യുവാക്കളുടെ മനസ് ഇപ്പോഴും മോദിക്കൊപ്പം;ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യൂത്ത് സര്‍വേയില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്ന പൊതുപ്രവര്‍ത്തകരില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്

ഇന്ത്യന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി യുവാക്കളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇഷ്ടപ്പെട്ട സിനിമാതാരം, ജീവിച്ചിരിക്കുന്ന മാതൃകാ വ്യക്തിത്വം, ലൈംഗികാകര്‍ഷണത്വം(പുരുഷന്‍,വനിത), കായികതാരം എന്നീ മേഖലകളിലും വോട്ടെടുപ്പ് നടന്നു.

എസ്ആര്‍കെയെ പിന്തള്ളി സല്‍മാന്‍

സിനിമാ താരങ്ങളെ ദൈവങ്ങളേപ്പോലെ ആരാധിക്കുന്ന രാജ്യത്തെ യുവാക്കളുടെ മനസില്‍ ഒന്നാമനായി ഇടം പിടിച്ച സല്‍മാന്‍ പിന്നിലാക്കിയത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍, ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍ എന്നീ വമ്പന്മാരെയാണ്. യഥാക്രമം 18.3%,15.3%,13.3%,13.2% എന്നിങ്ങനെയാണ് ഈ നാലുപേര്‍ക്ക് കിട്ടിയ വോട്ട്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 50ലധികം താരങ്ങളില്‍ നിന്നുള്ള ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ പഴയ ഇഷ്ടങ്ങളില്‍ നിന്നു വ്യതിചലിക്കാന്‍ യുവാക്കള്‍ തയ്യാറായിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ലിസ്റ്റില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കങ്കണ റണൗത്ത്, വിദ്യാ ബാലന്‍ എന്നിവരെ ആരാധകര്‍ തിരസ്‌കരിച്ചത് അതിശയമായി.നവാസുദ്ദീന്‍ സിദ്ധിഖിയെയും ഇര്‍ഫാന്‍ ഖാനെയും പോലെയുള്ള കറ കളഞ്ഞ നടന്മാരേക്കാളും യുവാക്കള്‍ക്കിഷ്ടം താരമുല്യമുള്ള നടന്മാരെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സര്‍വേ. നവാസുദ്ധീന്‍ സിദ്ദിഖി മികച്ച നടനാണെങ്കിലും തങ്ങളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് യോജിച്ച നായകന്മാരോടാണ് തങ്ങള്‍ക്ക് താത്പര്യമെന്ന് സര്‍വേയില്‍ പങ്കെടുത്ത 23കാരി ഷഗുഫ്താ അലി പറയുന്നു.

യുവാക്കളുടെ ലിവിംഗ് റോള്‍മോഡലായി മോദി

ജീവിച്ചിരിക്കുന്ന മാതൃകാവ്യക്തിത്വങ്ങളില്‍ യുവാക്കളെ ഏറ്റവുമധികം സ്വാധീനിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ തവണ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു ഈ സ്ഥാനത്ത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മോദി ഈ ലിസ്റ്റില്‍ ഇടംപിടിക്കുന്നത്.സ്വാധീനശക്തി,അധികാര ശക്തി, പണം, ആകര്‍ഷകത്വം എന്നിവയായായിരുന്നു ഈ സ്ഥാനത്തിനുള്ള മാനദണ്ഡം. കുറുക്കു വഴികളില്ലാതെ വിജയം വരിച്ചവരാണ് യുവാക്കളുടെ മനസില്‍ ഇടം നേടിയത്. കഴിഞ്ഞ മൂന്നു വര്‍ഷവും ലിസ്റ്റില്‍ ഇടം നേടിയ ബരാക് ഒബാമ ഇത്തവണ ചിത്രത്തിലേയില്ല. എന്നാല്‍ ബില്‍ ഗേറ്റ്‌സ്(25.6%), സുന്ദര്‍ പിച്ചായി(11.10%), മലാലാ യൂസഫ്‌സായ്(6.8%) എന്നിവര്‍ക്ക് മോദിയ്ക്കു പിന്നില്‍ പട്ടികയില്‍ ഇടംനേടാനായി. ചിലര്‍ ശ്രീ ശ്രീ രവിശങ്കറിനെയും റോള്‍മോഡലായി പരിഗണിക്കുന്നുണ്ട്. ജീവനകലയിലൂടെ സമൂഹത്തെ സമാധാനത്തിന്റെ പാതയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്ന് അവര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് രണ്‍ബീറിനെ മതി

ഏറ്റവുമധികം ലൈംഗികാകര്‍ഷകത്വമുള്ള നടന്റെ പട്ടികയില്‍ രണ്ടുവര്‍ഷം മുമ്പുവരെ സല്‍മാന്‍ ആയിരുന്നു ഒന്നാമന്‍. എന്നാല്‍ ഇന്ന് രാജ്യത്തെ പെണ്‍കുട്ടികളുടെ സ്വപ്നകാമുകന്‍ രണ്‍ബീര്‍ കപൂറാണ്. സര്‍വേയില്‍ പങ്കെടുത്ത 32.7 ശതമാനം ആളുകളും രണ്‍ബീറിനെ പിന്തുണച്ചപ്പോള്‍ തൊട്ടടുത്തെത്തിയ രണ്‍വീര്‍ സിംഗിന് കിട്ടിയത് 21.6 ശതമാനം വോട്ട്. ഹൃതിക് റോഷന്‍, ജോണ്‍ ഏബ്രഹാം, ടോം ക്രൂയിസ് തുടങ്ങിയവരെ പിന്തള്ളി യുവ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ മൂന്നാമതെത്തിയതാണ് ഏവരെയും അമ്പരപ്പിച്ചത്.
” ഹൃതിക് റോഷന്‍ ഹോട്ടും സെക്‌സിയുമാണ് പോരാത്തതിന് കിടിലന്‍ ബോഡിയും, പക്ഷെ രണ്ടു കുട്ടികളുടെ അച്ഛനാണെന്നത് ദുഖകരമാണ്” 24കാരിയായ എംഎ വിദ്യാര്‍ഥിനി മൃണാള്‍ മദന്‍ പറയുന്നു. ബാഹുബലി നായകന്‍ പ്രഭാസിനും ആരാധകര്‍ ഏറെയുണ്ട്.

ദീപിക സെക്‌സിയസ്റ്റ് വനിത

തന്റെ ഹോളിവുഡ് അരങ്ങേറ്റം തകര്‍പ്പനാക്കിയ ദീപിക പദുക്കോണാണ് പുരുഷന്മാരുടെ ചങ്ക് ഗേള്‍. അഞ്ചുവട്ടം ഈ ബഹുമതി നേടിയ കത്രീന കൈഫിന് ഇത്തവണ ആദ്യ സ്ഥാനങ്ങളില്‍ എത്താന്‍ പോലുമായില്ല.യുവാക്കളില്‍ മൂന്നിലൊന്നു പേരും ഇത്തവണ വോട്ട് ചെയ്തത് ദീപികയ്ക്കാണ്. പ്രിയങ്കാ ചോപ്ര രണ്ടാമതെത്തിയപ്പോള്‍ യുവാക്കളുടെ രോമാഞ്ചം അലിയാ ഭട്ടിനാണ് മൂന്നാം സ്ഥാനം.

കോഹ്‌ലി തന്നെ സൂപ്പര്‍

കായികതാരങ്ങളില്‍ ഹോട്ട് ഫേവറൈറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി തന്നെ. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ രണ്ടാമതെത്തിയപ്പോള്‍ ഫുട്‌ബോളിലെ സൂപ്പര്‍മാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് മൂന്നാം സ്ഥാനം.നാലാം സ്ഥാനത്തെത്തിയ പിവി സിന്ധു വനിതകളുടെ അഭിമാനം കാത്തു.

പൊതുപ്രവര്‍ത്തകരില്‍ മോദി തന്നെ താരം

ഇന്ത്യന്‍ യുവത്വത്തിന് ഇപ്പോഴും പ്രിയപ്പെട്ട രാഷ്ട്രീയക്കാരന്‍ നരേന്ദ്രമോദി തന്നെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ ഇടിവുണ്ടായെങ്കിലും 47.5% വോട്ടു നേടിയ മോദിയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ ഇത്തവണയും ആരുമുണ്ടായില്ല.8.9% വോട്ടുമായി രാഹുല്‍ ഗാന്ധിയും 8.7 വോട്ടുമായി അമ്മ സോണിയാ ഗാന്ധിയുമാണ് മോദിയ്ക്കു പിന്നിലുള്ളത്. 7 ശതമാനം വോട്ടുവീതം നേടിയ മമതാബാനര്‍ജിയും അരവിന്ദ് കെജ് രിവാളുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

Related posts