‘എന്തുകൊണ്ട് കേരളം കാണണം’ എന്ന് ഒക്ടോബർ 28ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിയാണ് 30ന് “മേലാൽ കേരളത്തിലേക്കില്ല” എന്നു പറഞ്ഞ് മടങ്ങിപ്പോയത്. കൊച്ചിയിൽനിന്നെത്തിയ അവരെ ഓൺലൈൻ ടാക്സിയിൽ യാത്ര അനുവദിക്കില്ലെന്നു പറഞ്ഞ് മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. മൂന്നാർ കാണാതെ മടങ്ങിയ അവർ ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ ഡ്രൈവർമാർക്കെതിരേ കേസെടുത്തിട്ടുണ്ട്.
പക്ഷേ, ഇനി കേരളത്തിലേക്കില്ലെന്ന് അവർ പറഞ്ഞത് ഡ്രൈവർമാരോടല്ല; വർഷങ്ങളായി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ഡ്രൈവർമാരെയോ മൂന്നാറിലേക്കുള്ള വഴികൾക്കു വീതി കൂട്ടാനോ സമാന്തര പാത തുറക്കാനോ അനുവദിക്കാത്ത വനംവകുപ്പിനെയോ കുപ്രസിദ്ധ ഗതാഗതക്കുരുക്ക് കണ്ടാസ്വദിക്കുന്ന വകുപ്പുകളെയോ തിരുത്താത്ത സർക്കാരിനോടാണ്. നീലക്കുറിഞ്ഞിയണിഞ്ഞ് തേയിലസുഗന്ധവും പൂശി ചരിത്രവും സൗന്ദര്യവും ചാഞ്ഞുറങ്ങുന്ന മൂന്നാറിന്റെ ഹിമാശ്ലേഷത്തിൽനിന്ന് യാത്രാസംഘങ്ങൾ മടങ്ങുകയാണ്. അവരിലേറെയും മേലാൽ തിരിച്ചുവരില്ല.
മൂന്നാറിലും അവിടേക്കുള്ള വഴികളിലും ഇടിഞ്ഞിറങ്ങിയിരിക്കുന്നത് കെടുകാര്യസ്ഥതയുടെ കരിന്പാറകളാണ്.മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറായ ജാൻവിയാണ് കൊച്ചിയും ആലപ്പുഴയുമൊക്കെ സന്ദർശിച്ചശേഷം ഓൺലൈൻ ടാക്സിയിൽ മൂന്നാറിലെത്തിയത്. ടൗണിലെ ടാക്സിക്കാർ പ്രശ്നമുണ്ടാക്കുമെന്നു ഹോട്ടലുകാർ മുന്നറിയിപ്പു നൽകിയെങ്കിലും അവർ ഊബർ ഡ്രൈവറുമായി ബന്ധപ്പെട്ടു. യൂണിയൻകാരുടെ കണ്ണിൽ പെടാതിരിക്കാൻ മറ്റൊരിടത്ത് വച്ച് കാറിൽ കയറുന്നതിനിടെ ഡ്രൈവർമാർ തടഞ്ഞ് ഭീഷണിപ്പെടുത്തി.
ഓൺലൈൻ ടാക്സികൾ മൂന്നാറിൽ നിരോധിച്ചതാണെന്നായിരുന്നു വാദം. പോലീസിനെയും വിനോദസഞ്ചാരവകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും സഞ്ചാരിയുടെ പക്ഷത്തു നിൽക്കാൻ ആരുമില്ല. മൂന്നാർ കാണാതെ മുംബൈയിലേക്കു മടങ്ങിയ അവർ സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചു. “ആരുടെ കൂടെ യാത്ര ചെയ്യണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് അവകാശമില്ല. സുരക്ഷിതത്വം അനുഭവിക്കാനോ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കാനോ നിങ്ങൾക്ക് അവകാശമില്ലെന്നാണ് എല്ലാവരും പറഞ്ഞത്, ഇനി മേലാൽ കേരളത്തിലേക്കില്ല.
” ഈ കുറ്റപത്രം ആർക്കുള്ളതാണ്? മുഖം രക്ഷിക്കാൻ ഡ്രൈവർമാർക്കെതിരേ കേസെടുക്കുകയും ലൈസൻസ് തത്കാലത്തേക്ക് റദ്ദാക്കുകയും ചെയ്തു. പക്ഷേ, അടിസ്ഥാനപ്രശ്നം മൂന്നാറിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇതിനുശേഷമാണ്, മുംബൈയിൽനിന്നുതന്നെയുള്ള മൂന്നുപേരെ, തന്റെ ജീപ്പ് വിളിച്ചില്ലെന്നാരോപിച്ച് ഡ്രൈവർ ഭീഷണിപ്പെടുത്തുകയും റിസോർട്ട് ജീവനക്കാരനെ മർദിക്കുകയും ചെയ്തത്. ഒന്നും പുതിയതല്ല. ഒരു നിരോധനവുമില്ലെങ്കിലും മുന്‍പും നിരവധി ഓൺലൈൻ ടാക്സികൾ മൂന്നാറിൽ ആക്രമണത്തിനിരയായിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ഇതേ ഗുണ്ടായിസമായിരുന്നു മൂന്നാറില്‍ ഉണ്ടായിരുന്നതെന്നു പറഞ്ഞ ഗതാഗത മന്ത്രി, മൂന്നാറിലെ പല വണ്ടികൾക്കും പെർമിറ്റും ലൈസൻസുമൊന്നുമില്ലെന്നും തനി ഗുണ്ടായിസമാണ് നടക്കുന്നതെന്നും കൂട്ടിച്ചേർത്തു. പക്ഷേ, താങ്കൾ വായിക്കുന്നതു സ്വന്തം പേരുമെഴുതിയ കുറ്റപത്രമാണെന്ന് ഓർമിപ്പിക്കട്ടെ.
മൂന്നാറിലേക്കുള്ള ഇടുങ്ങിയ വഴികളിലും അപകടം പതിയിരിക്കുകയാണ്. മണ്ണിടിയുന്നതു പതിവായി. മണിക്കൂറുകളാണ് വാഹനങ്ങൾ വഴിയിൽ കിടക്കുന്നത്. ടൗണിനോടടുത്താൽ മൂന്നും നാലും മണിക്കൂർ ഗതാഗതക്കുരുക്കാണ്. പട്ടണത്തിലെത്തിയാലും ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽനിന്നു മറ്റൊരിടത്തേക്കു പോകണമെങ്കിൽ വാഹനങ്ങളിൽ മണിക്കൂറുകൾ കാത്തിരിക്കണം. രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, വട്ടവട, കാന്തല്ലൂർ… മൂന്നാറിന്റെ സ്വർഗവാതിലുകൾ കടക്കാതെ പലരും മടങ്ങുകയാണ്.
ദേശീയപാതയിലെ അപകടമേഖലയിൽ പോലും വീതികൂട്ടാനിറങ്ങിയാൽ വനംവകുപ്പും ആളാകാൻ മറ്റു വഴികളൊന്നുമില്ലാത്ത കപട പരിസ്ഥിതിക്കാരും ചാടിവീഴും. നേര്യമംഗലം-വാളറ ഭാഗത്തെ വിപുലീകരണ ജോലി ബിജെപി നേതാവിന്റെ ഹർജിയിലാണ് മുടങ്ങിയത്. അതുപോലെ, ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുന്‍പ് നിർമിച്ച ആലുവ-മൂന്നാർ രാജപാതയും വനംവകുപ്പ് കൈയേറി വച്ചിരിക്കുകയാണ്. ഈ സമാന്തരപാത തുറന്നാൽ കോതമംഗലത്തുനിന്ന് മൂന്നാറിലെത്താനുള്ള ദൂരം 13 കിലോമീറ്ററെങ്കിലും കുറയും.
ഗതാഗതക്കുരുക്കും അപകടസാധ്യതയും ഇല്ലാതാകും. പക്ഷേ, വനംവകുപ്പിനോടു മാറിനിൽക്കാൻ പറയാൻ സർക്കാരില്ലാതെ പോയി.തെരുവുനായശല്യവും മാലിന്യങ്ങളും മദ്യം-മയക്കുമരുന്നടിമകളുടെ ഗുണ്ടായിസവും കേരളത്തിലെ വിനോദസഞ്ചാരങ്ങളുടെ തീരാശാപമായി. മൂന്നാർ ഉൾപ്പെടെയുള്ള മലയോര വിനോദസഞ്ചാര കേന്ദങ്ങളിൽ ഇതിനൊക്കെ പുറമേയാണ് വന്യജീവിശല്യം. സഞ്ചാരികൾ ഭീതിയിലാണ്. വന്യജീവികളെ കാട്ടിലൊതുക്കേണ്ട വനംവകുപ്പ് നിയമത്തിന്റെ കുരുക്കുകളുമായി കർഷകർക്കും യാത്രക്കാർക്കും പിന്നാലെയാണ്.
മൂന്നാറിനെ വീണ്ടെടുക്കണം. കോടികളുടെ കൺവൻഷൻ സെന്ററുകളേക്കാൾ പ്രധാനമാണ് അടിസ്ഥാന സൗകര്യങ്ങളും ഭീതിയില്ലാതെ വന്നുപോകാവുന്ന സാഹചര്യങ്ങളും. ദേശീയ അപകടപാത, കുരുക്കഴിയാത്ത പട്ടണം, വന്യജീവികൾ, തെരുവുനായക്കൂട്ടങ്ങൾ, മാലിന്യം നിറഞ്ഞ തെരുവുകൾ… ഒപ്പം, തനി ഗുണ്ടായിസത്തെക്കുറിച്ച് മുംബൈയിലെ അസിസ്റ്റന്റ് പ്രഫസർ ജാൻവിയെഴുതിയ മൂന്നാർ സ്റ്റോറിയും. വീണ്ടെടുക്കുമോ, തേയിലമലകളുടെ പ്രാണപ്രേയസിയെ?
