രാജാക്കാട്: നൂറ്റിയൊന്നുകാരി ഹോം വോട്ടിംഗ് ചെയ്തു. രാജാക്കാട് പഴയവിടുതി സ്വദേശി പൂവത്തുംമൂട്ടിൽ മറിയാമ്മ മത്തായിയാണ് വീട്ടിൽ വോട്ടവകാശം രേഖപ്പെടുത്തിയത്. രാജാക്കാട് പഞ്ചായത്തിലെ 8, 11, 12 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്ന വീട്ടിലെ വോട്ട് നടപടിയുടെ ഭാഗമായാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിംഗ് ഓഫീസർമാരായ സൗമ്യ സെബാസ്റ്റ്യൻ, ഷാജിത എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി വോട്ടർമാർക്ക് പോളിംഗിനുള്ള സംവിധാനം ഒരുക്കിയത്.
ഹോം പോളിങ്ങിലൂടെ 19 പേർ മൂന്നു ബൂത്തുകളിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഎൽഒമാരായ ജാൻസി തോമസ്, സി.ജി. ജോബി, മനോജ് എന്നിവരും സിപിഒ ജിനു, അരവിന്ദ് എസ്. കുമാർ, ഡ്രൈവർ തങ്കം മുനിയാണ്ടി, ജിതിൻ ലാൽ എന്നിവരും ഹോം വോട്ടിംഗ് സംഘത്തെ അനുഗമിച്ചു.
സംസ്ഥാനത്ത് 85 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ എന്നിവർക്കായി തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയ സംവിധാനമാണ് വീട്ടിലെ വോട്ട്. പ്രത്യേക അപേക്ഷ നൽകിയവർക്ക് പോളിംഗ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
