എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്ക് ! മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഇംപാല എത്തിയത് കാട്ടുനായ്ക്കള്‍ക്കു മുമ്പിലേക്ക്;ഒടുവില്‍ സംഭവിച്ചതോ ?

ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ടോടുമ്പോള്‍ അതിലും വലിയ അപകടത്തില്‍ പെടുന്ന അവസ്ഥയുണ്ടാകുന്നത് എത്ര പരിതാപകരമാണ്. ഇവിടെയൊരു ഇംപാലയ്ക്കു സംഭവിച്ചതും അതാണ്. മാന്‍ വര്‍ഗത്തില്‍ പെടുന്ന ഒരു ജീവിയാണ് ഇംപാല. ബോട്‌സ്വാനയിലെ വനാന്തരങ്ങളിലാണ് സംഭവം നടന്നത്. ഇവിടെ സഫാരി ഗൈഡായി ജോലി ചെയ്യുന്ന ഡച്ച് കാസേയ്ല്‍ ആണ് ജീവന്‍മരണ പോരാട്ടം നടത്തുന്ന ഇംപാലയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

കാട്ടുനായ്ക്കളുടെ കാലടികള്‍ കണ്ട് അവയെ തിരഞ്ഞെത്തിയതായിരുന്നു ഡച്ച് കാസേയ്ലും ഒരു സംഘം വിനോദസഞ്ചാരികളും. പെട്ടെന്നാണ് ഒരു കൂട്ടം കാട്ടുനായ്ക്കള്‍ ഒരു ഇംപാലയെ തുരത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. കാട്ടുനായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപെടാനായി സമീപത്തു കണ്ട ജലാശയത്തിലേക്ക് ഇംപാല എടുത്തുചാടി. കരയിലായി കാട്ടുനായ്ക്കളും ഇരിപ്പുറപ്പിച്ചു. ഒരുവിധത്തില്‍ ജീവനും കൈയില്‍ പിടിച്ച് മറുകര ലക്ഷ്യമാക്കി നീന്തിയ ഇംപാലയുടെ വിധി മറ്റൊന്നായിരുന്നു. രക്ഷപെട്ട ആശ്വാസത്തില്‍ നിന്ന ഇമ്പാലയുടെ മുന്നിലേക്ക് വായും പിളര്‍ത്തി മുതലയെത്തിയതോടെ രംഗം വീണ്ടും കലുഷിതമായി. പിന്നീട് മുതയുടെ പിടിയില്‍ നിന്ന് രക്ഷപെടാനായിരുന്നു ഇംപാലയുടെ ശ്രമം. വേഗം നീന്തി മറുകരയെത്താന്‍ ശ്രമിച്ചെങ്കിലും പിന്‍കാലില്‍ മുതലയുടെ പിടിവീണു. എങ്കിലും ആവുന്നത്ര ശക്തിയില്‍ മുതലയെ കുടഞ്ഞെറിഞ്ഞ് കരയിലേക്ക് കയറി.

പിന്‍കാലിലെ മുറിവും ക്ഷീണവും ഇമ്പാലയെ അപ്പോഴേക്കും തളര്‍ത്തിയിരുന്നു. വെള്ളത്തില്‍ നിന്നും രക്ഷപെട്ട് കരയിലേക്ക് കയറുന്നതിനു മുന്‍പേ കാത്തിരുന്ന കാട്ടുനായ്ക്കള്‍ ഇംപാലയെ വളഞ്ഞു. പിന്നില്‍ വായും പിളര്‍ത്തി നില്‍ക്കുന്ന മുതല മുന്നില്‍ കടിച്ചു കീറാന്‍ തയാറായി നില്‍ക്കുന്ന കാട്ടുനായ്ക്കള്‍. പിന്‍ കാലിലെ മുറിവുമായി മുന്നോട്ട് ഓടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഇമ്പാല വിധിക്കു കീഴടങ്ങി. കാട്ടുനായ്ക്കളുടെ കൂട്ടം ഇമ്പാലയെ കടിച്ചു വലിച്ച് കരയിലേക്കിട്ട് നിമിഷനേരം കൊണ്ട് ഭക്ഷിക്കുകയും ചെയ്തു. സഞ്ചാരികള്‍ക്കെല്ലാം കടുത്ത വേദന സമ്മാനിക്കുന്നതായിരുന്നു ആ ദൃശ്യങ്ങള്‍.

Related posts