“എന്റെ പാട്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കാറില്ല. റേഡിയോയില്‍ ആയാലും ശരി ടേപ്പ് റിക്കാര്‍ഡറില്‍ ആയാലും ശരി. ഞാന്‍ ഈണമിട്ട ഗാനങ്ങള്‍ കേള്‍ക്കുന്ന ശീലമില്ല. സ്വന്തം സൃഷ്ടികള്‍ എങ്ങനെയാണ് ആവര്‍ത്തിച്ച് കേള്‍ക്കുന്നത്. ചില ഗായകര്‍ അവര്‍ പാടിയ പാട്ടുകള്‍ കാറിലെ പ്ലേയറുകളില്‍ ഇട്ടു കേള്‍ക്കുന്നത് കാണാറുണ്ട്. എനിക്ക് അദ്ഭുതമാണ് തോന്നുന്നത്. എങ്ങനെയാണ് സ്വന്തം പാട്ടുകള്‍ ഇവര്‍ ഇങ്ങനെ മടുപ്പില്ലാതെ കേട്ടാസ്വദിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പാട്ടിനു ട്യൂണിടുന്ന സമയം മുഴുവന്‍ ഞാന്‍ അതില്‍ പൂർണമായും മുഴുകിയിരിക്കും. ഒരിക്കല്‍ പാട്ടായിക്കഴിഞ്ഞാല് പിന്നെ കേട്ടുകൊണ്ടേയിരിക്കില്ല.”
പ്രശസ്ത സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനും ഗായകനുമായ എം.ജി. രാധാകൃഷ്ണന് പറഞ്ഞ വാക്കുകളാണിത്. സംഗീതം എന്നത് എം.ജി. രാധാകൃഷ്ണന് ഒരു തപസായിരുന്നു. ജീവരക്തത്തില്‍ തന്നെ കലര്‍ന്ന അമൃതം. അതുകൊണ്ടു തന്നെ പാട്ടിനെ കച്ചവടമാക്കുന്ന, പാട്ടില്‍ വെള്ളം ചേര്‍ക്കുന്ന, പാട്ടു കൊണ്ടു ജീവിക്കുന്ന കാലത്തിനൊപ്പം ചേരാന്‍ അദ്ദേഹം തയാറായിരുന്നില്ല. പാട്ടുകാരില്‍ പലരും താരപരിവേഷങ്ങളണിയുമ്പോഴും പഴയതു പോലെ മുണ്ടും ജുബ്ബയുമണിഞ്ഞ് നെറ്റിയില്‍ കുങ്കുമക്കുറിയും ചാര്‍ത്തി മേടയില്‍ വീട്ടിലെ മലബാര്‍ ഗോപാലന് നായരുടെ മകന് നടന്നു.
നൂറുകണക്കിനു സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച സംഗീതസംവിധായകന്റെ ഭാവം ഒന്നുമില്ലാതെ തന്നെയായിരുന്നു അവസാനം വരെ അദ്ദേഹത്തിന്റെ ജീവിതം. ശ്രീ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം പാസായ ശേഷമാണ് ആകാശവാണിയിലെത്തുന്നത്. തംബുരു ആര്‍ട്ടിസ്റ്റ് ആയിട്ടാണ് തുടക്കം. അക്കാലത്ത് പ്രശസ്ത നോവലിസ്റ്റ് ജി. വിവേകാനന്ദന് ആകാശവാണിയില്‍ ഉണ്ടായിരുന്നു. ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ സിനിമയാകുന്ന കാലം. സിനിമയുടെ നിര്‍മാതാവ് ശോഭന പരമേശ്വരന് നായര്‍. രണ്ടു പേരോടും രാധാകൃഷ്ണന് അടുപ്പമുണ്ട്. സിനിമയില്‍ പാടണമെന്ന തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അവര്‍ സാധിച്ചുകൊടുത്തു. അങ്ങനെയാണ് ഉണ്ണിഗണപതിയെ… എന്ന ആദ്യഗാനം പാടാന്‍ അവസരം കിട്ടുന്നത്. പിന്നീട് ശരശയ്യയിലെ ശാരികേ… ശാരികേ… എന്ന അനശ്വരഗാനം പാടി.
എങ്കിലും ആകാശവാണിയിലെ ലളിത സംഗീത പാഠങ്ങളും ലളിതഗാനങ്ങളുമാണ് എം.ജി. രാധാകൃഷ്ണനെ മലയാളം മുഴുവന്‍ പ്രശസ്തനാക്കുന്നത്. അന്ന് ആകാശവാണി കലാകാരന്മാര്ക്ക് ഇന്നത്തെ സിനിമാക്കാരെ പോലെ താരമൂല്യം ഉണ്ടായിരുന്നു. ആകാശവാണിയിലൂടെ കേട്ട എം.ജി. രാധാകൃഷ്ണന്റെ ശബ്ദമാണ് തന്നെ രാധാകൃഷ്ണന് ചേട്ടനിലേക്ക് എത്തിച്ചതെന്നു ഭാര്യയും എക്കാലത്തെയും രാധാകൃഷ്ണന് ആരാധികയുമായ പദ്മജ പലവട്ടം പറഞ്ഞിട്ടുണ്ട്. ‘ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി വരും…’ , ‘രാമായണക്കിളി…’, ‘ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ…’, ‘ഘനശ്യാമ സന്ധ്യാഹൃദയം…’ തുടങ്ങിയ ലളിതഗാനങ്ങള്‍ ഇന്നും അതേ തിളക്കത്തോടെ ജീവിക്കുന്നു.
1978-ല്‍ തമ്പ് എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായുള്ള രംഗപ്രവേശം. തമ്പിലെ ‘കാനകപ്പെണ്ണ് ചെമ്മരത്തി…’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 1978-ല്‍ തന്നെ പുറത്തിറങ്ങിയ രണ്ടാം ജന്മത്തിലെ ഗാനങ്ങളും ഹിറ്റായി. ‘ഓര്‍മകള്‍ ഓര്‍മകള്‍ ഓലോലം തകരുമീ തിരങ്ങളില്‍…’ എന്ന ഗാനവും അതുപോലെ തന്നെ. 1978-ല്‍ വന്ന രണ്ടു സിനിമകളിലും കാവാലം രചിച്ച ഗാനങ്ങളിലൂടെ ശ്രദ്ധേയനായ രാധാകൃഷ്ണൻ പിന്നെ മലയാള സിനിമാലോകത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായി.
‘നാഥാ നീ വരുംകാലൊച്ച കേള്‍ക്കുവാന്‍…’, ‘കാറ്റേ നീ വിശരുതിപ്പോള്…’, ‘പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗതം പോലെ…,’ ‘അല്ലിമലര്‍കാവില്‍ പൂരം കാണാന്‍…,’, ‘നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ…’ അങ്ങനെ ഒഴുകി ആ ഗാനങ്ങള്‍.
പൊതുവേ പറഞ്ഞാല്‍ സോഫ്റ്റ് മെലഡീസിന്റെ സൃഷ്ടാവാണ് എംജിആര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന രാധാകൃഷ്ണന്. പുതിയ കാലത്തില്‍ നഷ്ടമാവുന്ന ആര്ദ്രപ്രണയത്തെയും വിരഹത്തെയും തന്റെ സംഗീതത്തിലൂടെ ആവാഹിക്കാന്‍ എം.ജി. രാധാകൃഷ്ണന് കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയിലെ ‘ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…’ ഇന്നും ഒരു തേങ്ങലായി ഉള്ളില്‍ നിറയുന്നുണ്ട്. ലോലലോലമായ പാട്ടുകളിലാണ് എം.ജി. രാധാകൃഷ്ണന്റെ മുദ്രയെങ്കിലും ധാരാളം ഫാസ്റ്റ് നമ്പരുകളുമുണ്ട്. കുമ്മാട്ടിയിലെ ‘മുക്കൂറ്റി തിരുതാളി…’ യിലാണ് തുടക്കം എന്നും തന്റെ ദ്രുതഗതിയിലെ ഗാനങ്ങള്‍ ശബ്ദമയം അല്ല എന്നും അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നരസിംഹത്തിലെ ‘പഴനിമല മുരുകന്…’ എന്ന മോഹന്‍ലാല്‍ ആഘോഷമാക്കിയ ഗാനത്തിലും മേളക്കൊഴുപ്പ് തന്നെ!
സംഗീതക്കച്ചേരികളില്‍ മനോധര്മസ്വരങ്ങള് അനായാസേന പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്ന എംജിആറിന്റെ ചില ഫാസ്റ്റ് നമ്പരുകളില്‍ ഒരു സ്വരവേഗം തൊട്ടറിയാം. ‘ചന്ദനമണിസന്ധ്യകളുടെ നടയില്‍ നടനം…’ എന്ന ഗാനം ശ്രദ്ധിച്ചാല്‍ ഇതു മനസിലാക്കാം. മണിച്ചിത്രത്താഴില്‍ ‘ഒരു മുറൈ വന്ത് പാര്‍ത്തായ…’ പോലൊരു ഗാനം വേണമെന്ന് ഫാസില്‍ അദ്യം പറഞ്ഞപ്പോള്‍ താന്‍ എഴുന്നേറ്റ് ഓടിപ്പോയി എന്നു തമാശയായി എജിആര്‍ പറയാറുണ്ട്. എന്നാല്‍ ദ്രുതതാളവും മാന്ത്രികസ്പര്‍ശവും വൈകാരികതയും ഇഴചേരുന്ന അതീവ വ്യത്യസ്തമായ ‘ഒരു മുറൈ…’ പിന്നീട് എം.ജി. രാധാകൃഷ്ണന് സൃഷ്ടിക്കുകയായിരുന്നു. സിനിമയുടെ മുഴുവന്‍ പിരിമുറുക്കവും കഥാഗതിയും നിറയുന്ന ഒമ്പതര മിനിറ്റ് നീളുന്ന പാട്ട് കമ്പോസ് ചെയ്യുവാന്‍ ഏറെ പണിപ്പെട്ടു എന്നും എംജിആര്‍ പറഞ്ഞിട്ടുണ്ട്.
എസ്. മഞ്ജുളാദേവി