സ്വന്തം രാജ്യത്ത് എന്താണ് നടക്കുന്നതെന്നു പോലും അറിയാതെ പാക് പ്രധാനമന്ത്രി, പിടിയിലായ സൈനികന്റെ കാര്യത്തില്‍ പോലും അവ്യക്തത, സൈന്യം തെളിക്കുന്ന വഴിക്ക് നടക്കുന്ന ഇമ്രാന്‍ ഖാനെ ഇന്ത്യ ഗൗനിക്കാത്തതിന് കാരണം ഇതൊക്കെ

റ്റി.സി. മാത്യു

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ രണ്ടുവയസ് കുറവുണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്. 68 വയസുള്ള മോദി ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടു രണ്ടു ദശകമാകുന്നതേയുള്ളു. എന്നാല്‍ 1971-ല്‍ പാക് ടെസ്റ്റ് ടീമില്‍ അംഗമായതു മുതല്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കാരുടെ ശ്രദ്ധയിലുണ്ട്.

ഇന്നലെ ഇമ്രാന്‍ ഖാന്‍ ഉച്ചയ്ക്കു ശേഷം നടത്തിയ ഒരു പ്രസ്താവന ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓള്‍ റൗണ്ടറുടെ മികവ് കാണിക്കുന്നതായില്ല. നയചാതുരിയുള്ള രാഷ്ട്രനേതാവിന്റെ ശബ്ദവുമല്ല ആ പ്രസ്താവനയില്‍ കേട്ടത്. ബൗളറുടെ കൃത്യതയോ ബാറ്റ്‌സ്മാന്റെ ചടുലതയോ അതിലില്ല. രാഷ്ട്രനേതാവിനുവേണ്ട സൂക്ഷ്മതയും ഇല്ലായിരുന്നു.

ശേഷി കാണിക്കാനെന്ന്

ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാന പ്രസ്താവനയാണ് ഇമ്രാന്‍ നടത്തിയത്. ഇന്ത്യയിലേക്കു കടന്ന പാക് വ്യോമസേനാവിമാനങ്ങളുടെ ലക്ഷ്യം ആക്രമണമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്കു പാക്കിസ്ഥാനില്‍ കടക്കാന്‍ പറ്റുമെങ്കില്‍ പാക് വിമാനങ്ങള്‍ക്കു തിരിച്ചും പറ്റുമെന്നു കാണിക്കാന്‍ മാത്രമാണു വന്നതത്രെ.

വന്നവഴി രണ്ടു മിഗ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഇന്ത്യയുടെ രണ്ടു പൈലറ്റുമാരെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തെന്നും പാക് പ്രധാനമന്ത്രി ടെലിവിഷനില്‍ പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ പറയുന്നു, തങ്ങളുടെ പക്കല്‍ ഒരു പൈലറ്റേ ഉള്ളൂ എന്ന്.

ഇമ്രാന്റെ അറിവ് എത്ര

പ്രധാനമന്ത്രി എന്ന നിലയില്‍ സംസാരിച്ച ഇമ്രാന്‍ ഖാന്റെ വാക്കുകളുടെ വില എന്ത് ഒരുപക്ഷേ അദ്ദേഹം കാര്യങ്ങള്‍ മുഴുവന്‍ അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ചര്‍ച്ചയ്ക്കുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കില്ലാത്തത്. ഇമ്രാനുമായി ചര്‍ച്ചചെയ്തിട്ടു കാര്യമില്ല. കാരണം, സൈന്യവും ചാരസംഘടനയായ ഐഎസ്‌ഐ (ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സ്)യും ആണു പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

സൈനിക നടപടികള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ പിടിയില്‍ നില്‍ക്കാത്തവിധം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് നല്‍കാനും ഇമ്രാന്‍ മറന്നില്ല. മറ്റൊരു സാഹചര്യത്തില്‍, മറ്റൊരു രാജ്യനേതാവാണിതു പറയുന്നതെങ്കില്‍ ഇന്ത്യ വകവയ്ക്കുമായിരുന്നു. നിരന്തരം ഇന്ത്യയെ ഉപദ്രവിക്കുന്ന പാക്കിസ്ഥാന്റെ പ്രധാനമന്ത്രിക്കു ചേര്‍ന്നതല്ല ആ ഉപദേശം.

ഇമ്രാന്റെ ഭീഷണി

ഇമ്രാന്‍ ഇതിലൂടെ ലക്ഷ്യംവച്ചതു മറ്റൊന്നാണ്. പാക്കിസ്ഥാനും അണ്വായുധശക്തിയാണെന്ന് ഇന്ത്യ മറക്കരുതെന്ന്. ഭീഷണി എന്നു ചുരുക്കം. നയതന്ത്രത്തില്‍ ഭാഷ പല രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ഒരു ഉദാഹരണം എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, ആ ഭീഷണിയെ ഇന്ത്യ തലേന്നുതന്നെ തള്ളിക്കളഞ്ഞതാണ്.

പാക്കിസ്ഥാന്റെ മണ്ണിലേക്ക് 48 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൈനികശക്തി മിറാഷില്‍നിന്നുള്ള ലേസര്‍ നിയന്ത്രിത ബോംബിന്റെ രൂപത്തില്‍ കടന്നുചെന്നപ്പോള്‍ പാക് ആണവഭീഷണി തൃണവല്‍ഗണിക്കുകയാണ് ഇന്ത്യ ചെയ്തത്. പാക്കിസ്ഥാനു പരമാവധി ചെയ്യാന്‍ പറ്റുന്നതാണല്ലോ അണ്വായുധാക്രമണം. അങ്ങനെവരെ പാക് സാഹസം എത്തിയേക്കാം എന്നു മനസിലാക്കിത്തന്നെയാണ് ഇന്ത്യ ബാലാകോട്ടിലേക്കു മിറാഷുകളെ അയച്ചത്.

ഇന്ത്യ പ്രതീക്ഷിക്കാത്ത രീതിയില്‍ സംഭവിച്ച ഏക കാര്യം ഇന്നലെ രാവിലത്തെ വ്യോമാക്രമണമാണ്. രാത്രിയില്‍ പ്രതീക്ഷിച്ച പ്രത്യാക്രമണം രാവിലെ 10.30-നാക്കിയതാണു പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞ ‘ഞെട്ടിക്കല്‍’. ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വ്യോമമേഖലയില്‍ 21 മിനിറ്റ് ചെലവഴിച്ചപ്പോള്‍ പാക് വിമാനങ്ങള്‍ ചുരുങ്ങിയ മിനിറ്റുകള്‍ക്കുള്ളില്‍ മടങ്ങേണ്ടിവന്നു.

ലക്ഷ്യം സൈനിക കേന്ദ്രങ്ങള്‍

പാക് വ്യോമസേനയുടെ ഒരുഡസനോളം വിമാനങ്ങള്‍ ജമ്മുവിലെ രജൗറി മേഖലയിലൂടെ കടന്നുവന്നത് എന്തിനാണ് ആകാശത്തു പറക്കാന്‍ കഴിയും എന്നു കാണിക്കാനായിരുന്നില്ല. കൃഷ്ണഘാട്ടി (കെജി)യില്‍ ഇന്ത്യന്‍ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനമുണ്ട്. അധികം ദൂരത്തല്ലാതെ നാംഗി ടേകിയില്‍ ബറ്റാലിയന്‍ ആസ്ഥാനവുമുണ്ട്. നിമാറി എന്ന സ്ഥലത്തു വലിയ ആയുധപ്പുരയുമുണ്ട്. ഇവ ലക്ഷ്യമിട്ടാണ് അധിനിവേശ കാഷ്മീരില്‍നിന്നു വിമാനങ്ങള്‍ വന്നത്. അവരുടെ ലക്ഷ്യം നേടാനായില്ല.

രാത്രി മുഴുവന്‍ നിയന്ത്രണരേഖയില്‍ വെടിവയ്പും ഷെല്ലാക്രമണവും കഴിഞ്ഞിട്ടാണു രാവിലെ വ്യോമാക്രമണത്തിനു തുനിഞ്ഞത്. പ്രതിരോധിച്ച ഇന്ത്യക്ക് ഒരു മിഗ് 21 നഷ്ടപ്പെട്ടപ്പോള്‍ അക്രമികള്‍ക്ക് ഒരു എഫ്-16 നഷ്ടപ്പെട്ടു.

നയതന്ത്ര മര്യാദകള്‍

ഒരു പൈലറ്റ്- വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍- അവരുടെ പിടിയിലായതാണ് ഇന്ത്യക്കു വലിയ വേദനയുളവാക്കുന്നത്. ഔപചാരിക യുദ്ധപ്രഖ്യാപനം ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തെ ഉടനടി ഇന്ത്യക്കു കൈമാറുക എന്നതാണു പാക്കിസ്ഥാന്‍ ചെയ്യേണ്ട കാര്യം. പക്ഷേ, അതിനുള്ള ശ്രമത്തിലല്ല പാക്കിസ്ഥാന്‍. രാവിലെയും വൈകുന്നേരവും ആ പോരാളിയുടെ വീഡിയോ പാക് ടിവിയില്‍ കാണിച്ചതിലെ സൂചന അതാണ്.

നയതന്ത്ര മര്യാദപ്രകാരം ഇദ്ദേഹത്തെ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റിലോ പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലോ ഏല്പിക്കേണ്ടതാണ്. അതല്ലെങ്കില്‍ യുദ്ധം പ്രഖ്യാപിച്ചു യുദ്ധക്കുറ്റവാളിയായി പരിഗണിക്കണം. അപ്പോഴും വീഡിയോ ഷൂട്ടിംഗ് അനുവദനീയമല്ല. പാക്കിസ്ഥാന്‍ മര്യാദയുടെ ഭാഷയും പെരുമാറ്റവും കാണിക്കുമെന്നു കരുതുന്നതുതന്നെ തെറ്റ്.

Related posts