കൊച്ചി: വാറന്റി കാലാവധിക്കുള്ളില്‍ തകരാറിലായ എസി കംപ്രസര്‍ സൗജന്യമായി മാറ്റിസ്ഥാപിച്ചു നല്‍കാതിരുന്ന കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവുമായി 25,000 രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു.
വല്ലാര്‍പ്പാടം സ്വദേശിയായ സി.ആര്. സുദര്ശനന് ഗോദ്റേജ് കമ്പനിയുടെ സ്പ്ലിറ്റ് എസി 2018ലാണ് വാങ്ങിയത്. ഏഴ് വര്‍ഷം കംപ്രസര്‍ വാറന്റിനിലനില്ക്കെ, 2024 മാര്‍ച്ചിലാണ് കൂളിംഗ് കുറഞ്ഞതിനെ തുടര്‍ന്ന് പരാതിയുമായി സുദര്ശനന് കമ്പനിയെ സമീപിച്ചത്.
പരിശോധനയ്ക്ക് ശേഷം കംപ്രസറിന് പൂര്‍ണമായും തകരാറുണ്ടെന്ന് ടെക്നീഷ്യന് സ്ഥിരീകരിച്ചെങ്കിലും, ഈ മോഡലിനായുള്ള കംപ്രസര്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് വാറന്റി സേവനം നിഷേധിക്കുകയായിരുന്നു.
വാറന്റി കാലയളവില്‍ ഉത്പന്നത്തിലെ തകരാര്‍ പരിഹരിക്കാതെ, 15,000 രൂപ അധികമായി നല്കിയാല് മാത്രമേ പുതിയ എസി നല്കാന് സാധിക്കൂ എന്ന് കമ്പനി ഉപഭോക്താവിനെ അറിയിച്ചു. വാറന്റി പാലിക്കുന്നത് പുതിയ ഒരു ഉത്പന്നം വാങ്ങുന്നതുമായി ബന്ധിപ്പിച്ച നിര്‍മാതാവിന്റെ ഈ നടപടി നിയമപരമായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരുമടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
നിര്‍മാതാവിന്റെ ഇത്തരം നടപടികള്‍ ഉപഭോക്തൃ സംരക്ഷണ നിയമം 2019, സെക്ഷന്‍ 2(47) പ്രകാരമുള്ള അന്യായ വ്യാപാര രീതിയാണ്. മാത്രമല്ല, വറനന്റി കാലയളവില്‍ സേവനം നല്‍കുന്നതിന് പകരം, മറ്റൊരു ഉത്പന്നം വാങ്ങാന്‍ നിര്‍ബന്ധിച്ചത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിരോധിച്ച നിയന്ത്രിത വ്യാപാര രീതിയാണ്.
വാറന്റി നിലനില്ക്കുമ്പോള് സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതയില്ലായ്മ ചൂണ്ടിക്കാട്ടി സേവനം നിഷേധിക്കുന്നത് ഉപഭോക്ത സംരക്ഷണ നിയമം പ്രകാരം സേവനത്തിലെ ന്യൂനതയാണ്. വേനല്‍ക്കാലത്ത് എസി പ്രവര്‍ത്തിക്കാതിരുന്നത് ഉപഭോക്താവിന് കനത്ത ബുദ്ധിമുട്ടുണ്ടാക്കിയതായും കോടതി വിലയിരുത്തി.
ഒന്നാം എതിര്‍കക്ഷിയായ എസി നിര്‍മാണ കമ്പനി, ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തകരാറിലായ കംപ്രസര്‍ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും മാറ്റി സ്ഥാപിച്ച കംപ്രസറിന് 12 മാസത്തെ പുതിയ വാറന്റി നല്‍കുകയും വേണം.
സമയപരിധിക്കുള്ളില്‍ റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, അടുത്ത 15 ദിവസത്തിനകം ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം തുല്യമോ മികച്ചതോ ആയ പുതിയ എസി നല്‍കുകയോ, അല്ലെങ്കില്‍ ഇന്‍വോയ്സ് പ്രകാരമുള്ള മുഴുവന്‍ വിലയും പരാതി ഫയല്‍ ചെയ്ത തീയതിയായ 28-06-2024 മുതല്‍ ഒമ്പത് ശതമാനം (വാര്‍ഷിക പലിശ സഹിതം) തിരികെ നല്‍കുകയോ ചെയ്യണം.
കൂടാതെ, സേവനത്തിലെ ന്യൂനതയും അന്യായ വ്യാപാര രീതികളും കാരണം ഉപഭോക്താവിന് നേരിട്ട മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്കി.

