ഇനി വരുന്നത് മരണമില്ലാത്ത കാലം ! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പണക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് അമരത്വം; സ്വന്തം ശരീരം നശിച്ചു കഴിഞ്ഞാലും യന്ത്ര മനുഷ്യനിലേക്ക് മനസിനെ പറിച്ചു നടാമെന്ന് ശാസ്ത്രജ്ഞര്‍

ഈ ലോകത്തില്‍ നാം എന്തൊക്കെ നേടിയാലും സ്വന്തം ജീവന്‍ നഷ്ടമായാല്‍ നേടിയതൊക്കെ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം പണ്ടു മുതല്‍ക്കെത്തന്നെ എല്ലാരും സ്വയം ചോദിക്കുന്നതാണ്. എന്നാല്‍ മരണമില്ലാത്ത ഒരു അവസ്ഥ വന്നാലോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമബുദ്ധി) എന്ന ആശയത്തിന്റെ പ്രധാന ലക്ഷ്യം തന്നെ ഇതാണ്. പലരും ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും 2050 ഓടെ പണക്കാരായ മനുഷ്യര്‍ക്ക് അമരത്വം സാധ്യമാകുമെന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.

മനുഷ്യന്‍ മരിക്കേണ്ടി വരുന്നത് ശരീരത്തിന്റെ ശേഷികള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ. എന്നാല്‍ ശരീരത്തിന്റെ ഇന്നത്തെ പരിമിതികളെ മറികടക്കാന്‍ 2050ഓടെ ശാസ്ത്രത്തിനു സാധിക്കുമെന്നാണ് ഡോക്ടര്‍ ഇയാന്‍ പിയേഴ്‌സണിന്റെ അവകാശ വാദം. ജനിറ്റിക് എഞ്ചിനീയറിംഗിലൂടെ കോശങ്ങളുടെ പ്രായമാകല്‍ വിപരീത ദിശയിലാക്കുന്നതിലൂടെയാണ് ഇതു സാധ്യമാവുകയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ, സ്വന്തം ശരീരം മരിച്ചു കഴിഞ്ഞ ശേഷം യന്ത്രമനുഷ്യനിലേക്ക് (android bodies) മനസ്സിനെ പറിച്ചു നടാമെന്നാണ് അദ്ദേഹം പറയുന്നത്. ഉടല്‍ പ്രവര്‍ത്തന രഹിതാമയാലും, പ്രജ്ഞയെ (consciounsess) അപ്ലോഡു ചെയ്ത് വെര്‍ച്വല്‍ ലോകത്ത് ജീവിതം സാധ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രവചനം നടത്തിയ ഡോ. പിയേഴ്സണ്‍ ഇംഗ്ലണ്ടിലെ ഇപ്സ്വിചില്‍ നിന്നുള്ള ഒരു എന്‍ജിനീയറും പല കണ്ടുപിടുത്തക്കാരനും മറ്റല്ലാത്തിനും ഉപരിയായി മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ച് ക്ലാസുകളെടുക്കുന്നയാളുമാണ്.

എന്നാല്‍, പല മുന്‍ പ്രവചനങ്ങളെയും പോലെ അദ്ദേഹവും പറയുന്നത്, ആ സുവര്‍ണ്ണകാലം കാശുകാര്‍ക്കും, പ്രശസ്തര്‍ക്കുമായിരിക്കും വരികയെന്നാണ്. കാരണം ഇതെല്ലാം ചിലവുള്ള കാര്യങ്ങളാണ്. മധ്യവര്‍ഗത്തിന് ഈ കാര്യങ്ങള്‍ 2050ല്‍ പ്രാപ്യമായേക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രവചന പ്രകാരം 1970ലോ (ഈ വര്‍ഷം 48 വയസ്) അതിനു ശേഷമോ ജനിച്ച കാശുകാര്‍ക്ക് തീര്‍ച്ചയായും ഇത്തരം ഒരു സാധ്യത നിലനില്‍ക്കുന്നു. (ഇപ്പോള്‍, 50 വയസു തികയാത്തവര്‍ക്കും അദ്ദേഹം ഒരു സാധ്യത കല്‍പ്പിക്കുന്നുണ്ട്!) മരണത്തെ ഒഴിവാക്കാനുള്ള പല വികാസ പരിണാമങ്ങളും വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഒന്ന്, ജനിറ്റിക് എന്‍ജിനീയറിങ്ങിലൂടെ പുതിയ ശരീര ഭാഗങ്ങള്‍ സൃഷ്ടിക്കാമെന്നതാണ്. ലാബില്‍ നിര്‍മിച്ച സംയുക്തകോശങ്ങളും (tissues) അവയവങ്ങളും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ വിജയകരമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇതിലൂടെ മറ്റു മനുഷ്യരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്നതു പോലെ, അവയവ നിരസിക്കല്‍ (rejection) കുറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കോശങ്ങള്‍ക്ക് സ്വാഭാവികമായി പ്രായമാകും. അവയ്ക്ക് പൂര്‍വ്വസ്ഥിതിയിലാകാനുള്ള ശേഷി നഷ്ടപ്പെടും. എന്നാല്‍, ചിലയാളുകള്‍ പറയുന്നത് കോശങ്ങളുടെ പ്രായമാകല്‍ എതിര്‍ദിശയിലേക്കു തിരിച്ചു വിടാമെന്നാണ്.

ഒരാള്‍ക്കും ഒരു 95 വയസുകാരനായി കാലാകാലം ജീവിച്ചിരിക്കാന്‍ ആഗ്രഹമില്ല. പക്ഷെ അതേ സമയം പ്രായത്തെ മുപ്പതിലേക്ക് തിരിച്ചു നടത്തിയാലോ ? മറ്റൊരു സാധ്യത എന്നു പറയുന്നത് നമ്മള്‍ നമ്മളുടെ പ്രായമായ ശരീരം വെടിഞ്ഞ്, കൃത്രിമമായി നിര്‍മിക്കപ്പെട്ട ഒരു ശരീരത്തിലേക്ക് (പുറം തോടിലേക്ക്) പ്രവേശിക്കുക എന്നതാണ്. വേണമെന്നു തോന്നുമ്പോളെല്ലാം ശരീരത്തെിന് പുനര്‍ യൗവ്വനം നല്‍കാന്‍ സാധിക്കുന്ന കാലത്തിനു മുന്‍പ് സാധ്യമായത് നമ്മളുടെ മനസിനെ, ഇപ്പോള്‍ അനുദിനം ശക്തിപ്രാപിക്കുന്ന യന്ത്രലോകവുമായി ബന്ധിപ്പിക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ നമ്മള്‍ പിന്നീടു ജീവിച്ചിരിക്കുന്നത് ക്ലൗഡിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇതെല്ലാം വെറും ഭാവനയല്ല. കഴിഞ്ഞയാഴ്ച ദുബായില്‍ സംഘടിപ്പിച്ച വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ ഒരു ഹിബ (HIBA, Hybrid Intelligence Biometric Avatar) അവതരിപ്പിച്ചിരുന്നു. ഹിബ പല തരം പഠനങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു. മനുഷ്യര്‍ക്ക് സംയുക്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രജ്ഞയിലൂടെ ഒരുമിക്കാമെന്നാണ് കാണിച്ചു തരുന്നത്. ഈ അന്തര്‍ദേശീയ നെറ്റ്വര്‍ക്ക് 2050ലെങ്കിലും മനുഷ്യര്‍ക്ക് സംസാരം (speech) നിര്‍ത്താമെന്നും, ചിന്തയിലൂടെ പരസ്പരം സംവേദിക്കാമെന്നും പറയുന്നു.

ഡോക്ടര്‍ പിയേഴ്സണ്‍ ഈ ആശയം ഒരു പടി കൂടെ മുന്നോട്ടു കൊണ്ടുപോയി. 2050ല്‍ മനുഷ്യജീവിതം കംപ്യൂട്ടറുമായി ബന്ധിപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ആന്‍ഡ്രോയിഡ് ശരീരം വഹിക്കുന്ന മനുഷ്യരെ ഈ രീതിയില്‍ ബന്ധിപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. പ്രജ്ഞ ക്ലൗഡിലേക്ക് അപ്ലോഡു ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് പലതരം ആന്‍ഡ്രോയിഡ് പുറം ചട്ടകള്‍ സ്വീകരിക്കാം (മക്കള്‍ക്കു കാശുള്ളതു പോലെ ഓരോന്ന് വാങ്ങി നല്‍കാം.) ലൈംഗികതയ്ക്കായി വില്‍ക്കുന്ന മനുഷ്യാകാരമുള്ള പാവകള്‍ (sex dolls) ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് ആയിക്കൊണ്ടിരിക്കുന്നുവെന്നതും ഈ രീതിയിലുള്ള സാധ്യതകളുടെ വാകാസത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഇത്തരം ശരീരങ്ങള്‍ക്ക് മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ന് അചിന്ത്യമായ മാറ്റം വരുമെന്നാണ് പറയുന്നത്. പ്രജ്ഞയെ ഇത്തരം ആന്‍ഡ്രോയിഡുകളില്‍ കുടിയിരുത്തുന്നതിനെ ഡോക്ടര്‍ പിയേഴ്സണ്‍ താരതമ്യം ചെയ്യുന്നത് ടാക്സി വിളിക്കുന്നതിനോടാണ്. ഇന്ത്യയില്‍ തന്നെ ഒരു വെക്കേഷന്‍ ചിലവഴിക്കാന്‍ പോകുന്നതിനു പകരം നമുക്ക് ഏതു രാജ്യത്തുമുള്ള ഒരു ആന്‍ഡ്രോയിഡ് ശരീരത്തിലേക്കു മനസിനെ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആശയങ്ങളെ ഭ്രാന്ത് എന്നു പറഞ്ഞ് സാമാന്യവല്‍ക്കരിച്ചാല്‍ ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയുടെ വിളംബരമാവും അത്.

Related posts