അഭിനയത്തിൽ നടീനടന്മാർ സ്വന്തം പേരുള്ള ദേഹം വെടിയുന്പോഴാണ് അനശ്വര കഥാപാത്രങ്ങളുണ്ടാകുന്നത്. പൂർണതയുടെ അത്തരം മുഹൂർത്തങ്ങളിൽ കാണികളും രൂപാന്തരം പ്രാപിക്കും. അവർ മുഖഭാവം മാറ്റുക മാത്രമല്ല, സംഭാഷണങ്ങളും ചമയ്ക്കും. നേരിയ വെളുപ്പിൽ തെളിഞ്ഞൊരു നിഴലായി ഭയപ്പെടുത്തിക്കൊണ്ടിരിക്കെ കൊടുമൺ പോറ്റി ഒരു വെളിപ്പെടുത്തൽ നടത്തി: “ഇത് ഭ്രമയുഗാ… കലിയുഗത്തിന്റെ ഒരു അപഭ്രംശം.
” അപ്പോൾ കഥാപാത്രാവിഷ്ടരായ പ്രേക്ഷകർ സിനിമയുടെ ഭാഗമായി തിരിച്ചുചോദിച്ചു: “ഇയാളൊരു മനുഷ്യനാണോ?” പൈശാചികമായൊരു ചിരിയോടെ അതിനുത്തരം പറഞ്ഞിട്ടാണ് പോറ്റി സിനിമയ്ക്കു തീയിടുന്നത്. ‘ഭ്രമയുഗ’ത്തിൽ പോറ്റിയായി വേഷമിട്ട മമ്മൂട്ടിക്കു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നു. പോറ്റിക്കു മുന്പ് അംബേദ്കർ, പൊന്തൻമാട, പഴശി രാജ, വിധേയനിലെ ഭാസ്കര പട്ടേലർ, പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി, പുഴുവിലെ കുട്ടൻ, നൻപകൽ നേരത്തു മയക്കത്തിലെ ജയിംസും സുന്ദരവും… അഭിനന്ദിക്കുന്നു മമ്മൂക്കാ, നിങ്ങളിലെ നടൻ ലോകസിനിമയിൽ തന്നെ മലയാളത്തിനൊരു വിലാസമുണ്ടാക്കിയിരിക്കുന്നു.
27 വർഷം മുന്പാണു മമ്മൂട്ടിക്കു പത്മശ്രീ ലഭിച്ചത്. മൂന്നു തവണ ദേശീയ പുരസ്കാരം ലഭിച്ചു. ഏഴു തവണ മികച്ച നടനായും ഒരിക്കൽ സഹനടനായും സംസ്ഥാനം ആദരിച്ചു. മറ്റനേകം പുരസ്കാരങ്ങളും ലഭിച്ചു. അതിനിടെ നാനൂറിലധികം സിനിമകൾ. ചിലതൊക്കെ മമ്മൂട്ടി അഭിനയിക്കുകയാണ് എന്നു തോന്നിക്കുന്നതുമുണ്ടായിരുന്നു. പക്ഷേ, എല്ലാ പരീക്ഷണങ്ങൾക്കും അദ്ദേഹം നിന്നുകൊടുത്തു. 2000ൽ ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ ‘ഡോ. ബാബാ സാഹേബ് അംബേദ്കർ’ പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടി ലോകത്തെ മികച്ച അഭിനേതാക്കളുടെ നിലവാരത്തിലായിരുന്നു.
1992ൽ വിജി തന്പി സംവിധാനം ചെയ്ത ‘സൂര്യമാനസ’ത്തിലെ പുട്ട് ഉറുമീസായി മികച്ച അഭിനയം കാഴ്ചവച്ച മമ്മൂട്ടിയെ വർഷങ്ങൾക്കുശേഷം അംബേദ്കറായി കണ്ടവർക്കറിയാം, മമ്മൂട്ടിയെന്ന നടൻ ആരാണെന്ന്. 2009ൽ പഴശി രാജ, 2010ൽ പാലേരി മാണിക്യത്തിലെ മുരിക്കിൻചോട്ടിൽ അഹമ്മദ് ഹാജി, ഹരിദാസ്, ഖാലിദ് അഹമ്മദ് എന്നീ മൂന്നു കഥാപാത്രങ്ങൾ, അതേ വർഷം കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടൻ ആൻഡ് സെയിന്റിലെ ചെറമ്മൽ ഈനാശു ഫ്രാൻസിസ്, 2022ൽ ഭീഷ്മപർവത്തിലെ മൈക്കിൾ, അതേ വർഷം ‘പുഴു’വിലെ കുട്ടൻ, 2023ൽ റോഷാക്കിലെ ലൂക്ക് ആന്റണി, നൻപകൻ നേരത്ത് മയക്കത്തിലെ ജെയിംസും സന്ദരൻ എന്ന തമിഴനിലേക്കുള്ള ഭാവപ്പകർച്ചയും,
2014ൽ കാതൽ സിനിമയിലെ മാത്യു ദേവസി… ഇങ്ങനെ ചിലതൊക്കെ സൂചിപ്പിക്കാമെന്നല്ലാതെ മമ്മൂട്ടി എന്ന നടനെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കേ നിർവചിക്കാനാകൂ. ഭ്രമയുഗത്തിൽ, കൊടുമൺ മനയിലെ കറുപ്പിലും വെളുപ്പിലും വിളയാടുന്ന മമ്മൂട്ടി കാഴ്ചക്കാരിലേക്കു കൊടുമൺ പോറ്റിയെ ഈവിധം കുടിയിരുത്തുമെന്ന് ആരെങ്കിലും കരുതിയതാണോ? 74-ാം വയസിൽ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കൗതുകങ്ങളും ഉള്ളതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനത്തിനാണ് ഷംല ഹംസയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ചിത്രം മികച്ച രണ്ടാമത്തെ ചിത്രവും ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനുമായി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനു 10 അവാർഡുകളാണ് ലഭിച്ചത്. ഇവരുൾപ്പെടെ എല്ലാ അവാർഡ് ജേതാക്കളെയും അഭിനന്ദിക്കുന്നു.
പുതുതലമുറയാണ് ഇത്തവണ അവർഡ് എല്ലാം കൊണ്ടുപോയതെന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ മറുപടി, “ഞാനെന്താ പഴയതാണോ” എന്നായിരുന്നു. അറിയില്ല മമ്മൂക്കാ, നിങ്ങൾ പഴയതോ പുതിയതോ എന്നല്ല, ഏതു നിമിഷവും ഒന്നിൽനിന്നു മറ്റൊന്നിലേക്കു പോകാനും തിരിച്ചെത്താനും ശേഷിയുള്ളൊരു നടനാണ്. ബാക്കിയെല്ലാം ഉടയാടകളാണ്. അതു കണ്ടിട്ടാണ്, പ്രേക്ഷകർ കൊടുമൺ പോറ്റിയോടെന്നപോലെ മമ്മൂട്ടിയോടും ചോദിക്കുന്നത്, ഇയാളൊരു മനുഷ്യനാണോ എന്ന്.
ഇറ്റാലിയൻ വംശജനായ അമേരിക്കൻ ചലച്ചിത്രകാരൻ മാർട്ടിൻ സ്കോസെസി പറയുന്നത്, ഫ്രെയിമിനകത്തും പുറത്തുമുള്ളതാണ് സിനിമ എന്നാണ്. മമ്മൂട്ടിയുടെ നിരവധി കഥാപാത്രങ്ങൾ ഫ്രെയിമുകളിൽനിന്ന് തിയറ്ററിലേക്കും അവിടെനിന്ന് പ്രേക്ഷകരിലൂടെ പുറത്തേക്കും പോയി. ഉള്ളിലിരുന്നു വിങ്ങുന്ന കൂടുതൽ കഥാപാത്രങ്ങളെ അഴിച്ചുവിടാൻ ഈ അവാർഡും താങ്കളെ സഹായിക്കട്ടെ.
