയില്‍ പലയിടത്തും ബ്ലൂഐസ് വീണ്ടിട്ടുണ്ട്. തിരക്കേറിയ വ്യോമപാതയായതിനാലാണിത്. ഏതായാലും അമളി തിരിച്ചറിഞ്ഞതോടെ ‘നിധി’ സൂക്ഷിച്ചിരുന്ന വീടുകളെല്ലാം വൃത്തിയാക്കുന്ന തിരക്കിലാണ് ആളുകള്‍.

Related posts