ഋഷി
ദൈവവും കൂട്ടരും പൊട്ടിച്ചിരിക്കുകയാണ്.. ഇന്നസെന്റ് പറയുന്ന തമാശകൾ കേട്ട്. കൂട്ടിന് കലാഭവൻ മണിയും, കൽപ്പനയും, സുബിയും, മാള അരവിന്ദനും, കൊച്ചിൻ ഹനീഫയും ഒക്കെയുണ്ട് ..
മണിയേ.. ഇവിടെയും നമുക്കൊരു അമ്മ സംഘടന ഉണ്ടാക്കാലോ.. ഞാൻ പ്രസിഡന്റ് ആയിക്കോളാം – ചിരിയുടെ മാലപ്പടക്കം പൊട്ടുന്നതിനിടെ കലാഭവൻ മണിയോട് സ്വകാര്യമായി ഇന്നസെന്റ് ചോദിക്കുന്നു.
പിന്നെന്താ ഞാൻ ഉണ്ടാവും മുമ്പില്‍ എന്ന് മണി ഉത്തരം കൊടുത്തപ്പോൾ വേണ്ട നീ മുമ്പിൽ നിൽക്കണ്ട എന്റെ പിന്നിൽ നിന്നാൽ മതി എന്ന് ഇന്നസെന്റ് വക ഉപദേശം.
ഇവിടെ പിന്നെ ആർക്കും ടെൻഷൻ ഇല്ലാത്തതുകൊണ്ട് പെൻഷൻ കൊടുക്കേണ്ട ആവശ്യമില്ല – കൊച്ചിൻ ഹനീഫ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇങ്ങോർക്ക് വേറെ ഒരു പണിയുമില്ലേ സംഘടനാ പ്രവർത്തനം അതും സ്വർഗത്തില്‍ – കെപിഎസി ലളിത കലിപ്പിലാണ്.
നീ ഇവിടത്തെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയിക്കോ, പ്രശ്നം തീർന്നില്ലേ – ഇന്നസെന്റിന്റെ മറുപടി.
ഇവിടെയും നമുക്കൊരു അമ്മ ഷോ നടത്തണം. സ്വർഗവാതിൽ തുറന്ന് അമ്മ ഷോ എന്ന് പേരിടാം; കൽപ്പനയും സുബിയും ചേർന്നു പറഞ്ഞു.
അപ്പോഴാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അങ്ങോട്ട് വന്നത്. ഇന്നസെന്റിനെ കണ്ടയുടൻ ഒടുവിലാന്റെ പതിവ് ശൈലിയിൽ ഒരു ചോദ്യം – ഒടുവിൽ എത്തിയല്ലേ…
ഉരുളക്കുപ്പേരി പോലെ ഇന്നസെന്റ് മറുപടി കൊടുത്തു – ഒടുവിൽ ആദ്യമെത്തി.. ഒടുവിൽ ഞാനുമെത്തി.. രണ്ടുപേരും കെട്ടിപ്പിടിച്ച് പൊട്ടി ചിരിച്ചു.
ബഹദൂർക്കായും ഭാസി അണ്ണനും പപ്പു ചേട്ടനും ആലുംമൂടൻ ചേട്ടനും ജോസ് പല്ലിശ്ശേരി ചേട്ടനുമൊക്കെ അകത്തുണ്ട്.. സുകുമാരി വന്ന് ഇന്നസെന്റിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി..
നടന്നു നീങ്ങുന്നതിനിടെ പലരും വന്നു കൈപിടിച്ച് വിശേഷങ്ങൾ തിരക്കി.. അതിൽ ജയനുണ്ടായിരുന്നു, നസീർ സാർ ഉണ്ടായിരുന്നു, നെടുമുടിവേണുവും ശ്രീവിദ്യയും ഭരതനും പത്മരാജനും ലോഹിതദാസും ഒക്കെ ഉണ്ടായിരുന്നു.
പോയിട്ട് എല്ലാവരെയും ഒന്ന് കണ്ടിട്ട് വരൂ എന്നിട്ട് നമുക്ക് കൂടാം – നെടുമുടി വേണു തന്റെ സ്ഥിരം ശൈലിയിൽ ഇന്നസെന്റിനോടായി പറഞ്ഞു.
അങ്ങനെ നടക്കുന്നതിനിടെ ഉറക്കെ ഒരു വിളി എടാ കിട്ടുണ്ണി.. നോക്കിയപ്പോൾ സാക്ഷാൽ തിലകൻ ചേട്ടൻ… ഓടി ചെന്ന് കെട്ടിപിടിച്ചു. വിശക്കുന്നുണ്ടോ കിട്ടുണ്ണി – ജഡ്ജിയുടെ മുഴങ്ങുന്ന ശബ്ദത്തിൽ തിലകൻ ചേട്ടന്റെ ചോദ്യം.. എനിക്ക് വിശക്കുണു… കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ ഇന്നസെന്റ് മറുപടി പറഞ്ഞു. സ്വർഗത്തിൽ കൂട്ടച്ചിരി വിടർന്നു..