ബിസിസിഐ- ഐസിസി പോര് മുറുകുന്നു, ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്ത്യ, ചൊടിപ്പിച്ചത് പാക്കിസ്ഥാന് പോയിന്റുകള്‍ നല്കിയത്‌

indiaന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള പരമ്പര ഉപേക്ഷിച്ചതിന്റെ പേരില്‍ ലോക വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ആറു പോയിന്റുകള്‍ വെട്ടിയത് വിവാദമാകുന്നു. ഐസിസിയുടെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പുരുഷ ടീം ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കുമെന്ന് അഭ്യൂഹം. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ നിശ്ചയിച്ചിരുന്ന പാക്കിസ്ഥാന്‍ പരമ്പരയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പേരില്‍ ഇന്ത്യ ഉപേക്ഷിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയല്ലാതെ നടത്താനാവാത്തതിനാലാണ് ഇന്ത്യ പരമ്പര ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്.

ഐസിസിയുടെ സ്വതന്ത്ര ചെയര്‍മാനായി ശശാങ്ക് മനോഹര്‍ ചുമതലയേറ്റപ്പോള്‍ മുതല്‍ ബിസിസിഐ – ഐസിസി പോര് തുടങ്ങിയതാണ്. ഇന്ത്യയുടെ ഒരു വികാരങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെ സ്ഥിതിഗതികള്‍ എല്ലാം അറിയുന്ന ചെയര്‍മാന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള നടപടികളുണ്ടായതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഈ നടപടി പാക്കിസ്ഥാനെ സഹായിക്കുന്നതാണ്. വനിതാ ടീമിനു കളിക്കാമെങ്കില്‍ എന്തുകൊണ്ട് പുരുഷ ടീമിന് കളിച്ചുകൂടെ എന്ന ചോദ്യം വരും. എന്തായാലും അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. ഐസിസി വനിതാ ടീമിന്റെ പോയിന്റുകള്‍ ചുരുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയില്ലെങ്കില്‍ അടുത്ത് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഇന്ത്യന്‍ പുരുഷ ടീം പിന്മാറുമെന്ന് ബിസിസിഐയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും നിലപാടുകള്‍ കേട്ട ശേഷമാണ് പോയിന്റ് ചുരുക്കാന്‍ തീരുമാനമെടുത്തത്. വനിതാ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മത്സരങ്ങളിലെ പോയിന്റുകള്‍ പാക്കിസ്ഥാനു നല്‍കും –ഐസിസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മത്സരം നടക്കാത്തതിനാല്‍ കളിയില്‍ ഇന്ത്യ 50 ഓവറില്‍ പൂജ്യം റണ്‍സെടുത്തെന്ന രീതിയില്‍ റണ്‍ റേറ്റും ക്രമീകരിക്കും. ഇന്ത്യയെ വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ വിളിക്കാത്തതിനെ ചൊല്ലിയും വിവാദങ്ങള്‍ ഉണ്ടായിരുന്നു.

Related posts