അന്വേഷണം സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് കടന്നതോടെ ഒട്ടുമിക്ക സിനിമാക്കാരുടെയും ഉറക്കംപോയെന്ന് വിവരം; വിദേശത്തു നിന്നും എന്‍ആര്‍ഐ അക്കൗണ്ട് വഴി പണം കൈപ്പറ്റുന്നവരില്‍ സൂപ്പര്‍സ്റ്റാറുകളും പ്രമുഖപാട്ടുകാരും വരെ…

dileepകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ വെളിയില്‍ വന്നത് ക്വട്ടേഷന്‍ ഗൂഢാലോചന മാത്രമല്ല, ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാണ്. ഇപ്പോഴുണ്ടായ വീഴ്ച്ചയോടെ മലയാള സിനിമയിലെ ഡോണ്‍ ആയി വിലസിയ നടന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. കണ്ണു ചിമ്മുന്ന നേരം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിക്കാന്‍ ദിലീപ് നടത്തിയ തരികിട പരിപാടികളുടെ വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ദുബായിലുള്ള അധോലോക സംഘവുമായും താരത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ വരെ ആരോപണങ്ങള്‍. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചതോടെ ഉറക്കം പോയത് മലയാള സിനിമയിലെ മറ്റു സൂപ്പര്‍സ്റ്റാറുകള്‍ക്ക് കൂടിയാണ്. വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്‌റ്റേറ്റില്‍ പണം മുടക്കിയവരും അടക്കമുള്ളവരും ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.

ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ തെളിവു ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെയും നീക്കങ്ങളും നിരീക്ഷിച്ചു വരുന്നു. മലയാള സിനിമകള്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നേടുന്നതിനുള്ള ഓവര്‍സീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാര്‍ക്കു ലഭിക്കുന്ന പതിവാണു നിലനില്‍ക്കുന്നത്. ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. തുകയില്‍ കുറെ ഭാഗം നികുതി വെട്ടിക്കാന്‍ കുഴല്‍പണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന.

കുറ്റം ബോധ്യപ്പെട്ടാല്‍ ഫൊറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കാനാണു നീക്കം. ഇതിനുള്ള തെളിവെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നേറുന്നത്. കേരളാ പൊലീസ് െ്രെകംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ലഭ്യമായ രേഖകള്‍ പരിശോധിച്ചു തുടങ്ങി. വിദേശ ഷോകളില്‍ പതിവായി പങ്കെടുക്കുന്ന ഗായിക അടക്കം എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെമ നിയമപ്രകാരം അന്വേഷണം പുരോഗമിച്ചാല്‍ മലയാളത്തിലെ പല പ്രമുഖരുടെയും തലകള്‍ ഉരുളുമെന്ന് ഉറപ്പ്.

നേരത്തെ മലയാള സിനിമയിലും ദാവൂദിന്റെ ‘ഡി കമ്പനിയുടെ’ സജീവ ഇടപെടലെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തില്‍ സൂചന നല്‍കിയിരുന്നു. മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തലുണ്ടായിരുന്നു.  ദാവൂദിന്റെ സഹായി ഗുല്‍ഷനാണ് ഇത്തരം ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഓരോ താരങ്ങള്‍ക്കും പറഞ്ഞുറപ്പിക്കുന്ന തുക ഗുല്‍ഷന്‍ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എന്‍ ആര്‍ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പന്‍ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു നടന്‍ വലയിലായെങ്കിലും ആരും ഇത് കാര്യമായെടുത്തില്ല. ഇതും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകള്‍ നിര്‍മ്മിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും. മൂന്നു കോടി വരെയാണ് ദിലീപ് ഒരു പടത്തിനു വാങ്ങുന്നത്, അതും രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മാത്രവും. അപ്പോള്‍ ആസ്തിയെങ്ങനെ 800 കോടിയിലെത്തി എന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 800 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചത് ഈ സാഹചര്യത്താലാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി തന്നെ ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയാറാക്കി.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനിടയില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതോടെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. താരസംഘടനയടക്കം മൂന്നാലുവര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണ്. ബോളിവുഡില്‍ ഹവാലയിടപാടുകളും മറ്റും നടന്നതിന്റെ പകര്‍പ്പാണ് മലയാളത്തിലുമെന്ന വിലയിരുത്തലിലാണിവര്‍. ദുബായിയിലും മറ്റും നടന്ന കലായാത്രകളുടെ സമയത്താണ് അനധികൃത ഇടപാടുകളുടെ തുടക്കം. ഇത്തരത്തില്‍ ലഭിച്ച പണം ആദ്യം സംഘടനയ്ക്കുവേണ്ടി സിനിമ നിര്‍മ്മിക്കാനുപയോഗിച്ചു. തുടര്‍ന്നും ഇത്തരത്തില്‍ സിനിമകളുണ്ടാകുമെന്ന് പറഞ്ഞിരുന്നതെങ്കിലും ഒന്നും നടക്കാതിരുന്നതും അന്വേഷണവിഷയമാണ്. എന്തായാലും സാമ്പത്തിക തിരിമറി കാര്യമായന്വേഷിക്കുകയാണെങ്കില്‍ പല സ്രാവുകളും കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന വ്യക്തമായ സൂചന തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Related posts