Set us Home Page

ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ കേസെടുത്തത് 32,720 പേര്‍ക്കെതിരേ; അറസ്റ്റ് ചെയ്ത് അകത്താക്കിയത് 3505 പേരെ; എല്ലാം മറക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് എട്ടിന്റെ പണിയുമായി മനുഷ്യാവകാശ കമ്മീഷന്‍

ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ നിന്ന് അകന്ന ഭക്തരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സിപിഎം. എന്നാല്‍ ശബരിമല പ്രക്ഷോഭകാലത്ത് പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരേ എടുത്ത കേസുകള്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ ഇപ്പോള്‍ പാര്‍ട്ടിയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്.

കേസുകളില്‍ ബഹുഭൂരിപക്ഷവും കള്ളക്കേസാണെന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആരോപിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സിപിഎമ്മിന് തലവേദനയായി. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അച്ഛനോടുള്ള ശത്രുത തീര്‍ക്കാന്‍ മകനെ കള്ളക്കേസില്‍ കുരുക്കിയെന്ന ആരോപണം ജില്ലാ പോലീസ് സൂപ്രണ്ട് (കൊല്ലം റൂറല്‍) നിയമപരമായ വിധത്തില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. ശാസ്താംകോട്ട ആലയില്‍ കിഴക്കേതില്‍ മണികണ്ഠന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാറിന്റെ നിര്‍ദ്ദേശം. ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിനെതിരെയാണ് പരാതി.

പരാതിക്കാരന്റെ മകനെതിരെ ക്രൈം 10/19, 11/19 നമ്പറുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ശാസ്താംകോട്ട സി ഐ അറിയിച്ചു. പരാതിക്കാരന്റെ മകന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചില്ല. താന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാത്തതിനാലാണ് ജാമ്യം ലഭിക്കാത്തതെന്ന് മനസിലാക്കിയാണ് പരാതിക്കാരന്‍ കമ്മീഷനില്‍ പരാതി നല്‍കിയതെന്ന് സി ഐ ആരോപിച്ചു. പരാതിക്കാരന്‍ നിരവധി കേസുകളില്‍ പ്രതിസ്ഥാനത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശാസ്താംകോട്ട സ്റ്റേഷനിലെ മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പ്രേരണയിലാണ് സിഐ തനിക്കെതിരെ അനാവശ്യമായ കേസുകള്‍ എടുത്തതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

തനിക്കും മകനും പോലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും സിഐ അംഗീകരിച്ചില്ല. കോടതി ഉത്തരവ് ലഭിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്ന ആരോപണം ജില്ലാ പോലീസ് മേധാവി വസ്തുനിഷ്ഠമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പക്ഷപാതപരമായ അന്വേഷണം പോലീസ് നടത്തിയെങ്കില്‍ അക്കാര്യം തെളിയിക്കാനുള്ള രേഖകള്‍ പരാതിക്കാരന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് 1320 പേരെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കരുതല്‍ കസ്റ്റഡി എന്നനിലയില്‍ 843 പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധയിടങ്ങളില്‍ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേര്‍ക്കെതിരെ കേസെടുത്തു. അതേസമയം പ്രക്ഷോഭം നടന്ന ഒക്ടോബറില്‍ 529 കേസിലായി 3505 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് തന്നെ അറിയിച്ചിരുന്നു.

നിലയ്ക്കല്‍ സംഘര്‍ഷത്തിലും ഹര്‍ത്താല്‍ അക്രമങ്ങളിലും പ്രതികളായവരുടെ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. വിവിധ സംഘര്‍ഷങ്ങളുടെ പേരില്‍ കണ്ടാലറിയാവുന്ന 4000 പേര്‍ക്കെതിരെയായിരുന്നു ആദ്യം കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തി നാമജപ ഘോഷയാത്രയില്‍ പങ്കാളിയായ സ്ത്രീകള്‍ക്കെതിരെയടക്കം കേസ് എടുത്തെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു. പിടികിട്ടാനുള്ളവരുടെ ചിത്രങ്ങള്‍ വിമാനത്താവളം അധികൃതര്‍ക്ക് അയച്ചു കൊടുത്തിത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ എല്ലാം മാറിമറഞ്ഞു.
ആര്‍ക്കും ശബരിമല മിണ്ടാനുമില്ല. അതിനിടയ്ക്കാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS