കോന്നി: ഏറ്റെടുത്ത സ്ഥലത്തിന്റെ വില നല്കുന്നതില് വീഴ്ച ഉണ്ടായതിനേ തുടര്‍ന്നുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോന്നി കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഒരു ഭാഗം ഉടമയ്ക്ക് തിരികെ നല്കി. കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടത്തിലെ പ്രധാനഭാഗമാണ് സ്വകാര്യ വ്യക്തിക്കു ലഭിച്ചത്. കോന്നി ചേരിയില്‍ വീട്ടില്‍ രവി നായര്‍ക്കാണ് 1.10 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ ലഭിച്ചത്.
2011-ല്‍, കെഎസ്ആര്‍ടിസി സബ് ഡിപ്പോ നിര്‍മാണത്തിനായി പാടശേഖരമായിരുന്ന സ്വകാര്യ ഭൂമി ഏറ്റെടുത്തിരുന്നു. വിവിധ സ്വകാര്യ വ്യക്തികളില്‍ നിന്നായി ഏകദേശം മൂന്ന് ഏക്കറോളം ഭൂമിയായിരുന്നു ഇത്തരത്തില്‍ ഏറ്റെടുത്തത്. 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ പാടശേഖരം കരഭൂമിയായി മാറ്റുകയും ചെയ്തു.
അതേസമയം, സര്‍വേനമ്പര്‍ 2073/10ല്‍പെട്ട രവി നായരുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച നടപടികള്‍ ഒന്നും പൂര്‍ത്തിയാക്കാതെ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും മുന്നോട്ട് പോകുകയായിരുന്നു. ഭൂമിയുടെ വിലനിശ്ചയമോ, ആധാര രേഖകളോ തയാറാക്കാതെ അധികൃതര്‍ മുന്നോട്ടുപോയതുതന്നെ പിന്നീട് തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി. രവി നായര്‍ പലവട്ടം ഉദ്യോഗസ്ഥതലത്തില്‍ പരാതി നല്‍കിയെങ്കിലും നടപടികളില്ലാതെയായി. 2016ല്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ പരാതി നല്‍കിയെങ്കിലും അവരും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുമാറി.
2017ല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയേ തുടര്‍ന്ന് മൂന്നുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതോടെ സ്ഥിതിഗതികള്‍ക്കു മാറ്റമുണ്ടായി. 18 ലക്ഷം കെട്ടിവയ്ക്കാന്‍ തയാറായി പഞ്ചായത്ത് ഇതിനിടെ, ഭൂമിക്കു പകരമായി ലാന്‍ഡ് ട്രിബ്യൂണലില്‍ 18 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ പഞ്ചായത്ത് തയാറായെങ്കിലും രവി നായര്‍ ഇതിന് അനുകുലമായിരുന്നില്ല. 2024 മുതല്‍ റവന്യു വകുപ്പ് ഇതേ ഭൂമിയുടെ കരം സ്വീകരിക്കാന്‍ വിസമ്മതിച്ചു.
ഭൂമിയ്ക്ക് കെഎസ്ആര്‍ടിസി ഉടമസ്ഥാവകാശം ഉന്നയിച്ചതായും അധികൃതരുടെ വിശദീകരണം വന്നു. തുടര്‍ന്ന് രവി നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.2025 ജൂണ്‍ 19നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, കരം വീണ്ടും സ്വീകരിക്കുകയും ഭൂമി അളന്ന് ചുറ്റുമതില്‍ അടക്കം നിര്‍മിച്ച് തിരികെ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ കെഎസ്ആര്‍ടിസി ഓഫീസ് സമുച്ചയം നിലനില്‍ക്കുന്ന പ്രധാനഭാഗമാണ് രവി നായര്‍ക്കു തിരികെ ലഭിച്ചത്.
ഭൂമിയെ സര്‍ക്കാര്‍ ആവശ്യമെന്ന നിലയില്‍ നിലനിര്‍ത്തണമെങ്കില്‍, അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ വിപണിവിലയ്ക്ക് അനുയോജ്യമായ തുക നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.