കുരുക്കു മുറുക്കിക്കൊണ്ടിരിക്കുകയാണ്. അജൻഡ കൂടുതൽ കൂടുതൽ വ്യക്തമാകുന്നു. ഒരു രാജ്യം, ഒരു വികാരം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വരുന്നു. ആ വികാരം ‘ഭയം’ എന്നതാകുന്പോൾ ചോദ്യങ്ങൾ പുറത്തുവരാതാകും. അടിച്ചേൽപ്പിക്കുന്ന ഉത്തരങ്ങൾ ചലിക്കുന്ന വെറും പാവകളാക്കി മനുഷ്യരെ മാറ്റും. ഭാരതീയ ന്യായസംഹിതയുടെ 152-ാം വകുപ്പ് എന്ന വാളിനു മുന്നിൽ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറും വന്നത് യാദൃച്ഛികമാകാനിടയില്ല. അവരുടെ മാധ്യമപ്രവർത്തനം രഹസ്യമല്ല. അവരുയർത്തുന്ന ചോദ്യങ്ങൾ രാജ്യത്തിന്റെ കലുഷമായ അന്തരീക്ഷത്തിൽ പ്രകന്പനം കൊള്ളുന്നുണ്ട്. അവരുടെ നിലപാടുതറയായ ‘ദ വയർ’ എന്ന മാധ്യമസ്ഥാപനം ജനപക്ഷമെന്ന പ്രതിപക്ഷത്തിന്റെ ഉച്ചഭാഷിണിയാണ്.
ആസാം പോലീസിലെ ഇൻസ്പെക്ടർ സൗമർ ജ്യോതി റേ ബിഎൻസ് 152, (രാജ്യദ്രോഹം), 196 (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തി ഈ രണ്ടു മാധ്യമപ്രവർത്തകർക്കും നല്കിയ സമൻസിൽനിന്ന് പിറകോട്ട് സഞ്ചരിച്ചാൽ 2007ലെ ഒരു അഭിമുഖത്തിലെത്തും. വെറും മൂന്നു മിനിറ്റിൽ അവസാനിച്ച ആ അഭിമുഖത്തിനൊടുവിൽ കുടിച്ച വെള്ളത്തിന്റെ കയ്പാണ് വർഷങ്ങൾക്കിപ്പുറവും പല രൂപത്തിൽ തികട്ടിവരുന്നത്. ആ അഭിമുഖത്തിൽ ചോദ്യങ്ങൾ കരൺ ഥാപ്പറുടേതായിരുന്നു. അടിതെറ്റിവീണ് വെള്ളം കുടിച്ചത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും. മോദി കൂടുതൽ ഉയർന്ന പദവിയിലെത്തി. കരൺ ഥാപ്പർ പദവി മാറാതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. 2017ൽ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറും ചേർന്ന് ‘ദ വയറി’ൽ ഇതേ അഭിമുഖത്തിന്റെ ഓർമപുതുക്കലും നടത്തി.
പരസ്പരബന്ധമുണ്ടാകാനിടയുള്ള ചില കാര്യങ്ങൾ പറഞ്ഞെന്നേയുള്ളൂ. ഇപ്പോഴത്തെ പ്രശ്നം ആസാം പോലീസിന്റെ സമൻസാണ്. ഇന്ന് ഗോഹട്ടിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് കരൺ ഥാപ്പറിനും സിദ്ധാർഥ വരദരാജനുമുള്ള നിർദേശം. ചോദ്യംചെയ്യാൻ വ്യക്തമായ കാരണമുണ്ടെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നുമാണ് സമൻസിലുള്ളത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് കേസിനാധാരം എന്നാണു കരുതുന്നത്. സമൻസ് അയച്ച രീതിയിൽത്തന്നെയുണ്ട് നിയമലംഘനം. എഫ്ഐആറിന്റെ തീയതിയില്ല, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളില്ല. കൂടാതെ, എഫ്ഐആറിന്റെ പകർപ്പുമില്ല എന്നൊക്കെ ‘ദ വയർ’ വ്യക്തമാക്കുന്നു. ഭാരതീയ ന്യായസംഹിതയുടെ ഈ വകുപ്പു പ്രകാരം സമൻസ് നൽകുമ്പോൾ പോലീസ് നിയമപരമായി പാലിക്കേണ്ട കാര്യങ്ങളാണിത്.
അടുത്തത് അതിലും ഗുരുതരമാണ്. ജൂലൈയിൽ ആസാമിലെ മൊറിഗാവിൽ രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരു കേസിനോടനുബന്ധിച്ച് പുതിയ രാജ്യദ്രോഹ നിയമത്തിന്റെ (സെക്ഷൻ 152) ഭരണഘടനാപരമായ സാധുത ചോദ്യംചെയ്ത് ‘ദി വയർ’ സമർപ്പിച്ച ഹർജിയിൽ സിദ്ധാർഥ് വരദരാജനും ‘ദ വയറി’ലെ മാധ്യമപ്രവർത്തകർക്കും സുപ്രീംകോടതി സംരക്ഷണം പ്രഖ്യാപിച്ച ദിവസംതന്നെയാണ് ഈ കേസ് ഉദ്ഭവിച്ചിരിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിനു പുല്ലുവില! രാജ്യത്തെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളെയും വരുതിയിലാക്കിയതിനാൽ ഭരണകൂട അനീതികൾക്കെതിരേ ശബ്ദമുയർത്താൻ വിരലിലെണ്ണാവുന്ന മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളുമേ ബാക്കിയുള്ളൂ. അവരെക്കൂടി നിശബ്ദമാക്കുകയാണ് ലക്ഷ്യം.
ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളെ തുറുങ്കിലടയ്ക്കാൻ കൊണ്ടുവന്ന ഐപിസി 124 എ വകുപ്പ് പൊളിച്ചെഴുതി നവഭാരതത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ചെന്നു കൊട്ടിഘോഷിച്ച് കൊണ്ടുവന്നതാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 152-ാം വകുപ്പ്. അതു പഴയ വകുപ്പിനേക്കാൾ ജനാധിപത്യവിരുദ്ധവും ദുരുപയോഗസാധ്യതയുള്ളതും അപകടകരവുമാണെന്നാണ് നിയമവിദഗ്ധർ തന്നെ പറയുന്നത്. സെക്ഷൻ 124 എയിലുള്ള “ഇന്ത്യയിൽ നിയമത്താൽ സ്ഥാപിതമായ സർക്കാർ” എന്നതിനു പകരം പുതിയ 152-ാം വകുപ്പിൽ ‘ഇന്ത്യ’ എന്ന് ഉപയോഗിച്ചത് രാജ്യദ്രോഹക്കുറ്റത്തിന്റെ വ്യാപ്തി സംബന്ധിച്ച് അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതാണ്.
‘നിയമത്താൽ സ്ഥാപിതമായ സർക്കാർ’ എന്നത് ഭരണകൂടത്തെ സൂചിപ്പിക്കുന്ന വ്യക്തമായ സ്ഥാപനമാണ്. എന്നാൽ ‘ഇന്ത്യ’ എന്നത് വളരെ അമൂർത്തമായ ആശയമാണ്. ‘ഇന്ത്യ’ എന്ന വാക്ക് കേവലം സർക്കാരിനെ മാത്രമല്ല, ദേശീയ സ്വത്വം, സംസ്കാരം, ഐക്യം എന്നിവയെക്കുറിച്ചുള്ള അമൂർത്തമായ സങ്കൽപ്പത്തെക്കൂടി ഉൾക്കൊള്ളുന്നു. ഇത് സർക്കാരിന്റെ ക്രമസമാധാനം നിലനിർത്താനുള്ള ബാധ്യതയെ നേരിട്ട് ബാധിക്കാത്ത പ്രവർത്തനങ്ങളെയോ അഭിപ്രായപ്രകടനങ്ങളെയോ ക്രിമിനൽ കുറ്റമാക്കാൻ സാധ്യതയുണ്ട്.
സെക്ഷൻ 152ലെ ഈ വിപുലീകരണം, ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമാകും എന്ന ആശങ്കയുമുണ്ട്. ഈ മാറ്റം, സർക്കാരിനെതിരേയുള്ള വിമർശനവും രാജ്യത്തിനെതിരേയുള്ള വിമർശനവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാക്കി, നിയമപരമായി സാധുവാകാൻ സാധ്യതയുള്ള പല അഭിപ്രായ പ്രകടനങ്ങളെയും രാജ്യദ്രോഹമായി കണക്കാക്കാൻ ഇടയാക്കും. സെക്ഷൻ 124 എയുടെ കീഴിൽ രാജ്യദ്രോഹത്തെ ശ്രദ്ധാപൂർവം വ്യാഖ്യാനിച്ച്, അത് യഥാർഥ ക്രമസമാധാന ഭീഷണികളിൽ മാത്രം ഒതുങ്ങുന്നുവെന്ന് ഉറപ്പാക്കാൻ ജുഡീഷറി ഇതുവരെ നടത്തിയ ശ്രമങ്ങളിൽനിന്ന് വ്യതിചലിക്കുന്നതാണ് പുതിയ വകുപ്പുമാറ്റമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബഹുസ്വര ഇന്ത്യ എന്ന ആശയത്തെ നിയമക്കുരുക്കാക്കി പൗരന്മാരുടെ തലയ്ക്കു ചുറ്റും ചുഴറ്റി ഭീഷണി സൃഷ്ടിച്ച് നമ്മൾ അഭിമാനം കൊള്ളുന്ന, രാജ്യത്തിന്റെ സന്പന്നവും വൈവിധ്യപൂർണവുമായ പാരന്പര്യത്തെ തച്ചുടയ്ക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിതലമുറയ്ക്കു മുന്നിൽ നാം കുറ്റവാളികളായി തലകുനിച്ചു നിൽക്കേണ്ടിവരും.