വീണ്ടും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്! പക്ഷേ വീണ്ടും മത്സരിക്കാന്‍ അനുവദിക്കാത്തത് സ്വന്തം ശരീരമാണ്; ആഗ്രഹങ്ങള്‍ക്ക് അറുതി വേണമെന്ന് അപ്പന്‍ പഠിപ്പിച്ചിട്ടുമുണ്ട്; നിലപാട് വ്യക്തമാക്കി ഇന്നസെന്റ്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. വീണ്ടും മത്സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് എന്റെ ശരീരമാണ്. അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും അതുകൊണ്ട് മതിയാക്കി എന്നും ഇന്നസെന്റ് വ്യക്തമാക്കി.

സിപിഐഎം നേതാക്കള്‍ വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. മത്സരിക്കുന്നു എന്നു പറഞ്ഞാല്‍ വീണ്ടും എല്‍ഡിഎഫ് എന്നെ മത്സരിപ്പിച്ചേക്കും. എന്നാല്‍ താന്‍ ഇനി മത്സരിക്കുന്നില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ പലരെയും താങ്ങിപ്പിടിച്ചും കൈപിടിച്ചുമാണു കൊണ്ടുവന്നു സീറ്റിലിരുത്തുന്നത്. ഇതു കാണുമ്പോള്‍ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്, സുഖമായി വീട്ടിലിരുന്നുകൂടെ എന്ന്. അവിടെ ഇരുന്നുറങ്ങുന്നതാണു പലര്‍ക്കും സുഖമെന്നും ഇന്നസെന്റ് പറയുന്നു.

പലരും പുറത്തുപറയുന്നതു യുവതലമുറയ്ക്കുവേണ്ടി വഴിമാറും മാറും എന്നാണ്. വഴിയില്‍ കുറുകെ നിന്നുകൊണ്ടു വഴിമാറുമെന്നു പറഞ്ഞിട്ടെന്തു കാര്യം. കമ്മ്യൂണിസ്റ്റുകാരനായ എന്റെ അപ്പന്‍ പഠിപ്പിച്ചത് ആഗ്രഹങ്ങള്‍ക്ക് അറുതിവേണം എന്നാണ്. അവസാനംവരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണെന്നും ഇന്നസെന്റ് പറയുന്നു. അതുകൊണ്ടെല്ലാമാണ് കസേര രോഗം ബാധിക്കുന്നതിന് മുമ്പു തന്നെ ഇറങ്ങുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഇന്നസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

Related posts