തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ കൊല്ലം പത്മന സ്വദേശി വേണുവിനോട് ആശുപത്രി അധികൃതര്‍ ക്രൂരമായും മോശമായും പെരുമാറിയെന്നും ചികിത്സ നല്‍കിയില്ലെന്നും ഭാര്യ സിന്ധു ആരോപിച്ചു.
ഗുരുതരാവസ്ഥയിലായ വേണുവിനെ കൊല്ലത്തെ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് എത്തിച്ചിട്ടും ഡോക്ടര്‍ എത്തിയതും പരിശോധിച്ചതും വൈകിയായിരുന്നു. ആന്‍ജിയോഗ്രാം ചെയ്യാന്‍ തയാറായില്ല. അഞ്ച് ദിവസത്തോളം മതിയായ ചികിത്സ നല്‍കിയില്ല.
തറയില്‍ തുണിവിരിച്ചാണ് വേണുവിനെ കിടത്തിയിരുന്നത്. നഴ്സുമാരുടെ പെരുമാറ്റവും മോശമായിരുന്നു. വേണുവിന് മതിയായ ചികിത്സ നിഷേധിച്ച ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്നും സിന്ധു ആവശ്യപ്പെട്ടു.
പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: വേണുവിന് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വേണുവിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. എല്ലാ രോഗികളും തങ്ങള്‍ക്ക് ഒരു പോലെയാണെന്നും കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

