അമേരിക്കൻ യുവതിയായ ക്രിസ്റ്റൺ ഫിഷർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ നാലു വർഷമായി ഇവർ ഇന്ത്യയിൽ താമസിക്കുകയാണ്. യുവതിയുടെ കാലിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പരിക്ക്പറ്റി. അവർ ഉടൻതന്നെ ആശുപത്രിയിലേക്ക് പോയി. മുറിവ് മരുന്ന്വച്ച് കെട്ടി മരുന്നും വാങ്ങി ബില്ല് അടയ്ക്കാൻ നിന്നു. ബില്ലിൽ വന്ന തുക കണ്ട് ഇവരുടെ കണ്ണ് തള്ളിപ്പോയി. ബില്ല് കണ്ട് യുവതി അതിശയിച്ച് പോയതെന്ന് പറഞ്ഞാണ് വീഡിയോ.
“എന്റെ തള്ളവിരലിൽ ആഴത്തിൽ ഒരു മുറിവുണ്ടായി. ഒരുപാട് രക്തം പോയി. അതുകൊണ്ട് എനിക്ക് തുന്നലിടേണ്ടിവരുമെന്ന് മനസിലായി. വീട്ടിൽനിന്ന് മിനിറ്റുകൾ മാത്രം അകലെയുള്ള ഒരു ആശുപത്രിയിലേക്ക് സൈക്കിളിൽ വേഗത്തിൽ പോയി. അവിടെ എത്തിയ ഉടൻ തന്നെ ഡോക്ടർമാർ ചികിത്സ നൽകി. വേദനയുണ്ടായിരുന്നെങ്കിലും പക്ഷേ മുറിവിന് തുന്നലിടേണ്ടിവന്നില്ല. 45 മിനിറ്റിനുള്ളിൽ മുറിവ് വൃത്തിയാക്കി കെട്ടിയശേഷം ഞാൻ ആശുപത്രിയിൽനിന്ന് മടങ്ങി. ചികിത്സ കഴിഞ്ഞ് ഞാൻ പണം അടയ്ക്കാൻ ചെന്നപ്പോൾ 50 രൂപ തന്നാൽ മതിയെന്ന് അവർ പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല’ എന്നാണ് യുവതി പറഞ്ഞത്.
ഇതേ ചികിത്സയ്ക്ക് അമേരിക്കയിൽ വരുന്ന ചിലവിനെയും ഫിഷർ താരതമ്യം ചെയ്തു. ചെറിയൊരു മുറിവിന് പോലും നൂറുകണക്കിന് ഡോളർ ചിലവാകുമെന്നും ഇന്ത്യയിൽ ഒരു ഡോളറിൽ താഴെ മാത്രം നൽകിയാൽ മതിയായെന്നും അവർ പറഞ്ഞു.
കൂടാതെ ഇന്ത്യയിൽ ആരോഗ്യസേവനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാണെന്നും അവർ എടുത്ത് പറഞ്ഞു. ‘എന്റെ വീടിനടുത്ത് അഞ്ച് മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്തിൽ ഒരു ആശുപത്രിയുണ്ട്. ക്ലിനിക്കുകൾ, എമർജൻസി റൂമുകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം എന്നിവയെല്ലാം ഇവിടെ എളുപ്പത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ ജീവിതത്തിൽ ഞാൻ ഏറെ വിലമതിക്കുന്ന ഒന്നാണിത്’ എന്നും അവർ കൂട്ടിച്ചേർത്തു.

