അത് അങ്ങനെയൊരു കുടുംബം ! ഹോട്ടലില്‍ നിന്ന് ടൗവല്‍ വരെ മോഷ്ടിച്ച് ഇന്ത്യന്‍ കുടുംബം; ഹോട്ടല്‍ ജീവനക്കാരന്‍ കയ്യോടെ പൊക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു…

ചിലരിങ്ങനെയാണ് മറുനാട്ടില്‍ പോയാലും സ്വന്തം നാടിനെ പറയിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്തുകൊണ്ടേയിരിക്കും. വിനോദസഞ്ചാരത്തിനെത്തി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബമാണ് ഇപ്പോള്‍ രാജ്യത്തിനാകെ നാണക്കേടായിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഇന്തൊനേഷ്യയിലെ ബാലിയില്‍ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിക്കൊണ്ട് പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളുടെ തുടക്കത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ സഞ്ചാരികളുടെ ബാഗുകള്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരോടൊപ്പം ബാഗ് പരിശോധിക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാരനോട് കുടുംബം വാഗ്വാദത്തിലേര്‍പ്പെടുന്നതും. അതിനെ വകവെയ്ക്കാതെ ഹോട്ടല്‍ ജീവനക്കാരന്‍ കുടുംബത്തിന്റെ ബാഗുകള്‍ പരിശോധിക്കുകയും ചെയ്യുന്നു.

പരിശോധിച്ച ബാഗുകളില്‍ നിന്നും ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന ടൗവലുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ അയാള്‍ പുറത്തെടുത്തു. അതോടെ വിനോദ സഞ്ചാരത്തിനു വന്ന ആ കുടുംബം ചുവടുമാറ്റി.” ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. ഇതൊരു ഫാമിലി ടൂര്‍ ആണ്. ഇതിന്റെയൊക്കെ പണം ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കാം. ഞങ്ങളെ പോകാന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഫ്‌ളൈറ്റ് മിസ് ആകും” എന്നൊക്കെ വിനോദ സഞ്ചാര സംഘത്തിലെ ഒരു സ്ത്രീ പറയുന്നുണ്ട്.

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും ബാഗുകളില്‍ നിന്ന് സാധനങ്ങളോരോന്നായി പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പണം തരാം എന്ന് വിനോദസഞ്ചാര സംഘത്തിലെ ഒരാള്‍ ഹോട്ടല്‍ ജീവനക്കാരനോടു പറയുന്നു. ” എനിക്കറിയാം നിങ്ങളുടെ കൈയില്‍ ഒരുപാട് പണമുണ്ടെന്ന്, പക്ഷേ ഇത് മാന്യതയല്ല” എന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ നല്‍കിയ മറുപടി. ഹേമന്ത് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

” ഇന്ത്യയ്ക്ക് വലിയൊരു നാണക്കേടായിപ്പോയി. ഇന്ത്യന്‍പാസ്‌പോര്‍ട്ട് കൈയിലുള്ള ഓരോരുത്തരും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളോരോരുത്തരും ഇന്ത്യയുടെ അംബാസിഡര്‍മാരാണെന്ന് അതുകൊണ്ട് അക്കാര്യം മനസ്സില്‍ വച്ച് പെരുമാറുക. നമ്മുടെ വിശ്വാസ്യതയെ കാര്‍ന്നു തിന്നുന്ന ഇത്തരക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഇന്ത്യ തയാറാകണം”. എന്ന അടിക്കുറിപ്പോടെയാണ് ഹേമന്ത് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

Related posts