തിരുവനന്തപുരം: തനിക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം പ്രതികാരനടപടിയെന്ന് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്ക് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും.
തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് വ്യാജമാണ് അല്ലെങ്കില്‍ നോട്ടീസ് വ്യാജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വഴികളില്ലാതെ വന്നത് കൊണ്ടാണ് ചികിത്സ പ്രതിസന്ധിയെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത്. സര്‍ക്കാര്‍ കാട്ടുന്നത് സ്വയം രക്ഷയ്ക്കായുള്ള നടപടികളാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്ന വിവരം വാസ്തവവിരുദ്ധമാണ്.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്ക്കുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനോടും സൂപ്രണ്ടിനോടും നിരവധി തവണ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് രേഖാമൂലം കത്തുകളും നല്‍കിയിരുന്നു.
കത്ത് തയാറാക്കാന്‍ സജീകരണങ്ങള്‍ ഒന്നും തന്നെയില്ലാഞ്ഞിട്ടും പ്രിന്റ് എടുക്കാനുള്ള പേപ്പര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കിയാണ് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിലെ ചികിത്സാപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോഗ്യ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസ് സ്വാഭാവിക നടപടി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്ടറുടെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ട്. നിരവധി ശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടര്‍ക്കെതിരേ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ഭാരവാഹികള്‍ വ്യക്തമാക്കി.