അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യസഞ്ചാരത്തിൽ നിർണായകഘട്ടം പിന്നിട്ട് ആർട്ടെമിസ് 2 ദൗത്യം. ചന്ദ്രന്റെ മറുവശത്തു സഞ്ചരിക്കവെ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായ പേടകം, വീണ്ടും വിജയകരമായി സിഗ്നലുകൾ പുനഃസ്ഥാപിച്ചു. ഭൂമിയിൽനിന്ന് ഇതുവരെയെത്താത്ത ദൂരത്തിലാണ് ആർട്ടെമിസ് 2 സംഘം ഇപ്പോൾ സഞ്ചരിക്കുന്നത്.
1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ് 2 സംഘം മറികടന്നത്. ഭൂമിയിൽനിന്ന് ഏകദേശം 2,52,760 മൈൽ (4,06,778 കിലോമീറ്റർ) അകലെ എത്തിയതോടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരമെന്ന നേട്ടം ഈ ദൗത്യത്തിനു സ്വന്തമായി.”വരും തലമുറകൾക്ക് ഈ റിക്കാർഡ് വെല്ലുവിളിയാകട്ടെ’ എന്നാണ് ടീമിലെ കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ വിശേഷിപ്പിച്ചത്.
റോബോട്ടുകൾ അയച്ച ചിത്രങ്ങളിലൂടെ മാത്രം നാം കണ്ടിരുന്ന ചന്ദ്രന്റെ ഉപരിതലത്തെ മനുഷ്യന്റെ കണ്ണുകളിലൂടെ സംഘം വിശദീകരിച്ചു. ചന്ദ്രനിലെ പകലും രാത്രിയും വേർതിരിക്കുന്ന “ടെർമിനേറ്റർ’ രേഖയെക്കുറിച്ചും, പ്രകാശമേറ്റ ക്രേറ്ററുകളെക്കുറിച്ചും വിക്ടർ ഗ്ലോവറും ക്രിസ്റ്റീന കോച്ചും നൽകിയ വിവരണങ്ങൾ ശാസ്ത്രലോകത്തെ ആവേശം കൊള്ളിച്ചു.
ദൂരപരിധി മറികടന്നതിനു പിന്നാലെ തികച്ചും വൈകാരികമായ നിമിഷങ്ങൾക്കും നാസ സാക്ഷ്യംവഹിച്ചു. പേടകത്തിന്റെ വിളിപ്പേരായ “ഇന്റഗ്രിറ്റി’ എന്നത് ഒരു ഗർത്തത്തിന് നൽകാൻ തീരുമാനിച്ചു. കൂടാതെ, ദൗത്യത്തിന്റെ കമാൻഡറായ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യയുടെ സ്മരണയ്ക്കായി മറ്റൊരു ഗർത്തത്തിന് “കരോൾ’ എന്നു പേരിടാനും അവർ അഭ്യർഥിച്ചു.
കാൻസർ ബാധിച്ച് മരിച്ച കരോളിനോടുള്ള ആദരസൂചകമായി ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘം ഇനി നാലു ദിവസത്തെ മടക്കയാത്രയ്ക്കായി തയാറെടുക്കുകയാണ്.
ചന്ദ്രനെ വലംവച്ചു ഭൂമിയിലേക്കു തിരിക്കുന്ന ഫ്രീ റിട്ടേൺ ട്രാജക്ടറിയിലൂടെയാണ് ഓറിയോൺ പേടകം സഞ്ചരിക്കുന്നത്. യാത്രയ്ക്കിടയിൽ ചന്ദ്രനു പിന്നിൽ സൂര്യൻ മറയുന്ന സൗരയൂഥ പ്രതിഭാസത്തിനും സഞ്ചാരികൾ സാക്ഷ്യം വഹിക്കും.
