ഹാരിസണ്‍ പ്രതികാര നടപടികള്‍ തുടങ്ങി ! സുശീലാ ഭട്ടിനെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതോടെ കാര്യങ്ങളെല്ലാം അനുകൂലമായി;പതിനായിരക്കണക്ക് ഏക്കറിലെ കൈയേറ്റം കണ്ടെത്തിയ സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയം ഉടന്‍ പൂട്ടിക്കും

പത്തനംതിട്ട:തങ്ങള്‍ക്കെതിരേ നീങ്ങിയവര്‍ക്ക് എട്ടിന്റെ പണി നല്‍കാനുറച്ച് ഹാരിസണ്‍. ഹാരിസണ്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളും വ്യക്തികളും കൈവശം വച്ചിട്ടുള്ള തോട്ടങ്ങളെപ്പറ്റി അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഓഫീസറുടെ കാര്യാലയം പൂട്ടാന്‍ റവന്യൂ വകുപ്പ് നീക്കം തുടങ്ങി. യു.കെയിലെ കിങ്‌സ് കോളജില്‍ ഉപരിപഠനത്തിനായി സ്‌പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ഒരു വര്‍ഷം അവധിയെടുത്ത് പോയതോടെയാണ് ഇത്. രാജമാണിക്യം തിരിച്ചു വന്നാലും സെപ്ഷ്യല്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.

അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ സന്ധിയില്ലാത്ത നിലപാടെടുത്ത രാജമാണിക്യം കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളില്‍ രാജമാണിക്യം നടത്തിയ പരിശോധനയില്‍ ഭൂമിക്കുമേല്‍ ഹാരിസണും എ.വി.റ്റി, ടി.ആര്‍.ആന്‍്ഡ്.ടി അടക്കമുള്ള കമ്പനികള്‍ക്കും അവകാശമില്ലെന്ന് കണ്ടെത്തി. ഹാരിസണ്‍ അടക്കമുള്ളവരുടെ വാദം കേട്ട ശേഷം വ്യക്തമായ രേഖകളില്ലാത്തതിനാല്‍ 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി സ്‌പെഷല്‍ ഓഫീസര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതോടെയാണ് രാജമാണിക്യം ഭൂമാഫിയയുടെ കണ്ണിലെ കരടായത്.

ഭൂമാഫിയയ്ക്ക് എതിരേ എടുത്ത ശക്തമായ നടപടി എടുത്തതിന് കനത്ത തിരിച്ചടിയാണ് രാജമാണിക്യത്തിന് കിട്ടിയത്. എറണാകുളത്തെ മുന്‍ കളക്ടറെ കെഎസ്ആര്‍ടിസി എംഡിയാക്കി. പിന്നീട് യൂണിയനുകളുടെ എതിര്‍പ്പോടെ ഈ പദവിയും പോയി. ഭക്ഷ്യസുരക്ഷാ കമ്മീഷണറാക്കിയും മൂലയ്ക്കിരുത്താന്‍ ശ്രമിച്ചെങ്കിലും അതിശക്തമായ നടപടികള്‍ രാജമാണിക്യം എടുത്തു. ഒതുക്കലുകള്‍ സ്ഥിരമായതോടെയാണ് ഒരു വര്‍ഷത്തെ അവധിയെടുത്ത് പഠനത്തിന് യുകെയില്‍ പോയത്. ഇതിന് പിന്നാലൊണ് സ്പെഷ്യല്‍ ഓഫീസറുടെ കാര്യാലയം പൂട്ടാനുള്ള നീക്കം തുടങ്ങിയത്. ആറുമാസം മുമ്പ് ഹാരിസണ് അനുകൂലമായി ഹൈക്കോടതി ഉത്തരവ് വന്നയുടന്‍ തന്നെ ഓഫീസിനു പ്രസക്തിയില്ലെന്ന് കാട്ടി റവന്യൂസെക്രട്ടറി ഫയലില്‍ കുറിപ്പെഴുതിയത് വിവാദമായിരുന്നു.

എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തേണ്ടയെന്നായിരുന്നു റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശം. ഹൈക്കോടതി വിധിക്കെതിരേയുള്ള സര്‍ക്കാര്‍ അപ്പീല്‍ കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയതോടെയാണ് ഭൂമാഫിയയ്ക്കു വേണ്ടിയുള്ള ചരടുവലി വകുപ്പില്‍ വീണ്ടും ശക്തമായത്. ഭൂമി ഏറ്റെടുക്കാന്‍ നിലവിലുള്ള നിയമം മൂലം സാധിക്കുമെന്നുള്ള രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ഓഫീസ് നിര്‍ത്തലാക്കുന്നതെന്നാണ് ശ്രദ്ധേയം. ഹാരിസണ്‍സ് കമ്പനിയുടെ അനധികൃത ഭൂമി ഇടപാടികളെപ്പറ്റിയുള്ള വിവാദങ്ങളെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ റവന്യൂ മന്ത്രിയായിരുന്ന കെ.എം മാണിയാണ് 2005-ല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നിവേദിതാ പി. ഹരനെ അന്വേഷണ കമ്മിഷനായി നിയമിച്ചു. ഇതും ഹാരിസണിന് എതിരായിരുന്നു.

2011-ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ്. സര്‍ക്കാര്‍, ഹാരിസണ്‍സ് തോട്ടങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി. തോട്ടം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേസ് വിജിലന്‍സിന് വിട്ടു. ഇതിനിടെ രണ്ടു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാനാവുന്നതാണെങ്കില്‍ അതിനായി സ്‌പെഷല്‍ ഓഫീസറെ നിയോഗിക്കാമെന്ന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് 2013 ഏപ്രില്‍ 25ന് ഏഴുജില്ലകളിലെ ഹാരിസണ്‍സ് ഭൂമിയുടെ കൈയേറ്റം പരിശോധിച്ച് നടപടിയെടുക്കാന്‍ എം.ജി. രാജമാണിക്യത്തെ നിയോഗിച്ചത്. രാജമാണിക്യവും കൈയേറ്റങ്ങള്‍ അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ ഹാരിസണ് നല്ലകാലം തുടങ്ങി.

ഹാരിസണുമായി ബന്ധപ്പെട്ട കേസുകള്‍ വാദിച്ച സ്‌പെഷല്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ പുറത്താക്കി. ഇതോടെ കേസുകളെല്ലാം ഹാരിസണിന് അനുകൂലമായി. അപ്പോഴും രാജമാണിക്യമെന്ന സ്പെഷ്യല്‍ ഓഫീസറെ കൈയേറ്റക്കാര്‍ ഭയന്നു. ഈ സാഹചര്യത്തിലാണ് സ്പെഷ്യല്‍ ഓഫീസര്‍ എന്ന പദവിയും ഓഫീസും ഇല്ലായ്മ ചെയ്യാന്‍ കരുക്കള്‍ നീക്കുന്നത്. ഇതും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണെന്ന വിമര്‍ശനം ഉയരുകയാണ്.

Related posts