കണ്ണൂർ: ഒളിന്പിക്സ് മെഡൽ പോലെയോ, ഒരുപക്ഷേ അതിലേറെയോ തിളക്കമുണ്ടായിരുന്നു മാനുവൽ ഫ്രെഡറിക്കിന്റെ ജീവിതത്തിൽ ഇടതുനെറ്റിയിലെ ആ മായാത്ത മുദ്രയ്ക്ക്.
ഒളിന്പിക് മെഡൽ ഏതൊരു കായികപ്രതിഭയുടെയും സ്വപ്നസാഫല്യമെങ്കിൽ നെറ്റിയിലെ മുഴ കളിക്കളത്തിൽ ആത്മബലിയോളം പോന്ന പോരാട്ടവീര്യത്തിന്റെ നിത്യപ്രതീകം. വർഷങ്ങൾക്കു മുന്പൊരിക്കൽ ബർണശേരിയിലെ സഹോദരിയുടെ വീട്ടിൽവച്ച് മാനുവൽ നെറ്റിയിലെ മുഴയിൽ തലോടി പറഞ്ഞു: 1977 ലെ ഡൽഹി നെഹ്റു കപ്പ് ഹോക്കി ടൂർണമെന്റിൽ പഞ്ചാബ് പോലീസ് ടീമംഗത്തിന്റെ ഗോളിലേക്കുള്ള ഷോട്ട് തടുത്തതിന്റെ സമ്മാനം!
ഹോക്കി ഇന്ത്യയുടെ ഗോൾമുഖത്ത് മാനുവൽ ഫ്രെഡറിക്കിന്റെ ‘മരണക്കളി’കണ്ട് കൈകൊടുത്തവരിൽ പാക്കിസ്ഥാൻ രാഷ്ട്രത്തലവനായിരുന്ന സിയാ ഉൾ ഹഖുമുണ്ടായിരുന്നു. അതേവർഷം ലാഹോർ ഹോക്കി സ്റ്റേഡിയം. ഇന്ത്യ-പാക്കിസ്ഥാൻ ഹോക്കി പരന്പരയുടെ രണ്ടാമത്തെ മത്സരം. പാക്കിസ്ഥാന്റെ സെന്റർ ഫോർവേഡ് ഹനീഫ് ഖാന്റെ തകർപ്പൻ ഷോട്ട്. ‘ഗോൾ…’ എന്ന് ഗാലറി ആർത്തിരന്പുന്നതിനിടെ ഉയർന്നെത്തിയ പന്ത് മാനുവൽ തലകൊണ്ട് ഇടിച്ചുതെറിപ്പിക്കുന്നു. ഹോക്കിയിലും ഹെഡറോ! ഗോളിയുടെ അസാമാന്യ ധൈര്യത്തെ പാക്കിസ്ഥാൻ വെള്ളിത്താലം നൽകിയാണ് ആദരിച്ചത്.
കളികണ്ടിരുന്ന ജനറൽ സിയാ ഉൾ ഹഖിന്റെ അഭിനന്ദനം മാനുവൽ എക്കാലവും ഹൃദയത്തിൽ സൂക്ഷിച്ചു. ഹെൽമറ്റും മാസ്കും ചെസ്റ്റ് ഗാർഡുമില്ലാതെ ഗോൾമുഖത്ത് നിറഞ്ഞാടിയ പച്ചമനുഷ്യനായിരുന്നു മാനുവൽ ഫ്രെഡറിക്. കളിക്കളത്തിൽ എതിരാളികളുടെ പേടിസ്വപ്നം. മാനുവൽ കാവൽ നിൽക്കുന്പോൾ ദൂരെനിന്നുള്ള ഷോട്ടുകളിൽ അവർക്ക് ഗോൾലക്ഷ്യം ഒതുക്കേണ്ടിവന്നു. ഒരിക്കൽ എതിർടീമിന്റെ നിർബന്ധത്തിന് വഴങ്ങി മാസ്ക് അഴിച്ചുവച്ച് കളിക്കേണ്ടി വന്നിട്ടുണ്ട് മാനുവലിന്. മാസ്ക് ധരിച്ചാൽ മാനുവൽ കൂടുതൽ അപകടകാരിയാകുമത്രേ!
ഒളിന്പിക്സിലെ ചരിത്ര മെഡൽ
1971ലാണ് മാനുവൽ ഫ്രെഡറിക് രാജ്യത്തിനുവേണ്ടി ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. മുൻ വർഷം ബാങ്കോക്ക് ഏഷ്യൻ ഗെയിംസിനുള്ള ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവസാനനിമിഷം ഒഴിവാക്കി. ദേശീയ ടീമിൽ കളിക്കാനുള്ള പ്രായമായില്ലെന്ന് പറഞ്ഞാണ് ഇരുപത്തിരണ്ടുകാരനായ മാനുവലിനെ തഴഞ്ഞത്.
അതുകൊണ്ടുതന്നെ 1972ലെ മ്യൂണിക്ക് ഒളിന്പിക്സിനുള്ള ക്യാന്പിലെത്തിയപ്പോഴും മാനുവലിനു ഭയമുണ്ടായിരുന്നു. 1952ലെ ഒളിന്പിക്സ് മെഡൽ നേടിയ ടീമിന്റെ ക്യാപ്റ്റൻ കെ.ഡി. സിംഗായിരുന്നു കോച്ച്. അട്ടിമറികളൊന്നും സംഭവിച്ചില്ല. മാനുവൽ ഉൾപ്പെടുന്ന ടീം സ്വർണമെഡൽ ഉറപ്പിച്ചാണു മ്യൂണിക്കിലെത്തിയത്. പ്രാഥമിക മത്സരങ്ങളിൽ ബ്രിട്ടൻ (5-0), ഓസ്ട്രേലിയ (3-1), കെനിയ (3-2), മെക്സിക്കോ (8-0), ന്യൂസിലൻഡ് (3-2) ടീമുകളെ തോൽപ്പിക്കുകയും ഹോളണ്ട് (1-1), പോളണ്ട് (2-2) ടീമുകളുമായി സമനില നേടുകയും ചെയ്തു.
എന്നാൽ, സെമിയിൽ പാക്കിസ്ഥാനോട് അടിയറവ് പറഞ്ഞു (0-2). ലൂസേഴ്സ് ഫൈനലിൽ ഹോളണ്ടിനെ കീഴടക്കിയായിരുന്നു (2-1) വെങ്കല നേട്ടം. “സ്വർണം നഷ്ടമായതിൽ നിരാശയുണ്ടായിരുന്നു. എങ്കിലും ആശ്വസിച്ചു. ഏതൊരു കായികതാരത്തിന്റെയും സ്വപ്നമല്ലേ ഒളിന്പിക്സ് മെഡൽ. അത് വെങ്കലമായാലെന്താ. അഭിമാനം തോന്നി…’’ മെഡൽനേട്ടത്തെക്കുറിച്ച് ഒരിക്കൽ മാനുവൽ പറഞ്ഞു.
ആ ടെക്നിക്ക് ദൈവദാനം
കളിയാരവങ്ങൾ നിറഞ്ഞ കണ്ണൂർ കോട്ട മൈതാനത്തുനിന്നായിരുന്നു മാനുവലിന്റെ തുടക്കം. ആദ്യകാലത്ത് ഫുട്ബോളും ഹോക്കിയും കളിച്ചു. പട്ടാളക്കാരുടെ കൂടെ ഹോക്കി കളിക്കുന്ന പയ്യന്റെ മികവുകണ്ട് ആർമി റിക്രൂട്ടിംഗ് ഓഫീസറായ ഡോ. കെ.പി. ലക്ഷ്മണനാണ് ആർമി സപ്ലൈ കോറിൽ എത്തിച്ചത്. അപ്പോൾ വയസ് 14. പിന്നീട് വർഷങ്ങളോളം പട്ടാള ടീമുകളുടെ വിജയശില്പിയും രാജ്യത്തിന്റെ അഭിമാനവുമായി മാനുവൽ മാറിയത് ചരിത്രം.
റഫ് ആൻഡ് ടഫ് ആണെങ്കിലും ഹോക്കി ഒരു ഷോ ഗെയിമാണെന്ന് മാനുവൽ പറയും. “ ഞാൻ കളിക്കളത്തിൽ പല ആക്ടിംഗുകളും നടത്തി കൈയടി നേടിയിട്ടുണ്ട്. ഗോൾകീപ്പറുടെ ടെക്നിക്കുകൊണ്ട് കളി ജയിക്കാം. അതെനിക്കു കിട്ടിയ ദൈവദാനമാണ്. പക്ഷപാതിത്വം ഇല്ലായിരുന്നുവെങ്കിൽ എത്രയോ തവണ എനിക്ക് ഇന്ത്യൻ ടീമിൽ കളിക്കാമായിരുന്നു’’- ഒരിക്കൽ മാനുവൽ പറഞ്ഞു.
16 ദേശീയ ചാന്പ്യൻഷിപ്പുകൾ ടൈബ്രേക്കറിലൂടെ ജയിപ്പിച്ചിട്ടുണ്ട് മാനുവൽ ഫ്രെഡറിക്. കളിക്കളം അദ്ദേഹത്തിന് ഒരുപാട് വിളിപ്പേരുകളും നൽകി. മുംബൈയിലെ ആരാധകർ വിളിച്ചിരുന്ന ‘ടൈഗർ’ എന്ന പേരാണ് ഏറ്റവും ജനപ്രിയമായത്. മോഹൻബഗാന് ബെയ്റ്റൻ കപ്പ് നേടിക്കൊടുത്തപ്പോൾ കോൽക്കത്തക്കാർക്ക് ‘ദാദ’യായി. ചിലർ ‘വൻമതിൽ’ എന്നുവിളിച്ചു. വേറെ ചിലർ 1950കളിൽ ഇന്ത്യയുടെ ഗോൾകീപ്പറായിരുന്ന രംഗനാഥൻ ഫ്രാൻസിസിന്റെ പിൻഗാമിയായി കരുതി ‘ഫ്രാൻസിസ് രണ്ടാമൻ’ എന്ന് പേരിട്ടു.
ഒളിന്പിക്സിൽ വർഷങ്ങളോളം ഒരു മലയാളിക്കും അവകാശപ്പെടാനില്ലാത്ത മെഡൽത്തിളക്കത്തിന് ഉടമയായിട്ടും മാനുവലിന്റെ ജീവിതം അലച്ചിലിന്റേതായിരുന്നു. വെങ്കലം നേടിയ ഒളിന്പിക്സ് ടീമിലുണ്ടായിരുന്ന 15 പേരിൽ എട്ടു പേർക്ക് രാജ്യം അർജുന അവാർഡ് നൽകിയപ്പോഴും മാനുവലിനെ തഴഞ്ഞു. മാനുവൽ പരിശീലിപ്പിച്ചവരും പിന്നീട് അർജുന സ്വന്തമാക്കി.
ഒന്പതാം തവണ അപേക്ഷിച്ചപ്പോഴാണു ധ്യാൻചന്ദ് അവാർഡ് എങ്കിലും നൽകാൻ തയാറായത്. സൈന്യത്തിലും പ്രമോഷൻ ലഭിച്ചില്ല. ഒളിന്പിക്സ് മെഡലുമായി ജന്മനാട്ടിൽ എത്തിയപ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത വീട് യാഥാർഥ്യമായത് 47-ാം വർഷമായിരുന്നു. കണ്ണൂർ പള്ളിയാംമൂലയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം 2019 ജൂൺ 29നായിരുന്നു. 24-ാം വയസിൽ ഒളിന്പിക്സ് മെഡൽ നേടിയ പ്രതിഭയ്ക്കു നൽകിയ വാഗ്ദാനത്തിന്റെ കടംവീട്ടിയപ്പോൾ വയസ് 70..!
സിജി ഉലഹന്നാൻ

