വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
അതേസമയം, വെടിനിർത്തൽ ഉപാധികൾ അംഗീകരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികൾ മോചിതരാകണമെന്നും അതിനുള്ള അവസരം പാഴാക്കരുതെന്നുമാണ് ഇസ്രേലി സർക്കാരിന്റെ താത്പര്യമെന്ന് വിദേശകാര്യമന്ത്രി ഗിദയോൻ സാർ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
ഗാസ യുദ്ധത്തിന് അന്ത്യം കാണാൻ ഉദ്ദേശിച്ചുള്ള ഏതു വെടിനിർത്തൽ ധാരണയും അംഗീകരിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കുന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന.
യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നതായും അടുത്തയാഴ്ച വെടിനിർത്തൽ കരാർ ഉണ്ടായേക്കുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുക.