ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുന്നതായിരുന്നു ! മന്ത്രിമാര്‍ക്ക് ആകെ താല്‍പര്യമുള്ളത് വിദേശയാത്രകളില്‍ മാത്രം; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി…

സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം വന്നത്.

‘ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല.’ മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മാത്രമാണെന്ന വിമര്‍ശനവും കോടതി നടത്തി. വാക്കാലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സര്‍ക്കാര്‍ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.

എ.സി മുറികളിലിരുന്ന് ഉത്തരവിടുക മാത്രമാണ് ഐഎഎസുകാര്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു

Related posts